മാമ്മോദീസാ മാമ്മോദീസാ 

സിംഗപ്പൂരിൽ ആയിരത്തോളം മുതിർന്നവർ മാമ്മോദീസാ സ്വീകരിക്കും!

കത്തോലിക്കാവിശ്വാസം സ്വീകരിക്കാൻ ഒരുങ്ങുന്ന 966 പേർ സിംഗപ്പൂരിൽ ഉത്ഥാനത്തിരുന്നാൾ നിശാതിരുക്കർമ്മ വേളയിൽ സ്നാനമേല്ക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സിംഗപ്പൂരിൽ 966 മുതിർന്ന ക്രൈസ്താവർത്ഥികൾ ജ്ഞാസസ്നാനം സ്വീകരിക്കും.

സിംഗപ്പൂരിലെ തൊആ പയൊഹ് എന്ന സ്ഥലത്തുള്ള ഉത്ഥിതനായ ക്രിസ്തുവിൻറെ നാമത്തിലുള്ള ദേവാലയത്തിൽ ഉയിർപ്പുതിരുന്നാൾ രാത്രിതിരുക്കർമ്മ വേളയിലായിരിക്കും ഇവർ മാമ്മോദീസാ സ്വീകരിക്കുക. കൂടാതെ മുതിർന്നവരായ 172 പേർ ക്രിസ്തുവിശ്വാസം ആശ്ലേഷിച്ച് സ്നാപ്പെടുന്നതിനായുള്ള പരിശീലന ഘട്ടമായ “കാറ്റക്കുമേനേറ്റ്” (Catechumenate) ആരംഭിക്കുകയും ചെയ്യും.

നവസ്നാനിതർ, എല്ലായ്പ്പോഴും, കത്തോലിക്കാസമൂഹത്തിന് ദാനമാണെന്നും കർത്താവ്  ഹൃദയങ്ങളിൽ നിഗൂഢ വഴികളിലൂടെ പ്രവർത്തിക്കുന്നു എന്നതിൻറെ അടയാളമാണെന്നും മാമ്മോദിസാ സ്വീകരിക്കാൻപോകുന്ന 966 പേരിൽ ഒരാളായ 42 വയസ്സുകാരിയായ ക്വീനീ എൻജി സാക്ഷ്യപ്പെടുത്തി. തനിക്കു 20 വയസ്സു പ്രായമുള്ളപ്പോഴാണ് താൻ ക്രിസ്തുവിനെക്കുറിച്ച് ആദ്യമായി കേട്ടതെന്നും തുടർന്ന് പലപ്പോഴായി പ്രൊട്ടസ്റ്റൻറെ സമൂഹങ്ങളിൽ പോകാറുണ്ടായിരുന്നുവെന്നും പീന്നീട് തൊഴിൽ സംബന്ധമായിട്ടാണ് കത്തോലിക്കരുമായി ഇടപഴകാൻ അവസരം ലഭിച്ചതെന്നും അവരുടെ ലാളിത്യത്തിലും മാനവികതയിലും താൻ ആകൃഷ്ടയാകുകയുമായിരുന്നുവെന്നും ക്വീനി വെളിപ്പെടുത്തി.

59 ലക്ഷത്തോളം നിവാസികളുള്ള സിംഗപ്പൂരിൽ കത്തോലിക്കരുടെ സംഖ്യ 4 ലക്ഷത്തോളം മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു. പ്രേഷിതവാർത്താ ഏജൻസിയായ ഫീദെസ് ആണ് ഈ വിവരങ്ങൾ നല്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഏപ്രിൽ 2025, 11:32