പ്രതിരോധം സാധ്യമാണ് പ്രതിരോധം സാധ്യമാണ്  (AFP or licensors)

ഓരോ രണ്ടു മിനിട്ടിലും ഒരു സ്ത്രീ വീതം സെർവിക്കൽ കാൻസർ മൂലം മരിക്കുന്നു: യൂണിസെഫ്

ലോകത്താകമാനം രണ്ടു മിനിറ്റിൽ ഒരു സ്ത്രീ വീതം സെർവിക്കൽ കാൻസർ മൂലം മരിക്കുന്നുവെന്ന് യൂണിസെഫ്. ഇത്തരം കാൻസർ ബാധയുടെ 95 ശതമാനവും പാപ്പിലോമാ വൈറസ് മൂലമാണുണ്ടാകുന്നത് സെർവിക്കൽ കാൻസറിനെതിരായ വാക്സിൻ സ്വീകരിക്കുന്നത് വഴി 90 ശതമാനം കാൻസർ സാധ്യതയും ഒഴിവാക്കാനാകുമെന്നും എന്നാൽ 2023-ൽ അഞ്ചിലൊന്ന് പെൺകുട്ടികൾ മാത്രമാണ് ഇത്തരം വൈറസിനെതിരെയുള്ള കുത്തിവയ്പ്പ് സ്വീകരിച്ചതെന്നും കുട്ടികൾക്കായുള്ള ഐക്യരാഷ്ട്രസഭസംഘടന വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്താകമാനം കാൻസർ മൂലമുള്ള മരണവുമായി ബന്ധപ്പെട്ട ഭീതി വളർന്നുവരുന്നതിനിടെ, ഓരോ രണ്ടു മിനിട്ടിലും ഒരു സ്ത്രീയെന്ന നിലയിൽ, സെർവിക്കൽ കാൻസർ മൂലം മരണമടയുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വ്യക്തമാക്കി. ഏപ്രിൽ 30 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ഇത്തരമൊരു ഭീകരാവസ്ഥയെക്കുറിച്ച്, ഏപ്രിൽ 24 മുതൽ 30 വരെ ഗർഭാശയ കാൻസറിനെതിരായുള്ള പ്രതിരോധമരുന്ന് കുട്ടിവയ്പ്പ് യജ്ഞത്തിന്റെ കൂടി പശ്ചാത്തലത്തിൽ യൂണിസെഫ് എഴുതിയത്.

90 ശതമാനത്തോളം സെർവിക്കൽ കാൻസറിനും കാരണമാകുന്നത് പാപ്പിലോമാ വൈറസാണെന്ന് പ്രസ്താവിച്ച ഐക്യരാഷ്ട്രസഭാസംഘടന, എന്നാൽ എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമ വൈറസ്)  എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് 90 ശതമാനം കാൻസർ സാധ്യതയും ഒഴിവാക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കി. ലൈംഗികബന്ധത്തിലൂടെ പകരുന്ന വ്യാധികളിൽ പ്രധാനപ്പെട്ടതാണ് എച്ച്.പി.വി. ഏതാണ്ട് 200 വിവിധ തരം പാപ്പിലോമാ വൈറസുകൾ ഉണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും പ്രത്യേക അടയാളങ്ങൾ കാണിക്കാത്തവയാണെന്നും, എന്നാൽ ഈ വൈറസുകൾ ഉണ്ടാക്കുന്ന മരണങ്ങളിൽ പലതും ഒഴിവാക്കാനാകുന്നവയാണെന്നും യൂണിസെഫ് ഓർമ്മിപ്പിച്ചു. പ്രതിരോധകുത്തിവയ്പ്പാണ് ഇതിലേക്കുള്ള പ്രധാന വഴിയെന്ന് ശിശുക്ഷേമനിധി വിശദീകരിച്ചു.

ഒൻപതിനും പതിനാലിനും ഇടയിലുള്ള പെൺകുട്ടികളെ പ്രധാനലക്ഷ്യമാക്കി ലോകത്ത് പല രാജ്യങ്ങളും എച്ച്.പി.വി. വൈറസിനെതിരെയുള്ള കുത്തിവയ്പ്പ് ലഭ്യമാക്കുന്നുണ്ടങ്കിലും, 2023-ലെ കണക്കുകൾ പ്രകാരം അഞ്ചിലൊന്ന് പെൺകുട്ടികൾ മാത്രമാണ് ഈയൊരു കുത്തിവയ്പ്പ് എടുത്തതെന്ന് യൂണിസെഫ് ആശങ്ക പ്രകടിപ്പിച്ചു. കൂടുതൽ ദാരിദ്ര്യമനുഭവിക്കുന്ന രാജ്യങ്ങളിലുള്ള സ്ത്രീകളും പെൺകുട്ടികളുമാണ് ഈയൊരു ദുരവസ്ഥയ്ക്ക് ഇരകളാകാൻ കൂടുതൽ സാധ്യതയുള്ളതെന്ന് യൂണിസെഫ് അറിയിച്ചു. 2022-ലെ കണക്കുകൾ പ്രകാരം സെർവിക്കൽ കാൻസർ മൂലം മരണമടഞ്ഞതിൽ 90 ശതമാനം പേരും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽനിന്നുളളവരാണ്.

തങ്ങളുടെ സഹകാരികളുടെയും ഉപകാരികളുടെയും സഹായത്തോടെ, സെർവിക്കൽ കാൻസർ വരാതിരിക്കാൻ സഹായിക്കുന്നതിനും, അവ കണ്ടുപിടിക്കുന്നതിനും ആവശ്യമായ ചികിത്സകൾ ലഭ്യമാക്കുന്നതിനും ശ്രമിച്ചുവരികയാണെന്ന് യൂണിസെഫ് അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഏപ്രിൽ 2025, 14:57