വികലാംഗസഹോദരങ്ങൾക്കായുള്ള ജൂബിലി ആഘോഷം റോമിൽ ആരംഭിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സമൂഹത്തിൽ അശരണരായവരെ ചേർത്തു നിർത്തുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ക്രൈസ്തവ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് വികലാംഗരായ സഹോദരങ്ങൾക്ക് വേണ്ടിയുള്ള ജൂബിലി ആഘോഷത്തിന് ഏപ്രിൽ മാസം ഇരുപത്തിയെട്ടാം തീയതി തുടക്കമായി. ഏകദേശം പതിനായിരത്തോളം ശാരീരിക, മാനസിക വൈകല്യങ്ങൾ ഉള്ളവരാണ് ഈ ജൂബിലി ആഘോഷങ്ങളിൽ, സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ പങ്കെടുക്കുന്നത്. അംഗങ്ങളിൽ കുട്ടികളും, യുവജനങ്ങളും, പ്രായമായവരും ഉൾപ്പെടുന്നു.
ഭൂരിഭാഗവും ഇറ്റലിയിൽ നിന്നുമാണെങ്കിലും, അമേരിക്ക, പോളണ്ട്, സ്‌പെയിൻ, മെക്സിക്കോ, കാനഡ, അർജെന്റിന, ബ്രസീൽ, ജർമനി, ഫ്രാൻസ്, പോർച്ചുഗൽ, ക്രൊയേഷ്യ, ഇന്ത്യ, ഇൻഡോനേഷ്യ, കൊളംബിയ, എക്വഡോർ, ഫിലിപ്പൈൻസ്, കോംഗോ, നൈജീരിയ, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളിൽ നിന്നും നിരവധിയാളുകൾ ഈ ജൂബിലി ദിനങ്ങളിൽ സന്നിഹിതരാകും.
ഏപ്രിൽ ഇരുപത്തിയെട്ടാം തീയതി തിങ്കളാഴ്ച്ച രാവിലെ എട്ടുമണിയോടെ നടക്കുന്ന വിശുദ്ധ വാതിൽ പ്രവേശനത്തോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. അതേസമയം വിശുദ്ധ കുമ്പസാരം നടത്തുവാനുള്ള ക്രമീകരണങ്ങൾ സാൻ ജോവാന്നി ബാത്തിസ്ത്ത ദേയി ഫിയോറെന്തിനി ബസിലിക്കയിൽ ചെയ്തിട്ടുണ്ട്. തദവസരത്തിൽ നിശ്ശബ്ദമായുള്ള ദിവ്യകാരുണ്യ ആരാധനയും ദേവാലയത്തിൽ നടക്കും.
ഇരുപത്തിയെട്ടാം തീയതി പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിക്ക് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ വച്ച്, ജൂബിലി കുർബാന നടക്കും. സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനോ ഫിസിക്കേലാ വിശുദ്ധ ബലിക്കു മുഖ്യ കാർമ്മികത്വം വഹിക്കും.
ജൂബിലിയുടെ സമാപന ദിവസമായ ഇരുപത്തിയൊമ്പതാം തീയതി, പ്രാദേശിക സമയം രാവിലെ പതിനൊന്നു മണിക്ക്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, സാക്ഷ്യങ്ങളും, പ്രബോധങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സമ്മേളനം നടക്കും. കാസ്റ്റൽ ആഞ്ചലോയിലെ ഉദ്യാനത്തിൽ വച്ച് ഉച്ചഭക്ഷണത്തിനു ശേഷം, സംഗീത വിരുന്നും മറ്റു ആഘോഷങ്ങളും നടക്കും. തദവസരത്തിൽ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനോ ഫിസിക്കേലാ, ഇറ്റാലിയൻ മന്ത്രിസഭയിലെ, വൈകല്യങ്ങൾ ഉള്ളവർക്കായുള്ള മന്ത്രി അലെസാന്ദ്ര ലോക്കത്തെല്ലി എന്നിവർ പങ്കെടുക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: