പെസഹാവ്യാഴാഴ്ച്ച ഫ്രാൻസിസ് പാപ്പാ തടവുകാരിൽ ഒരാളുടെ കാലുകൾ കഴുകി ചുംബിക്കുന്നു (ഫയൽ ചിത്രം) പെസഹാവ്യാഴാഴ്ച്ച ഫ്രാൻസിസ് പാപ്പാ തടവുകാരിൽ ഒരാളുടെ കാലുകൾ കഴുകി ചുംബിക്കുന്നു (ഫയൽ ചിത്രം)   (Vatican Media)

യേശുവിന്റെ നോട്ടവും, വാക്കുകളും ക്രൈസ്തവജീവിതത്തിൽ ഉൾക്കൊള്ളണം

തിരുഹൃദയഭക്തിയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ അവസാന ചാക്രികലേഖനമായ ദിലെക്സിത്ത് നോസിന്റെ (Dilexit nos) മുപ്പത്തിയൊൻപതു മുതൽ നാല്പത്തിയേഴു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള വിശകലനം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ പാവന സ്മരണയ്ക്കുമുൻപിൽ പ്രാർത്ഥനകളോടെയാണ് ഈ വാരത്തിലെ സഭാദർശനം പരിപാടി നാം ശ്രവിക്കുന്നത്. കാരണം പരിശുദ്ധ പിതാവിന്റെ നാലാമത്തേതും, അവസാനത്തേതുമായ ചാക്രികലേഖനം, ദിലെക്സിത്ത് നോസിനെ കുറിച്ചുള്ള വിചിന്തനങ്ങൾ, യേശുവിന്റെ തിരുഹൃദയഭക്തി എപ്രകാരം തന്റെ ജീവിതത്തെ സ്വാധീനിച്ചു എന്ന അനുഭവങ്ങൾ നമ്മോട് പങ്കുവയ്ക്കുന്നു. മനുഷ്യജീവിതം എപ്രകാരം ഹൃദയാത്മകവും, ഹൃദയോന്മുഖവും ആയിരിക്കണമെന്നുള്ള പരിശുദ്ധ പിതാവിന്റെ സന്ദേശങ്ങളുടെയെല്ലാം, സമന്വയമാണ് ഈ ചാക്രികലേഖനത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്. യേശു നമ്മെ സ്‌നേഹിക്കുന്നുവെന്നുള്ള തലക്കെട്ടു തന്നെ ചാക്രികലേഖനത്തിന്റെ ജീവിതസ്പർശിയായ ഭാവം എടുത്തു കാണിക്കുന്നതാണ്. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയുടെ ആഴമേറിയ അർത്ഥം ഗ്രഹിക്കാൻ വിശ്വാസികളെ സഹായിക്കുന്ന ഒരു വഴികാട്ടിയാണ് ഈ ചാക്രികലേഖനം. തലമുറകളായി വിശുദ്ധരെ പോഷിപ്പിച്ച പുരാതനവും വിലയേറിയതുമായ ഭക്തിയായ തിരുഹൃദയത്തിന്റെ വണക്കത്തിന്റെ പ്രാധാന്യവും, അനുദിന ജീവതത്തിൽ ആവശ്യകമായ ദിവ്യകാരുണ്യ ആരാധനയുടെ അവശ്യകതയും ചാക്രികലേഖനം എടുത്തുപറയുന്നു.

ഉപഭോഗ സംസ്കാരവും, ഉപരിപ്ലവമായ ബന്ധങ്ങളും ഇന്ന് മനുഷ്യ ജീവിതത്തെ ശൂന്യതയിലേക്ക് നയിക്കുമ്പോൾ ഹൃദയത്തിന്റെ പ്രാധാന്യം വീണ്ടെടുക്കുന്നതിനു പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. സാമ്പത്തിക ബന്ധങ്ങൾക്കുമപ്പുറം, സാമൂഹ്യ ബന്ധങ്ങൾ കെട്ടിപ്പടുക്കേണ്ടത് ഇന്നിന്റെ ആവശ്യമെന്ന് പാപ്പാ അടിവരയിടുന്നു. സാമ്പത്തിക പ്രതിസന്ധികളും അനീതികളും, മനുഷ്യജീവിതത്തെ കമ്പോളവത്ക്കരിക്കുന്ന ഒരു അവസ്ഥയെ പാപ്പാ തുറന്നു കാണിക്കുന്നു. ഇവിടെ, പാപ്പാ തുടർച്ചയായി ഹൃദയം എന്താണെന്നു ചൂണ്ടിക്കാണിക്കുന്നു. പ്ളേറ്റോയുടെയും, ഹോമറിന്റെയുമൊക്കെ ദാര്ശനികപാരമ്പര്യത്തെ ഉൾക്കൊണ്ടു തന്നെ, പാപ്പാ പറയുന്നത്, മനുഷ്യന്റെ ആന്തരികതയുടെ മുഴുവൻ തുകയാണ് ഹൃദയം എന്നുള്ളതാണ്. അതായത്, മനുഷ്യജീവന്റെ സമ്പത്താണ് ഹൃദയം. ബൈബിൾപരവും ദൈവശാസ്ത്രപരവുമായ ദർശനത്തിൽ, ഹൃദയം ഇച്ഛയെ പ്രതിനിധീകരിക്കുന്നു, ഈ ഇച്ഛയാകട്ടെ ബുദ്ധിയാൽ ക്രമീകരിക്കപ്പെടുന്നു. അതിനാൽ എല്ലാത്തരം ചിന്തകളുടെയും ഉറവിടമായിരിക്കേണ്ടത്, മനുഷ്യനിൽ ദൈവം നിക്ഷേപിച്ച ഹൃദയത്തിൽ നിന്നുമായിരിക്കണം. ഹൃദയത്തിന്റെ ഈ പ്രത്യേക സ്വഭാവം വിലമതിക്കപ്പെടാതെ വരുമ്പോൾ, ബുദ്ധിക്ക് മാത്രം നൽകാൻ കഴിയാത്ത ഉത്തരങ്ങൾ നമുക്ക് നഷ്ടപ്പെടുന്നു. ഇവിടെയാണ് വിശ്വാസത്തിനെതിരായ സമസ്യകൾ പ്രചരിക്കപ്പെടുന്നതും, പ്രചരിപ്പിക്കുന്നതും. അതിനാൽ ഹൃദയമാണ് ആത്മീയ ജീവിതത്തിന്റെ തത്വം.

ദൈവത്തിനും മനുഷ്യനും ഇടയിൽ വർത്തിക്കുന്ന പാലമായി ഹൃദയം ജീവിതത്തിൽ നിലനിൽക്കുന്നു. ഈ ഹൃദയം തന്നെയാണ്, ഫ്രാൻസിസ് പാപ്പാ പലപ്പോഴും പറയാറുള്ള പ്രേഷിത പ്രവർത്തനങ്ങളുടെ ഊർജ്ജകേന്ദ്രവും. ക്രിസ്തുവിന്റെ ഹൃദയവുമായി ഒരാളുടെ ഹൃദയത്തെ ഒന്നിപ്പിക്കാനുള്ള ആഹ്വാനമാണ് തിരുഹൃദയഭക്തിയിലൂടെ പാപ്പാ നൽകുന്നത്. യേശുവിന്റെ ഹൃദയത്തിന്റെ മനോഭാവങ്ങളായ സ്നേഹം, കാരുണ്യം, വിനയം എന്നിവ നമ്മുടെ ക്രൈസ്തവ ജീവിതത്തിൽ ഉൾക്കൊണ്ടുകൊണ്ട്, കൂടുതൽ ആർദ്രതയുള്ള ഒരു ലോകം കെട്ടിപ്പടുക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്വവും പാപ്പാ ഓർമ്മിപ്പിക്കുന്നു. ക്രൈസ്തവനായി ജീവിക്കുന്നതുകൊണ്ട്, നമ്മിൽ ഉണ്ടാകേണ്ട വ്യതിരിക്തമായ ജീവിത ശൈലി പാപ്പാ ചൂണ്ടിക്കാണിക്കുന്നു.  ഇതിനെ ‘ഒഴുക്കിനെതിരെയുള്ള നീന്തൽ’ എന്നൊക്കെ പല അവസരങ്ങളിൽ പാപ്പാ വിശേഷണം നൽകി ഉദ്ബോധിപ്പിച്ചിട്ടുണ്ട്.

ഇപ്രകാരം ജീവിതത്തിൽ ഹൃദയത്തിന്റെ ആർദ്രഭാവം, ക്രൈസ്തവീകതയുടെ മാധുര്യം ചാലിച്ചുകൊണ്ട്, സമൂഹത്തിൽ പ്രകടിപ്പിക്കേണ്ടുന്ന രണ്ടു വശങ്ങളാണ് ഇന്നത്തെ സഭാദർശനം പരിപാടിയിൽ നാം കൂടുതൽ ആഴത്തിൽ മനസിലാക്കുന്നത്.  യേശു തന്റെ ജീവിതകാലത്ത്, മനുഷ്യനെ തന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് സ്വീകരിച്ചത് വെറും ഭംഗി വാക്കുകൾ കൊണ്ടോ, ഉപരിപ്ലവമായതും, അയാഥാർഥ്യമായതുമായ ജീവിത ചര്യ കൊണ്ടുമല്ല, മറിച്ച് ഫ്രാൻസിസ് പാപ്പാ എടുത്തു കാണിക്കുന്ന രണ്ടു ദൈവീക ഭാവങ്ങൾ; ഒന്ന് യേശുവിന്റെ ദൃഷ്ടിയും, രണ്ടു യേശുവിന്റെ വചസുകളുമാണ്. ചാക്രികലേഖനത്തിന്റെ മുപ്പത്തിയൊൻപതു മുതൽ നാല്പത്തിയേഴു വരെയുള്ള ഖണ്ഡികകളിലാണ് ഫ്രാൻസിസ് പാപ്പാ ഈ രണ്ടു ഭാവങ്ങളെ വിശദീകരിക്കുന്നത്.

യേശുവിന്റെ നോട്ടം മറ്റെന്തിനെയും അതിശയിപ്പിക്കുന്നു

യേശുവിന്റെ സ്നേഹം ഏറ്റവും കൂടുതൽ ജനങ്ങൾ അനുഭവിച്ചിരുന്നത് , പരസ്പരമുള്ള വാക്മയമായ സംഭാഷങ്ങളിലൂടെയായിരുന്നില്ല, മറിച്ച് അത് ഹൃദയങ്ങൾ തൊടുന്ന നോട്ടത്തിലൂടെയായിരുന്നു. ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രികലേഖനത്തിലൂടെ നമുക്ക് നൽകുന്ന ക്ഷണം ഇതാണ്, യേശുവിന്റെ നോട്ടം നമ്മിൽ പതിയുന്നതിനായി നമ്മെ തന്നെ വിട്ടുകൊടുക്കുക. യേശു തന്റെ ദൗത്യം ഒരാളെ ഭരമേല്പിക്കുമ്പോൾ, അവന്റെ മേൽ പതിയുന്ന ദൃഷ്ടിയാണ്, ദൗത്യം നിറവേറ്റുന്നതിനായി അവനെ പ്രാപ്തനാക്കുന്നത്. നമ്മുടെ അസ്‌തിത്വത്തിന്റ ആഴങ്ങളിലേക്ക് യേശു പ്രവേശിക്കുന്നതിന്റെ ആദ്യപടിയാണ് ഈ ദർശനം. തന്റെ ശിഷ്യന്മാരെ വിളിക്കുന്ന അവസരത്തിലും, മറ്റുള്ളവരുമായുള്ള സംഭാഷണങ്ങളുടെ അവസരത്തിലും, യേശു ഇപ്രകാരം തന്റെ നോട്ടം അവരിൽ പതിപ്പിക്കുവാൻ മറന്നിരുന്നില്ല. തന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കുള്ള ഒരു ക്ഷണമാണ് ഈ നോട്ടത്തിലൂടെ യേശു നൽകിയിരുന്നത്. എന്നാൽ ഇത് വെറുമൊരു കാഴ്ചയല്ല. നമ്മുടെ ദൈനം ദിന ജീവിതത്തിൽ നാം എത്രയോ കാഴ്ചകൾ കാണുന്നു, എന്നാൽ കാണുന്നവയെല്ലാം ഹൃദയത്തിന്റെ അഗാധതയിലേക്ക് കടക്കണമെന്നില്ല. അത് ചിന്തകളായി വളരണം  എന്നുമില്ല. എന്നാൽ, യേശുവിന്റെ നോട്ടം വെറും കാഴ്ച്ചയായിരുന്നില്ല, മറിച്ച് അത് ഒരു ബന്ധത്തിന്റെ ആദ്യപടിയാണ്.

മനുഷ്യന്റെ നേരെയുള്ള യേശുവിന്റെ നോട്ടം,  അവരുടെ ആശങ്കകളിലേക്കും, കഷ്ടപ്പാടുകളിലേക്കും യേശുവിന്റെ ശ്രദ്ധ പതിയുവാൻ കാരണമാകുന്നു. ഇതാണ് യേശുവിനു അനുകമ്പയുടെ തൈലം മനുഷ്യഹൃദയങ്ങളിൽ പകരുന്നതിനു സഹായകരമായത്. അവൻ ജനക്കൂട്ടത്തെ കണ്ടപ്പോൾ, അവർ ക്ഷീണിതരും നിസ്സഹായരുമായിരുന്നു, അതിനാൽ അവൻ അവരോട് അനുകമ്പ തോന്നി" (മത്തായി 9:36).

അതിനാൽ മനുഷ്യജീവിതത്തിൽ നമ്മൾ ഒരിക്കലും അനാഥരാകുന്നില്ല എന്നും, മറിച്ച് നമ്മെ ശ്രദ്ധിക്കുവാൻ നമുക്ക് ഒരു ദൈവമുണ്ടെന്നും നമ്മെ ബോധ്യപ്പെടുത്തുന്നതാണ് യേശുവിന്റെ നോട്ടം. നമ്മൾ എല്ലാവരും യേശുവിന്റെ ദൃഷ്ടിയിൽ പ്രാധാന്യം ഉള്ളവരാണെന്നും ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു. അതിനാൽ യേശു നമ്മെ ശ്രദ്ധിക്കുന്നുണ്ടെന്നും, അതിനാൽ അവനിൽ നിന്നും മറച്ചുകൊണ്ട് നമുക്ക് ഒന്നും ചെയ്യുവാൻ സാധിക്കുകയില്ലെന്നും പാപ്പാ ചാക്രികലേഖനത്തിൽ അടിവരയിട്ടു പറയുന്നു. ഭണ്ഡാരത്തിൽ രണ്ട് ചെറിയ നാണയങ്ങൾ ഇടുന്ന ഒരു ദരിദ്ര വിധവയെ കണ്ടെത്തുന്ന യേശു, നമ്മുടെ ജീവിതത്തിലെ ഏറ്റവും ലഘുവായ കാര്യങ്ങൾ പോലും എത്ര സൂക്ഷ്മതയോടെയാണ് നോക്കുന്നതെന്നുള്ള വസ്തുതയും ഫ്രാൻസിസ് പാപ്പാ എടുത്തു കാണിക്കുന്നു. ഇതെല്ലം യേശു മാനുഷികമായി പഠിച്ചത് തന്റെ മാതാപിതാക്കളിൽ നിന്നുമാണെന്നും പാപ്പാ അടിവരയിടുന്നുണ്ട്. എല്ലാം തന്റെ ഹൃദയത്തിൽ സൂക്ഷിച്ചു ധ്യാനിച്ച പരിശുദ്ധ അമ്മയാണ് യേശുവിന്റെ പ്രഥമ ഗുരു. അതുപോലെ തിരുക്കുടുംബത്തിന്റെ ഓരോ ചെറിയ കാര്യങ്ങളിലും, ദൈവത്തോടുള്ള വിശ്വസ്തത അഭംഗുരം നിലനിർത്തിക്കൊണ്ട് ശ്രദ്ധയോടെ പെരുമാറിയ വിശുദ്ധ യൗസേപ്പും യേശുവിന്റെ  ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

വാക്കുകൾ ഹൃദയോന്മുഖവും ജീവിതഗന്ധിയുമാകണം

യേശുവിന്റെ ആർദ്രതയുടെ മറ്റൊരു ഭാവം നമുക്ക് മനസിലാകുന്നത്, അവന്റെ വാക്കുകളിലൂടെയാണ്. വർഷങ്ങൾക്കു മുൻപുള്ള യേശുവിന്റെ വചനങ്ങൾ എപ്പോഴും സജീവവും കാലികവുമാണ്. ഇത് ആന്തരികമായ ഒരു സംഭാഷണത്തിന് നമ്മെ ഏറെ സഹായിക്കുന്നു. ഈ സംഭാഷണം നടക്കുന്നതോ, യേശുവിന്റെ തിരുഹൃദയത്തിലും. നമുക്ക് ശക്തിയും സമാധാനവും വീണ്ടെടുക്കാൻ കഴിയുന്ന ഇടമാണ് യേശുവിന്റെ തിരുഹൃദയം. അതുകൊണ്ടാണ്, ജീവിത്തിന്റെ ഭാരത്താൽ വലയുന്നവരെ തന്റെ വചസുകൾക്കൊണ്ട്, തന്റെ ഹൃദയത്തിലേക്ക് യേശു ക്ഷണിക്കുന്നത്. "നിങ്ങൾ എന്നിൽ വസിക്കുവിൻ" (യോഹന്നാൻ 15:4) എന്നാണ് യേശു പറയുന്നത്. ആശങ്കകളോടും ഉത്കണ്ഠകളോടും യേശു ഒരിക്കലും  നിസ്സംഗത പുലർത്തിയിരുന്നില്ല. ലാസറിന്റെ മരണത്തിൽ ആന്തരിക സംഘർഷത്തിൽ നിന്ന് ഉടലെടുത്ത ആത്മാർത്ഥമായ യേശുവിന്റെ കണ്ണുനീരും, അവന്റെ ഹൃദയോന്മുഖമായ വാക്കുകൾക്ക് സാക്ഷ്യം നൽകുന്നതാണ്. കുരിശിൽ തറച്ച ക്രിസ്തുവിലാണ് യേശുവിന്റെ സ്നേഹവചസുകളുടെ വാചാലത അതിന്റെ  ഏറ്റവും ഉയർന്ന ആവിഷ്കാരം കണ്ടെത്തുന്നത്. "അവൻ എന്നെ സ്നേഹിച്ചു, എനിക്കുവേണ്ടി തന്നെത്തന്നെ സമർപ്പിച്ചു" (ഗലാ 2:20), എന്നാണ് പൗലോസ് ശ്ലീഹ യേശുവിന്റെ സ്നേഹത്തെ വിശദീകരിക്കുന്നത്.

നമ്മുടെ അനുദിന  ക്രൈസ്തവ ജീവിതത്തിൽ, ഈ രണ്ടു ഭാവങ്ങളെ; നോട്ടവും, വാക്കുകളും എപ്രകാരമാണ് നാം ഉപയോഗിക്കുന്നതെന്നും, നമ്മുടെ സഹോദരങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നതിനു, അവരുടെ മേൽ ശ്രദ്ധ പുലർത്തി അനുകമ്പാർദ്രമായ ഒരു സമീപനം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടോ എന്ന് നാം വിചിന്തനം ചെയ്യണം. ഫ്രാൻസിസ് പാപ്പാ തന്റെ ഇഹലോക വാസം വെടിഞ്ഞുവെങ്കിലും, പാപ്പായുടെ ഈ വാക്കുകൾ, നമ്മുടെ ജീവിതത്തിൽ നമുക്ക് ഉൾക്കൊള്ളാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 മേയ് 2025, 13:04