കോംഗോയിൽ നിന്നുള്ള കാഴ്ച്ച കോംഗോയിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

കോംഗോയിൽ കുട്ടികളുടെ സ്ഥിതി അതിദയനീയം

ആക്രമണങ്ങൾ വർധിച്ചുവരുന്ന കോംഗോയിൽ കുട്ടികളുടെ ജീവിതം അതീവ പ്രതിസന്ധിയിൽ ആണെന്ന് യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കോംഗോയിൽ വർദ്ധിച്ചുവരുന്ന അക്രമം  ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയിലേക്ക് കുട്ടികളുടെ ജീവിതത്തെ നയിക്കുന്നുവെന്നു യൂണിസെഫ് സംഘടന അറിയിച്ചു. ജനുവരി മുതൽ, ഏകദേശം 400,000 കുട്ടികൾ ഉൾപ്പെടെ 1 ദശലക്ഷത്തിലധികം ആളുകൾ രാജ്യത്തു നിന്നും പലായനം ചെയ്തിട്ടുണ്ട്.  ജനുവരിയിലും  ഫെബ്രുവരിയിലും മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഏകദേശം 10,000 ബലാത്സംഗ, ലൈംഗിക അതിക്രമ കേസുകളിൽ 40 ശതമാനത്തിലധികവും ഇരകളാക്കപ്പെട്ടത് കുട്ടികൾ ആണെന്ന കാര്യവും സംഘടന അറിയിച്ചു.

30 വർഷത്തിനിടയിൽ ഒരിക്കലൂം കണ്ടിട്ടില്ലാത്ത തരത്തിലുള്ള അടിയന്തിരാവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. കുടിയേറ്റ തരംഗം വർദ്ധിക്കുന്നതിനാൽ സാംക്രമിക രോഗങ്ങളും ഏറെ കൂടുകയാണ്. വസൂരി, കോളറ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാധ്യത  തിങ്ങിനിറഞ്ഞതും വൃത്തിഹീനവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും പത്രക്കുറിപ്പിൽ അടിവരയിടുന്നു. അപകടകരമായ എംപോക്സ്‌ വൈറസിന്റെ പൊട്ടിപ്പുറപ്പെടലും ഭയാനകമായ സാഹചര്യങ്ങൾ രാജ്യത്ത് സൃഷ്ടിക്കുന്നു. യുദ്ധായുധമായി ബലാത്സംഗവും മറ്റ് തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും ഉപയോഗിക്കുന്നത്, മനുഷ്യാന്തസ്സിനു നേരെയുള്ള കടന്നാക്രമണം ആണെന്ന് സംഘടന ആരോപിച്ചു.

വർഷാരംഭം മുതൽ, വടക്കൻ, തെക്കൻ കിവുവിലായി 2,500-ലധികം സ്കൂളുകളും പഠന ഇടങ്ങളും അടച്ചുപൂട്ടപ്പെട്ടതിനാൽ കുട്ടികളുടെ വിദ്യാഭ്യാസവും അനിശ്ചിതത്വത്തിലാണ്. അക്രമവും അരക്ഷിതാവസ്ഥയും സന്നദ്ധപ്രവർത്തകർ ഈ മേഖലകളിലേക്ക് കടന്നെത്തുന്നതിനും, സഹായങ്ങൾ നൽകുന്നതിനും ഏറെ തടസങ്ങൾ സൃഷ്ടിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി അന്താരാഷ്‌ട്ര സംഘടനകളും, വിവിധ രാഷ്ട്രങ്ങളും ഇച്ഛാശക്തിയോടെ പ്രവർത്തിക്കണമെന്നും യൂണിസെഫ് സംഘടന ആവശ്യപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഏപ്രിൽ 2025, 12:50