ഫ്രാൻസിസ് പപ്പാ ഐക്യരാഷ്ട്രസംഘടനയിൽ - ഫയൽ ചിത്രം ഫ്രാൻസിസ് പപ്പാ ഐക്യരാഷ്ട്രസംഘടനയിൽ - ഫയൽ ചിത്രം 

ഐക്യരാഷ്ട്രസഭയെ വിലമതിച്ചിരുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് സംഘടനയേകിയ ഉപചാരത്തിന് നന്ദി പറഞ്ഞ് ആർച്ച്ബിഷപ് കാച്ച

കത്തോലിക്കാസഭാധ്യക്ഷനായിരുന്ന ഫ്രാൻസിസ് പാപ്പായുടെ നിര്യാണത്തിന്റെയും മൃതസംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹത്തിന് ഉപചാരമർപ്പിക്കാനായി ഐക്യരാഷ്ട്രസഭ ഏപ്രിൽ 29-ന് വിളിച്ചുകൂട്ടിയ പ്രത്യേക പ്ലീനറി സമ്മേളനത്തിന് നന്ദി പറഞ്ഞ് വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച. ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യവും സാംഗത്യവും തിരിച്ചറിഞ്ഞാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നതെന്ന് വത്തിക്കാൻ നയതന്ത്രപ്രതിനിധി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആഗോളതലത്തിലുള്ള ചർച്ചകളുമായി തിരക്കിലായിരിക്കുന്നതിനിടയിലും, കത്തോലിക്കാസഭാധ്യക്ഷനും പത്രോസിന്റെ പിൻഗാമിയുമായ ഫ്രാൻസിസ് പാപ്പായ്ക്ക് ഉപചാരമർപ്പിക്കുവാനായും അതുവഴി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് വിചിന്തനം ചെയ്യാനുമായി ഐക്യരാഷ്ട്രസഭ വിളിച്ചുകൂട്ടിയ പ്രത്യേക പ്ലീനറി സമ്മേളനത്തിന് പരിശുദ്ധ സിംഹാസനത്തിന്റെ പേരിൽ നന്ദി പറഞ്ഞ്, ഐക്യരാഷ്ട്രസഭയിലേക്കുളള വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേലേ കാച്ച.

ഫ്രാൻസിസ് പാപ്പായുടെ അനുസ്മരണാർത്ഥം ഐക്യരാഷ്ട്രസഭ ഏപ്രിൽ 29-ന് സമ്മേളനം നടത്തിയതിന്റെ കൂടി പശ്ചാത്തലത്തിൽ, തങ്ങളുടെ പതാകകൾ സഘടനാ പ്രവർത്തന ഓഫീസുകളിൽ പകുതി താഴ്ത്തിക്കെട്ടിയത് ആർച്ച്ബിഷപ് കാച്ച പ്രത്യേകം എടുത്തുപറഞ്ഞു.

ഫ്രാൻസിസ് പാപ്പായുടെ പ്രവർത്തനങ്ങൾ ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലും അതിന്റെ നന്മ വെളിവാക്കി എന്നതിന്റെ പ്രത്യക്ഷമായ അടയാളമാണ് ഐക്യരാഷ്ട്രസഭയിൽ ഈ സമ്മേളനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് വിവിധയാളുകൾ നടത്തിയ പ്രഭാഷണങ്ങളെന്ന് അദ്ദേഹം പ്രസ്താവിച്ചു.

വരും തലമുറകൾക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ഒരു ഭാവി ഉറപ്പാക്കുന്നതിൽ, ഐക്യരാഷ്ട്രസഭയെ കേന്ദ്രമാക്കി ബഹുകക്ഷിബന്ധങ്ങൾ വളർത്തുന്നതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞിരുന്നുവെന്ന് ആർച്ച്ബിഷപ് കാച്ച അനുസ്മരിച്ചു. നവീകരണവും കാലാനുസരണമായ മാറ്റങ്ങളും ആവശ്യമാണെങ്കിലും ഐക്യരാഷ്ട്രസഭ ഒരു അവശ്യഘടകമായി നിലനിൽക്കുന്നുവെന്ന് പാപ്പാ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

2015 സെപ്തംബർ 25-ന് പാപ്പാ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളെ അഭിമുഖീകരിച്ച് സംസാരിച്ചത് അനുസ്മരിച്ച ആർച്ച്ബിഷപ് കാച്ച, അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്നെ ഈയൊരു സംഘടനയെ അദ്ദേഹം എന്തുമാത്രം വിലമതിച്ചിരുന്നുവെന്നതിന്റെ തെളിവാണെന്ന് പ്രസ്താവിച്ചു.

2020-ൽ ഐക്യരഷ്ട്രസഭയുടെ 75-ആം വാർഷികത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി അന്തോണിയോ ഗുത്തേറെസിനെ വത്തിക്കാനിൽ സ്വീകരിക്കുകയും, അനീതികൾക്കും അസമത്വങ്ങൾക്കും, പട്ടിണിക്കും ദാരിദ്ര്യത്തിനും, ജല, ഭക്ഷണ ദൗർലഭ്യങ്ങൾ മൂലം കുട്ടികൾ മരണമടയുന്ന അവസ്ഥയ്ക്കും എതിരെ സംയുക്തമായി പ്രസ്താവന പുറത്തുവിട്ടതും അനുസ്മരിച്ച ആർച്ച്ബിഷപ് കാച്ച അതും പാപ്പാ ഐക്യരാഷ്ട്രസഭയെ എന്തുമാത്രം ഉന്നതമായി കണ്ടിരുന്നുവെന്നത് വ്യക്തമാക്കുന്നുണ്ടെന്ന് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ സമയത്ത് മാനവികതയുടെ വേദനയ്ക്ക് മുന്നിൽ ദൈവത്തിന്റെ മുഖം അവതരിപ്പിച്ചുകൊണ്ട്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലോകത്തിന് മുഴുവനുമായി 2020 മാർച്ച് 20-ന് പാപ്പാ പ്രാർത്ഥിച്ചതും വത്തിക്കാൻ പ്രതിനിധി അനുസ്മരിച്ചു. ആഗോളതലത്തിൽ നിസംഗതയുടേതായ, ആധ്യാത്മിക മഹാമാരി പടരുന്നതിനെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചിരുന്നുവെന്ന് പ്രസ്താവിച്ച ആർച്ച്ബിഷപ് കാച്ച, 2019-ൽ, വലിയ ഇമാം അൽ അസ്ഹാറിനൊപ്പം "ലോകസമാധാനത്തിനും സഹവാസത്തിനുമായുള്ള മാനവികസഹോദര്യത്തെക്കുറിച്ചുള്ള രേഖ" പാപ്പാ ഒപ്പുവച്ചതും തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.

കത്തോലിക്കാസഭ പ്രത്യാശയുടെ തീർത്ഥാടകർ എന്ന പേരിൽ 2025-ലെ ജൂബിലി ആഘോഷിക്കുമ്പോൾ, ഐക്യരാഷ്ട്രസഭ അതിന്റെ സ്ഥാപനത്തിന്റെ എൺപതാം വാർഷികം ആഘോഷിക്കുകയാണെന്നതും വത്തിക്കാൻ പ്രതിനിധി പരാമർശിച്ചു. പാപ്പായെ അനുസ്മരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം, നമുക്ക് പിന്നാലെ വരുന്ന തലമുറയ്ക്കായി മെച്ചപ്പെട്ട ഒരു ലോകം തയ്യാറാക്കുന്നതിനായി പ്രത്യാശയുടെ വിളക്കുമെടുത്ത്, എൺപത് വർഷങ്ങൾക്ക് മുൻപ് ഈയൊരു പ്രസ്ഥാനം ഏതൊരു ലക്ഷ്യത്തോടെയാണോ സ്ഥാപിക്കപ്പെട്ടത്, ആ ഉദ്ദേശത്തെ വീണ്ടും പ്രോജ്ജ്വലിപ്പിക്കുകയാണെന്ന് ആർച്ച്ബിഷപ് കാച്ച പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഏപ്രിൽ 2025, 15:12