എൺപത് വയസ്സ് കവിയാത്ത എല്ലാ കർദ്ദിനാൾമാർക്കും ഇത്തവണത്തെ കോൺക്ലേവിൽ വോട്ടുചെയ്യാനാകും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പായുടെ മരണത്തോടെ ശൂന്യമായ പത്രോസിന്റെ പിൻഗാമിയുടെ സ്ഥാനത്തേക്ക് പുതിയ പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ, എൺപത് വയസ്സ് കവിയാത്ത എല്ലാ കർദ്ദിനാൾമാർക്കും അവകാശമുണ്ടായിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ തീരുമാനമെടുക്കപ്പെട്ടുവെന്ന് കർദ്ദിനാൾ സംഘം ഏപ്രിൽ 30-ന് അറിയിച്ചു.
പാപ്പായെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1996 ഫെബ്രുവരി 22-ന് തയ്യാറാക്കിയ ഊണിവേർസി ദൊമിനിച്ചി ഗ്രേജിസ് എന്ന, അപ്പസ്തോലിക ഭരണഘടനയുടെ 33-ആം ഖണ്ഡികയനുസരിച്ച് കോൺക്ലേവിൽ പങ്കെടുത്ത് വോട്ടുചെയ്യാനുള്ള അവകാശം എൺപത് വയസ്സ് തികയാത്ത 120 കർദ്ദിനാൾമാർക്കാണെന്നിരിക്കെ, തന്റെ പരമാധികാരമുപയോഗിച്ച് അതിലധികം കർദ്ദിനാൾമാരെ സൃഷ്ടിക്കുക വഴി, അത്തരമൊരു സംഖ്യാനിയന്ത്രണത്തിൽനിന്ന് ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾമാർക്ക് ഒഴിവ് നൽകി എന്നുവേണം മനസ്സിലാക്കാനെന്ന് കർദ്ദിനാൾ സംഘം അനുമാനിച്ചതായും, അതനുസരിച്ച് ഈ പ്രായപരിധിയിലുള്ള എല്ലാ കർദിനാൾമാർക്കും വോട്ടവകാശമുണ്ടെന്ന തീരുമാനത്തിലേക്ക് തങ്ങൾ എത്തിയതായും ഏപ്രിൽ 30-ന് പുറത്തുവിട്ട ഒരു അറിയിപ്പിലൂടെ കർദ്ദിനാൾമാർ അറിയിച്ചു.
കർദ്ദിനാൾ ആഞ്ചെലോ ബെച്ചുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കെ അദ്ദേഹത്തിന് വോട്ടു ചെയ്യാനാകുമോ എന്ന സംശയങ്ങൾ തുടരുന്നതിനിടെ, സഭയുടെ നന്മ ആഗ്രഹിച്ചും, കോൺക്ലേവിന്റെ ശാന്തിയും, അതിലെ കൂട്ടായ്മയും ലക്ഷ്യമാക്കിയും കോൺക്ലേവിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം സ്വയം തീരുമാനമെടുത്തുവെന്ന് കർദ്ദിനാൾസംഘം അറിയിച്ചു.
കർദ്ദിനാൾ ബെച്ചു കോൺക്ലേവിൽ പങ്കെടുക്കുന്നില്ലെന്ന തീരുമാനമറിയിച്ചതിൽ കർദ്ദിനാൾ സംഘം അദ്ദേഹത്തിന്റെ പ്രവർത്തിയെ അഭിനന്ദിക്കുകയും, അദ്ദേഹവുമായി ബന്ധപ്പെട്ട വസ്തുതകൾ സംബന്ധിച്ചുള്ള കൃത്യത കണ്ടെത്താനും പുറത്തുകൊണ്ടുവരാനും ബന്ധപ്പെട്ട നീതിന്യായസ്ഥാപനങ്ങൾക്ക് സാധിക്കട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: