വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ മുഖ്യപുരോഹിതനായ കർദ്ദിനാൾ മാവുറൊ ഗമ്പേത്തി, ഫ്രാൻസീസ് പാപ്പായുടെ ആത്മശാന്തിക്കായുള്ള നവനാൾ ദിവ്യപൂജയിൽ നാലാം ദിനത്തിൽ, 29/04/25 വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ മുഖ്യപുരോഹിതനായ കർദ്ദിനാൾ മാവുറൊ ഗമ്പേത്തി, ഫ്രാൻസീസ് പാപ്പായുടെ ആത്മശാന്തിക്കായുള്ള നവനാൾ ദിവ്യപൂജയിൽ നാലാം ദിനത്തിൽ, 29/04/25 

സകലരുടെയും ജീവിതത്തിൽ വേർതിരിക്കപ്പെടലിൻറെ ഒരു വേളയുണ്ട്, കർദ്ദിനാൾ ഗമ്പേത്തി!

ഫ്രാൻസീസ് പാപ്പായ്ക്കു വേണ്ടി നവനാൾ ദിവ്യപൂജ, "നൊവെന്തിയാലി" അർപ്പിക്കപ്പെടുന്ന. നാലാം ദിനത്തിൽ കർദ്ദിനാൾ മാവുറൊ ഗമ്പേത്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബ്ബാന മദ്ധ്യേ അദ്ദേഹം പങ്കുവച്ച സുവിശേഷ ചിന്തകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ മൃതസംസ്കാര ദിവ്യബലി മുതൽ, അതായത്, ഏപ്രിൽ 26 മുതൽ,  തുടർച്ചയായി 9 ദിവസം പാപ്പായുടെ ആത്മശാന്തിക്കായി വിശുദ്ധകുർബ്ബാന അർപ്പിക്കപ്പെടുന്നു. “നൊവെന്തിയാലി” എന്നറിയപ്പെടുന്ന ഈ നവനാൾ ദിവ്യപൂജയുടെ നാലാം ദിനത്തിൽ, ഇരുപത്തിയൊമ്പതാം തീയതി ചൊവ്വാഴ്ച വൈകുന്നേരം വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിക്കപ്പെട്ട വിശുദ്ധകുർബ്ബാനയിൽ, പ്രസ്തുത ബസിലിക്കയിലെ മുഖ്യപുരോഹിതനായ കർദ്ദിനാൾ മാവുറൊ ഗമ്പേത്തിയായിരുന്നു മുഖ്യകാർമ്മികൻ. മത്തായിയുടെ സുവിശേഷം 25,31-46 വരെയുള്ള വാക്യങ്ങൾ, അതായത്, മനുഷ്യപുത്രൻ മഹത്വത്തിൽ എഴുന്നള്ളി വരുന്നതും ശിഷ്ടരെയും ദുഷ്ടരെയും തമ്മിൽ വേർതിരിക്കുന്നതും നന്മ ചെയ്തവർക്ക് സ്വർഗ്ഗരാജ്യവും തിന്മ പ്രവർത്തിച്ചവർക്ക് നരഗാഗ്നിയും പ്രതിഫലമായി നല്കുന്നതുമായ അന്ത്യവിധിയെക്കുറിച്ചുള്ള സുവിശേഷഭാഗം ആയിരുന്നു അദ്ദേഹത്തിൻറെ പരിചിന്തനത്തിന് ആധാരം. കർദ്ദിനാൾ മാവുറൊ തൻറെ സുവിശേഷപ്രഭാഷണത്തിൽ ഇപ്രകാരം പറയുന്നു:

സകലരും മനുഷ്യപുത്രനു മുന്നിൽ

ഈ സുവിശേഷ ഭാഗം സുപരിചിതമാണ്. സാർവ്വത്രിക സ്വഭാവമുള്ള മഹത്തായ ഒരു രംഗം: ലോകമാകുന്ന ഏക വേദിയിൽ ഒരുമിച്ച് ജീവിക്കുന്ന സകല ജനതകളും, ന്യായം വിധിക്കാൻ തൻറെ മഹത്വത്തിൻറെ സിംഹാസനത്തിൽ ഇരിക്കുന്ന മനുഷ്യപുത്രൻറെ മുമ്പാകെ ഒരുമിച്ചുകൂടിയിരിക്കുന്നു. സന്ദേശം വ്യക്തമാണ്: വിശ്വാസികളാകട്ടെ, അവിശ്വാസികളാകട്ടെ, സകലരുടെയും ജീവിതത്തിൽ, വേർതിരിക്കലിൻറെ ഒരു നിമിഷമുണ്ട്: ഒരു സവിശേഷ ഘട്ടത്തിൽ ചിലർ ദൈവത്തിൻറെ അതേ സന്തോഷത്തിൽ പങ്കുചേരാൻ തുടങ്ങുന്നു, മറ്റുള്ളവരാകട്ടെ യഥാർത്ഥ ഏകാന്തതയുടെ അതികഠിനമായ യാതനകൾ അനുഭവിക്കാൻ ആരംഭിക്കുന്നു, കാരണം, ദൈവരാജ്യത്തിൽ നിന്ന് പുറന്തള്ളപ്പെട്ട അവർ അവരുടെ ആത്മാവിൽ തീർത്തും ഒറ്റയ്ക്കാണ്.

വേർതിരിക്കപ്പെടുന്ന വേള

രണ്ട് വിഭാഗങ്ങളെയും വേർതിരിച്ചറിയാൻ നമ്മൾ ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ച് പരാമർശിക്കുന്നു. എന്നിരുന്നാലും, ഗ്രീക്കുഭാഷയിൽ ആട്ടിൻകൂട്ടം, ചെമ്മരിയാട് എന്നൊക്കെ അർത്ഥംവരുന്ന, സ്ത്രീലിംഗ പദമായ പ്രോബത്തയ്‌ക്കൊപ്പം ഏറീഫിയ എന്ന വാക്ക് ഉപയോഗിക്കുന്നു, ഇത് പ്രധാനമായും ആ ഇനത്തിലെ മുട്ടനാടുകളെ ദ്യോതിപ്പിക്കുന്നു. ചെറുത്തുനില്ക്കാത്ത ആടുകൾ, വിശ്വസ്തയും സൗമ്യതയുമുള്ളവയും കുഞ്ഞാടുകളുടെയും ആട്ടിൻകൂട്ടത്തിലെ ഏറ്റവും ദുർബ്ബലമായവയുടെയും കാര്യത്തിൽ കരുതലുള്ളവയുമായ ആടുകൾ, ലോകസൃഷ്ടി മുതൽ അവയ്ക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യത്തിൽ പ്രവേശിക്കുന്നു; സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കോലാടുകൾ, ഇടയനെയും മറ്റ് മൃഗങ്ങളെയും കൊമ്പുകൾ ഉപയോഗിച്ച് വെല്ലുവിളിക്കുന്നു, ആധിപത്യത്തിൻറെ അടയാളമായി മറ്റ് ആടുകളുടെ മേൽ ചാടുന്നു, ഒരു അപകടം വരുമ്പോൾ അവ ബാക്കിയുള്ള അജഗണത്തെക്കുറിച്ചല്ല സ്വന്തംകാര്യത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു, അവ നിത്യാഗ്നിക്ക് വിധിക്കപ്പെട്ടവയാണ്. അപ്പോൾ ഈ ചോദ്യം സ്വാഭാവികമാണ്: വ്യക്തിപരവും സ്ഥാപനപരവുമായ തലത്തിൽ, പൊതുവെ സഭാതലത്തിൽ, ഈ രണ്ട് ശൈലികളിൽ ഏതാണ് നാം മൂർത്തമാക്കിത്തീർക്കുക?

ദൈവരാജ്യത്തിൽ ആയിരിക്കുന്നതിൻറെ മാനദണ്ഡം

അപ്പോൾ, ദൈവരാജ്യത്തിൽ ആയിരിക്കണോ വേണ്ടയോ എന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള വ്യക്തമായ അറിവിനെ ആശ്രയിച്ചല്ല എന്നതു വ്യക്തമാണ്: കർത്താവേ, ഞങ്ങൾ എപ്പോഴാണ് നിന്നെ വിശക്കുന്നവനായി... ദാഹിക്കുന്നവനായി... പരദേശിയായി... നഗ്നനായി കണ്ടത്... രോഗിയായോ കാരാഗൃഹവാസിയായോ കണ്ടത്?

ഇനിയും ഗ്രീക്കിലുള്ള ഭാഗത്തിൽ 'കാണുക' എന്ന ക്രിയയെ മത്തായി ആവിഷ്കരിച്ചിരിക്കുന്നത് “ഓറാവൊ” (òráo) എന്ന പദം ഉപയോഗിച്ചാണ്, അതിൻറെ അർത്ഥം ആഴത്തിൽ കാണുക, ഗ്രഹിക്കുക, മനസ്സിലാക്കുക എന്നാണ്. അതിൻറെ പരാവർത്തനം ഇതാണ്: കർത്താവേ, എപ്പോഴാണ് ഞങ്ങൾ അങ്ങയെ ‘മനസ്സിലാക്കിയത്’, ‘തിരിച്ചറിഞ്ഞത്’, ‘യോഗ്യത നേടിയത്’? വിശ്വാസ പ്രഖ്യാപനമോ, ദൈവശാസ്ത്രപരമായ അറിവോ കൗദാശികാചാരങ്ങളൊ അല്ല, പ്രത്യുത, നമ്മുടെ ഏറ്റവും എളിയ സഹോദരങ്ങളുടെ മാനുഷിക അനുഭവത്തിലുള്ള ഗുണപരവും പരിമാണപരവുമായ ഇടപെടലാണ് ദൈവികാനന്ദത്തിൽ പങ്കാളിത്തം ഉറപ്പുനൽകുന്നത് എന്ന് യേശുവിൻറെ പ്രതികരണം സൂചിപ്പിക്കുന്നു. മനുഷ്യരൂപം നസറായനായ യേശുവിൻറെ രാജകീയതയാണ്, തൻറെ ഭൗമിക ജീവിതത്തിൽ അവിടന്ന് മനുഷ്യ പ്രകൃതിയുടെ എല്ലാ ബലഹീനതകളിലും പങ്കുചേർന്നു. അവിടന്ന് തിരസ്കൃതനാകുകയും പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തു.

മനുഷ്യനിൽ ദൈവത്തെ തിരിച്ചറിയൽ

ആത്യന്തികമായി, സാർവ്വത്രിക അന്ത്യവിധിയുടെ ഉപമ ലോകം നിലകൊള്ളുന്ന രഹസ്യം വെളിപ്പെടുത്തുന്നു: വചനം മാംസം ധരിച്ചു, അതായത് - ഞാൻ ഏലിയ ചിത്തേരിയോയെ ഉദ്ധരിക്കുകയാണ് - "മനുഷ്യനെ തൊടുന്നവൻ ദൈവത്തെ സ്പർശിക്കുകയും മനുഷ്യനെ ബഹുമാനിക്കുന്നവൻ ദൈവത്തെ ബഹുമാനിക്കുകയും മനുഷ്യനെ നിന്ദിക്കുന്നവൻ ദൈവത്തെ നിന്ദിക്കുകയും ചെയ്യുവെന്നവിധം അത്രമാത്രം, മനുഷ്യപ്രകൃതിയുമായി ഐക്യദാർഢ്യത്തിലായിരിക്കാൻ ദൈവം ആഗ്രഹിച്ചു".

നമ്മുടെ ചെയ്തികളുടെ മൂല്യം

മാനുഷികപ്രവൃത്തികളുടെ പരമമായ മഹത്വത്തെ ഈ ഉപമ വെളിപ്പെടുത്തുന്നു, മനുഷ്യത്വത്തിലെ കാരുണ്യം, ഐക്യദാർഢ്യം, ആർദ്രത, അടുപ്പം എന്നിവയുമായുള്ള ബന്ധത്തിൽ ഇത് നിർവ്വചിക്കപ്പെടുന്നു. ഫ്രാൻസിസ് മാർപാപ്പായോട് വിടപറയാൻ എഡിത്ത് ബ്രൂക്ക് ഉപയോഗിച്ച വരികളിൽ (ഒസ്സെർവത്തോരെ റൊമാനൊ, 23 ഏപ്രിൽ 2025), ഫ്രാൻസീസിൽ അത്തരമൊരു മാനവികതയുടെ കാവ്യാത്മകമായ ആവിഷ്കാരം ഞാൻ കാണുന്നു. എഡിത്ത് ബ്രൂക്ക് പറയുന്നു:

എന്നിൽ ജീവിക്കുന്ന ഒരു മനുഷ്യനെ നമുക്ക് നഷ്ടപ്പെട്ടു.

സ്നേഹിച്ചിരുന്ന, മനസ്സലിഞ്ഞിരുന്ന, കരഞ്ഞിരുന്ന, സമാധാനം പ്രാർത്ഥിച്ചിരുന്ന, ചിരിച്ചിരുന്ന, ചുംബിച്ചിരുന്ന, ആലിംഗനം ചെയ്തിരുന്ന, വികാരഭരിതനായിരുന്ന, ഊഷ്മളത പകർന്നു നൽകിയിരുന്ന ഒരു മനുഷ്യൻ.

എല്ലാ വർണ്ണങ്ങളിലുമുള്ള ആളുകളുടെയും സ്നേഹം അദ്ദേഹത്തിന് നവവീര്യമേകി.

അദ്ദേഹത്തിൻറെ വിപരീതാർത്ഥപ്രയോഗവും നർമ്മബോധവും അദ്ദേഹത്തെ ജ്ഞാനിയാക്കിയിരുന്നു.

അദ്ദേഹത്തിൻറെ മനുഷ്യത്വം സാംക്രമികമായിരുന്നു, അത് കല്ലുകളെ പോലും  അലിയിച്ചിരുന്നു.

സ്വർഗ്ഗത്തിൽ വേരൂന്നിയ ആരോഗ്യകരമായ വിശ്വാസമാണ് അദ്ദേഹത്തെ രോഗങ്ങളിൽ നിന്ന് സൗഖ്യമാക്കിയത്.

ക്രിസ്തീയ മാനവികത

"ക്രിസ്തീയ മാനവികത" സഭയെ സകലരുടെയും ഭവനമാക്കി മാറ്റുന്നു. 2023-ൽ ലിസ്ബണിൽ വച്ച് ഈശോസഭാംഗങ്ങളുമായുള്ള സംഭാഷണത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞ വാക്കുകൾ എത്രത്തോളം കാലോചിതമാണ്: എല്ലാവരും, എല്ലാവരും, എല്ലാവരും സഭയിൽ ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു: ഇത് ഒരിക്കലും മറക്കരുത്!

ദൈവത്തിൻറെ തുറന്ന കാഴ്ചപ്പാട്

അപ്പോസ്തലപ്രവർത്തനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, പത്രോസ് ഇങ്ങനെ വ്യക്തമായി പറഞ്ഞിരുന്നു: ദൈവത്തിന് പക്ഷപാതം ഇല്ലെന്നും  അവിടത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയിൽപ്പെട്ടവനായാലും, അവിടത്തേക്കു സ്വീകാര്യനാണെന്നും ഞാൻ സത്യമായും അറിയുന്നു. (അപ്പോസ്തല പ്രവർത്തനങ്ങൾ 10,34-36) ആദ്യ വായനാ ഭാഗം, പത്രോസും വിജാതീയരായ കൊർണേലിയൂസും കുടുംബവുമായുള്ള കൂടിക്കാഴ്ചയുടെ സമാപനമാണ്, (അപ്പൊസ്തോലപ്രവൃത്തികൾ 10); ആഗോളവൽക്കരിക്കപ്പെട്ടതും ലൗകികവത്കൃതവു, സത്യത്തിനും സ്നേഹത്തിനും വേണ്ടി ദാഹിക്കുന്നതുമായ നമ്മുടേതു പോലുള്ള ഒരു കാലഘട്ടത്തിൽ, പത്രോസിൻറെ മനോഭാവത്തിലൂടെ സുവിശേഷവൽക്കരണത്തിൻറെ വഴി ചൂണ്ടിക്കാണിക്കുന്ന ഒരു സംഭവം:അതായത് സംവരണങ്ങളില്ലാതെ മനുഷ്യവർഗ്ഗത്തോടുള്ള തുറന്ന മനസ്സ്,  മതപരിവർത്തനലക്ഷ്യമില്ലാതെ മറ്റുള്ളവരോടുള്ള നിസ്വാർത്ഥ താല്പര്യം, അനുഭവങ്ങൾ പങ്കുവയ്ക്കൽ, ജീവിതത്തിനും സൃഷ്ടിപരമായ കൃപയ്ക്കും എല്ലാ സ്ത്രീപുരുഷന്മാർക്കും നന്ദി പറയാൻ സഹായിക്കുന്ന തരത്തിലുള്ള ആഴപ്പെടൽ, അത്, ദൈവത്തിനു പ്രീതികരമെന്ന് അവർ കാണുമ്പോൾ - അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് പറയുന്നതുപോലെ (Rnb XVI, 43) - സുവിശേഷ പ്രഖ്യാപനം, അല്ലെങ്കിൽ ചരിത്രത്തിലെ യേശുവിൻറെ ദിവ്യമായ മാനവികതയുടെ ആവിഷ്കാരം, ആളുകളെ ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് വിളിക്കാൻ, സിയെന്നയിലെ വിശുദ്ധ കാതറിൻ പഠിപ്പിക്കുന്നതുപോലെ, മനുഷ്യനോടുള്ള 'സ്നേഹ ഭ്രാന്ത്', ആയി ഭവിക്കും. അപ്പോൾ വിശ്വാസപ്രഖ്യാപനത്തിൻറെയും, ആരോഗ്യകരമായ ദൈവശാസ്ത്രത്തിൻറെയും ആത്മാവിലും ശരീരത്തിലുമുള്ള ജീവിതത്തെ എല്ലാ കൃപകളാലും സമ്പന്നമാക്കുന്ന കൂദാശകളുടെയും പൂർണ്ണ മൂല്യം എല്ലാവർക്കുമായി അനാവരണം ചെയ്യപ്പെടും. ലോകത്തിന് രക്ഷകനെ പ്രദാനം ചെയ്ത കർത്താവിൻറെ എളിയ ദാസിയായ മറിയം, യഥാർത്ഥ ശിഷ്യത്വത്തിൻറെയും പ്രഘോഷണത്തിൻറെയും വഴി നമുക്ക് കാണിച്ചുതരട്ടെ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഏപ്രിൽ 2025, 12:14