കർദ്ദിനാൾ സംഘം - ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടിയുള്ള കുർബാനയിൽനിന്നുള്ള ദൃശ്യം കർദ്ദിനാൾ സംഘം - ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടിയുള്ള കുർബാനയിൽനിന്നുള്ള ദൃശ്യം  (ANSA)

കോൺക്ലേവിനായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് കർദ്ദിനാൾ സംഘത്തിന്റെ സന്ദേശം

സഭാത്മകമായി പ്രധാനപ്പെട്ട ഒരു കാലത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കാനും, ആദ്ധ്യാത്മികവിചിന്തനത്തിന്റെ അടിസ്ഥാനത്തിൽ ദൈവഹിതമനുസരിച്ച് പ്രവർത്തിക്കാനും തങ്ങൾക്കായി സഭയുടെ മുഴുവൻ പ്രാർത്ഥനയുടെ ആവശ്യമുണ്ടെന്ന് കർദ്ദിനാൾ സംഘം. ഫ്രാൻസിസ് പാപ്പായുടെ മരണത്തോടെ, പത്രോസിന്റെ പുതിയ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മെയ് 7 ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് കർദ്ദിനാൾ സംഘം ദൈവജനത്തിന്റെ മുന്നിൽ ഈ അഭ്യർത്ഥന വച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവകൃപയുടെയും, ആദ്ധ്യാത്മിക വിചിന്തനത്തിന്റെയും അവസരമായി കോൺക്ലേവിന്റെ സമയം ജീവിക്കാനും, ദൈവഹിതം ശ്രവിക്കാനും മനസ്സിലാക്കാനും വേണ്ടി തങ്ങൾക്കായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത്‌ കർദ്ദിനാൾ സംഘം. പത്രോസിന്റെ പുതിയ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മെയ് 7 ബുധനാഴ്ച ആരംഭിക്കാനിരിക്കെ ഏപ്രിൽ 30 ബുധനാഴ്ചയാണ് കർദ്ദിനാൾമാരുടെ ഇത്തരമൊരു അഭ്യർത്ഥന പരിശുദ്ധ സിംഹാസനം പുറത്തുവിട്ടത്.

തങ്ങളുടെമേൽ ഏല്പിക്കപ്പെട്ടിരിക്കുന്ന വലിയ ഉത്തരവാദിത്വം തങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ തങ്ങളെ സ്ഥൈര്യപ്പെടുത്താനായി ദൈവജനത്തിന്റെ മുഴുവനും പ്രാർത്ഥനകൾ തങ്ങൾക്ക് ആവശ്യമുണ്ടെന്ന് കർദ്ദിനാൾ സംഘം എഴുതി. ക്രിസ്തുവിന്റെ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളുടെ ഒത്തൊരുമയെ ശക്തിപ്പെടുത്തുന്നത് സഭയിലെ വിശ്വാസികളുടെ പ്രാർത്ഥനയാണ്.

ഈ കാലയളവിന്റെ പ്രാധാന്യത്തിന്റെയും, ആവശ്യങ്ങളുടെയും മുന്നിൽ, പരിശുദ്ധാത്മാവിന്റെ പ്രവർത്തങ്ങൾക്ക് വിധേയരായി, സ്വർഗ്ഗസ്ഥനായ പിതാവിന്റെ അനന്തമായ ജ്ഞാനത്തിന്റെയും പരിപാലനയുടെയും എളിമയുള്ള ഉപകരണങ്ങളായി മാറേണ്ടത് ആവശ്യമാണെന്ന് തങ്ങൾ തിരിച്ചറിയുന്നുവെന്ന് കർദ്ദിനാൾ സംഘം എഴുതി.

യഥാർത്ഥത്തിൽ ദൈവജനത്തിന്റെ ജീവിതത്തെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നും, അവൻ സഭയോട് പറയുന്നത് സ്വീകരിച്ചുകൊണ്ട്, നാം അവനെ ശ്രവിക്കാൻ തയ്യാറാകണമെന്നും (വെളിപാട് 3, 6) വെളിപാട് പുസ്തകത്തെ അധികരിച്ച് കർദ്ദിനാൾ സംഘം ഓർമ്മിപ്പിച്ചു. തങ്ങളുടെ ഈ അഭ്യർത്ഥനയെ പരിശുദ്ധ അമ്മ, തന്റെ മാതൃപരമായ മാദ്ധ്യസ്ഥ്യത്തോടെ പിന്തുണയ്ക്കട്ടെയെന്നും കർദ്ദിനാൾ സംഘം എഴുതി.

മെയ് 7 ബുധനാഴ്ച പുതിയ പാപ്പായെ തിരഞ്ഞെടുക്കാനായുള്ള കോൺക്ലേവ് ആരംഭിക്കുന്നതിന് മുൻപായി കർദ്ദിനാൾ സംഘത്തിന്റെ പൊതുസമ്മേളനങ്ങൾ വത്തിക്കാനിൽ നടന്നുവരികയാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 മേയ് 2025, 15:20