ഈസ്റ്റർ സായാഹ്നത്തിൽ മലേഷ്യയിൽ രണ്ടായിരം ആളുകൾ കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മലേഷ്യയിലെ ക്വാലാലംപൂർ അതിരൂപത, മലാക്ക-ജോഹൂർ രൂപത, പെനാങ് രൂപത, മലേഷ്യയുടെ വിവിധ ഉപദ്വീപുകളിൽ നിന്നുമുളള ഏകദേശം രണ്ടായിരത്തോളം വിശ്വാസികൾ ഏപ്രിൽ മാസം പത്തൊൻപതാം തീയതി സായാഹ്നത്തിൽ നടക്കുന്ന പുനരുത്ഥാനശുശ്രൂഷാവേളയിൽ മാമോദീസ സ്വീകരിക്കുകയും, കത്തോലിക്കാ വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രാദേശിക സഭയുടെ വക്താക്കൾ ഫീദെസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. മലേഷ്യയുടെ ഉപദ്വീപിൽ 1,047 ആളുകളാണ് മാമോദീസ സ്വീകരിക്കുന്നതിനായി ആത്മീയമായി തയ്യാറെടുക്കുന്നത്.
ക്വാലാലംപൂർ അതിരൂപതയിൽ 549 ആളുകളാണ് ജ്ഞാനസ്നാനം സ്വീകരിക്കുന്നത്. ഇവർക്കുവേണ്ടിയുള്ള ഒരുക്കശുശ്രൂഷകൾ തിരുക്കുടുംബ ദേവാലയത്തിൽ വച്ച്, ആർച്ചുബിഷപ്പ് ജൂലിയൻ ലെയോവിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. "ജൂബിലി വേളയിൽ പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ വിളിക്കപ്പെടുന്ന വേളയിൽ നാമെല്ലാവരും തന്റെ ജനതയുടെ ഭാഗമാകുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ ആണെന്ന്", ആർച്ചുബിഷപ്പ് ഓർമ്മപ്പെടുത്തി.
മലാക്ക-ജോഹൂർ രൂപതയിലെ 17 ഇടവകകളിൽ നിന്നുള്ള 281-ലധികം ആളുകളാണ് മാമോദീസ സ്വീകരിക്കുന്നത്. ഇവരെ സ്വാഗതം ചെയ്തുകൊണ്ട് ബിഷപ്പ് ബെർണാഡ് പോൾ സംസാരിച്ചു. "ദൈവത്തിന്റെ സ്വപ്നം, നാം അവനിൽ ഒന്നായിരിക്കുക എന്നതാണ്, ഒരു ജനമെന്ന നിലയിൽ നാം അവനിൽ ഒന്നായിരിക്കുക എന്നതാണ്", ബിഷപ്പ് സന്ദേശത്തിൽ പറഞ്ഞു.
മലേഷ്യയുടെ ദ്വീപുപ്രദേശമായ മലേഷ്യൻ ബോർണിയോയിൽ, കോട്ട കിനബാലു അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 1,125 വിശ്വാസികളാണ് ഈസ്റ്റർ സായാഹ്നത്തിൽ ജ്ഞാനസ്നാനം സ്വീകരിക്കുന്നത്. ആർച്ച് ബിഷപ്പ് ജോൺ വോങ് കത്തോലിക്കാ സഭയിൽ ചേരാനുള്ള അവരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും, അവർക്കുവേണ്ടി തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകുകയും ചെയ്തു.
പ്രാരംഭകൂദാശകളായ, ജ്ഞാനസ്നാനം, വിശുദ്ധ കുർബാന, സ്ഥൈര്യലേപനം എന്നിവ ഒരുമിച്ചാണ് ഈ വിശ്വാസികൾ സ്വീകരിക്കുന്നത്. കത്തോലിക്കാ സഭയുടെ ഈ ലോകത്തിലെ സാക്ഷ്യത്തിനു മലേഷ്യൻ വിശ്വാസിസമൂഹം വലിയ മാതൃകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: