പരിശുദ്ധ സിംഹാസനത്തിന്റെ സഭാത്മക, കാരുണ്യ, സാമ്പത്തിക, ഭരണമേഖലകൾ ചർച്ച ചെയ്‌ത് കർദ്ദിനാൾ സംഘം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പായുടെ നിര്യാണത്തോടെ പത്രോസിന്റെ സിംഹാസനം ഒഴിവായി കിടക്കുന്നതിനാൽ പുതിയ പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്‌ളേവ് മെയ് 7-ന് ആരംഭിക്കാനിരിക്കെ, കർദ്ദിനാൾ സംഘം നടത്തിവരുന്ന സമ്മേളനങ്ങൾ തുടരുന്നുവെന്നും, പരിശുദ്ധ സിംഹാസനത്തിന്റെ സഭാത്മക, കാരുണ്യ, സാമ്പത്തിക, ഭരണമേഖലകൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ വിശകലനം ചെയ്യപ്പെട്ടുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി ഏപ്രിൽ 30-ന് അറിയിച്ചു.
രാവിലെ നടന്ന ചർച്ചകളിൽ, പരിശുദ്ധ സിംഹാസനത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതി സംബന്ധിച്ച വിവരങ്ങൾ, സാമ്പത്തിക ഉപദേശകസമിതിയുടെ സംഘാടകൻ കർദ്ദിനാൾ റെയ്‌നാർഡ് മാർക്സ് വിശദീകരിച്ചു. പാപ്പായുടെ അജപാലന, ശുശ്രൂഷാനിയോഗങ്ങളെ പിന്തുണയ്ക്കുന്ന വിധത്തിൽ സുസ്ഥിരമായ ഒരു വ്യവസ്ഥിതി വളർത്തിയെടുക്കുന്നതിലുള്ള പ്രതിബന്ധങ്ങളും സാധ്യതകളും നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചുവെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.
ധനനിക്ഷേപങ്ങൾ സംബന്ധിച്ചുള്ള കമ്മിറ്റിയുടെ പ്രസിഡന്റ് കർദ്ദിനാൾ കെവിൻ ഫാറൽ, കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും, മതപരമായ പ്രവർത്തനങ്ങൾക്കായുള്ള ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അറിയപ്പെടുന്ന വത്തിക്കാൻ ബാങ്കിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായുള്ള കർദ്ദിനാൾ കമ്മീഷന്റെ പ്രെസിഡന്റ് കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ, നിലവിൽ ബാങ്കിന്റെ സ്ഥിതി സംബന്ധിച്ചുമുള്ള വിവരങ്ങൾ പങ്കുവച്ചു.
വത്തിക്കാൻ ഗവർണറേറ്റ് മുൻ പ്രസിഡന്റ് ആയിരുന്ന കർദ്ദിനാൾ ഫെർണാണ്ടോ വേർഗെസ് അൽസാഗ L.C. ഗവർണറേറ്റിന്റെ പ്രവർത്തനങ്ങൾ, വത്തിക്കാനിൽ നടന്നുവരുന്ന കെട്ടിടനവീകരണപ്രവർത്തനങ്ങൾ, പരിശുദ്ധ സിംഹാസനത്തിന് ഗവർണറേറ്റ് നൽകുന്ന പിന്തുണ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു.
കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അതിന്റെ നാളിതുവരെയുള്ള അദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ കോൺറാഡ് ക്രയേവിസ്കി സംസാരിച്ചു.
സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ, ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിച്ചുകൊണ്ട് കർദ്ദിനാൾ സംഘത്തിന്റെ പേരിലുള്ള കുറിപ്പ് വായിക്കപ്പെട്ടു.
ദൈവജനത്തിന്റെ സഭാത്മകമായ ജീവിതത്തെക്കുറിച്ച്, പ്രത്യേകിച്ച് സഭയിലെയും സമൂഹത്തിലെയും ധ്രുവീകരണപ്രവണതകളുടെയും ഭിന്നതകളുടെയും അടിസ്ഥാനത്തിൽ കർദ്ദിനാൾ സംഘം ചിന്തിക്കുകയും മെത്രാൻസമിതിയോട് ചേർന്നുള്ള സിനഡാത്മകജീവിതശൈലിയുടെ പ്രാധാന്യം എടുത്തുകാട്ടപ്പെടുകയും ചെയ്‌തു.
സഭയിലെ ആധ്യാത്മിക, അജപാലന നവീകരണത്തിന്റെ അടിസ്ഥാനത്തിൽ വൈദിക, സന്ന്യസ്ത ദൈവവിളികളെക്കുറിച്ചും കർദ്ദിനാൾ സംഘം ചർച്ച ചെയ്തു. രണ്ടാം വത്തിക്കാൻ സൂനഹദോസിലെ, ലുമെൻ ജെൻസ്യൂം, ഗൗദിയും എത് സ്‌പേസ് എന്നീ രേഖകൾ പ്രത്യേകം പരാമർശിക്കപ്പെട്ടു.
സുവിശേഷപ്രഘോഷണവും ക്രൈസ്തവജീവിതസാക്ഷ്യവും തമ്മിലുണ്ടാകേണ്ട ബന്ധത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് സുവിശേഷവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തുവെന്ന് വത്തിക്കാൻ അറിയിച്ചു.
ഏപ്രിൽ 30-ന് നടന്ന കർദ്ദിനാൾമാരുടെ ഏഴാമത് പൊതുസമ്മേളനത്തിൽ വോട്ടവകാശമുള്ള 124 കർദ്ദിനാൾമാർ ഉൾപ്പെടെ 181 കർദ്ദിനാൾമാർ സംബന്ധിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: