ഉയിർപ്പ് തിരുനാളും ക്രൈസ്തവജീവിതവും
ഫാ. പീറ്റർ ടാജീഷ് O de M.
അന്ത്യഅത്താഴമേശയിലെ വിടപറയലും, ദുഃഖവെള്ളിയുടെ മൗനം നിറയുന്ന സഹനത്തിന്റെ സായാഹ്നവും അസ്തമിച്ചു ഉയിർപ്പിന്റെ, മഹത്വത്തിന്റെ പുലരി ഒരാളെ തേടിയെത്തുന്നു. ഉയിർപ്പ് ദൈവ സമ്മാനമാണ്. ജീവിതത്തിന്റെ സഹന നിമിഷങ്ങളിൽ സകലതും കൈവിട്ടു പോയേക്കാവുന്ന ശപിക്കപ്പെട്ട രാത്രിയുടെ ആഴത്തിൽ ഒരാൾ മൗനത്തിന്റെ ഭാഷയിൽ പുലർത്തിയ വിശ്വസ്തതക്കുള്ള സമ്മാനമാണ് ഉയിർപ്പ് എന്നുള്ളത്.
ക്രിസ്തു ജീവിച്ചത് മുഴുവൻ ഈ മൂന്നാം ദിനത്തിൽ വിശ്വസിച്ചുകൊണ്ടാണ് കാരണം മൂന്നിടങ്ങളിൽ തന്റെ സഹനങ്ങളെയും കുരിശിനെയുക്കുറിച്ച് സംസാരിക്കുമ്പോൾ, അവിടങ്ങളിലെല്ലാം അയാൾ അത് അവസാനിപ്പിച്ചത് മൂന്നാം ദിനത്തിലെ ഉയിർപ്പിന്റെ സൂചന നൽകികൊണ്ടായിരുന്നു.
മൂന്നാം ദിനത്തിന്റെ ഉയിർപ്പ് എന്നുള്ളത് ക്രിസ്തുവിന് സംബന്ധിച്ച് തന്റെ വിശ്വസ്തതയ്ക്ക് ദൈവപിതാവ് നൽകിയ സമ്മാനമാണ്. കാരണം ഭൂമിയിലെ സങ്കടങ്ങളിലും, കുരിശിന്റെ ഭാരത്തിലും മാനുഷികമായി തളർന്നു പോകേണ്ട ഒരിടത്ത് അയാൾ ദൈവത്തെ നോക്കിമാത്രം ജീവിച്ചു, മൂന്നാം ദിവസത്തിന്റെ ഉയർപ്പിലേക്ക് വിശ്വസിച്ചു എന്നതാണ് അയാളുടെ ജീവിതത്തിന്റെ ഉയിർപ്പായി മാറുന്നത്.
പൗലോസ് ശ്ലീഹ തന്റെ ആദ്യകാല ലേഖനങ്ങളിൽ എഴുതിയത്, ദൈവം ക്രിസ്തുവിനെ ഉയർപ്പിച്ചു എന്നുള്ളതാണ് കാരണം ആദിമ സഭ വിശ്വസിച്ചിരുന്നത് ഉയിർപ്പ് ദൈവ സമാനമാണ് എന്നതാണ്. ദൈവത്തോട് വിശ്വസ്തത പുലർത്തിയ ക്രിസ്തുവിനെ ആ ദൈവ പദ്ധതിയോട് മരണംവരെ അനുസരണം കാണിച്ച എളിമയുള്ള ക്രിസ്തുവിനെ ദൈവപിതാവ് മൂന്നാം ദിനം ഉയർപ്പിച്ചു എന്നുള്ളതാണ് ആദ്യകാല സഭാ പ്രഘോഷണവും.
ഭംഗിയുള്ള ഒരു പ്രഘോഷണം തന്നെയാണിത് കാരണം ഉയിർപ്പ് ദൈവ സമ്മാനമെന്ന് പറയുമ്പോൾ, ആ സമ്മാനം ദൈവത്തിന്റെ വിശ്വസ്തർക്ക് ദൈവം നൽകുന്നതാണ്. സഹനനിമിഷങ്ങളിലും പ്രത്യാശ കൈമോശം വരേണ്ട അവസ്ഥകളിലും അവയൊന്നും നഷ്ടപ്പെടുത്താതെ ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഒരാൾക്ക്, ദൈവം പോലും ഉപേക്ഷിച്ചു എന്ന് തോന്നിപ്പിക്കുന്ന രാത്രിയിലും നിന്റെ കരങ്ങളിലേക്ക് എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു എന്ന് പറയാനുണ്ടായ ധൈര്യമാണ് ഉയിർപ്പായി മാറുന്നത്.
ആദിമസഭ ജീവിച്ചതും പഠിപ്പിച്ചതും വിശ്വസിച്ചതും ആ ഉയിർപ്പിലാണ് അതുകൊണ്ടുതന്നെയാണ് ആദിമസഭയിൽ മതപീഡനങ്ങൾ രൂക്ഷമായ കാലത്തിലും ക്രിസ്ത്യാനികൾ ക്രിസ്തുവിനോട് വിശ്വസ്തത പുലർത്തിയത്. ദൈവത്തെ സ്തുതിച്ചും, പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ചും, അവരോട് ക്ഷമിച്ചും ഈ ജനത കൊലക്കളത്തിലേക്ക് നയിക്കപ്പെടുമ്പോഴും വിശ്വസിച്ചിരുന്നത് മൂന്നാം ദിനത്തിന്റെ ഉയിർപ്പ് തന്നെയായിരുന്നു. വിശ്വസ്തതയ്ക്ക് ദൈവം നൽകുന്ന സമ്മാനം, വിശ്വസ്തർക്ക് ദൈവം നൽകുന്ന സമ്മാനം.
ഒന്നോർത്താൽ ഒരു മനുഷ്യജീവിതത്തിന്റെ മുഴുവൻ സൗന്ദര്യവും ഉയിർപ്പിൽ അവശേഷിപ്പിച്ചിട്ടാണ് ക്രിസ്തു കല്ലറ വിട്ട് പുറത്തേക്ക് വരുന്നത്. ഒരു സങ്കടത്തിന്റെ ഇടവഴികൾ അയാളെ എത്തിച്ചത് ദുഃഖവെള്ളിയിലും, ഏകാന്തതയിലുമായിരുന്നു. ഈ ലോകം മുഴുവൻ സൃഷ്ടിച്ച സർവ്വശക്തനായ ദൈവ പിതാവിന്റെ പുത്രൻ നിശബ്ദനായി കല്ലറയിൽ, ദൈവത്തിന്റെ വീണ്ടെടുപ്പിനും, ദൈവത്തിന്റെ സ്പർശനത്തിനും കാത്തിരിക്കുന്നത് ധ്യാനികനാവണം.
ആ കാത്തിരിപ്പിന്റെ കല്ലറയിലേക്കാണ് ദൈവ പിതാവിന്റെ പരിപാലനയാർന്ന കരം എത്തുന്നതും, തന്റെ പുത്രനെ മരണത്തിൽ നിന്ന് ഉയർപ്പിലേക്ക് ആനയിക്കുന്നതും.
ഏതൊരു ജീവിതത്തോടും ചേർത്തുവയ്ക്കേണ്ട ഭംഗിയുള്ള ഒരു പാഠം തിരുനാൾ നമുക്ക് നൽകുന്നുണ്ട്. ഉയിർപ്പിന്റെ ചരിത്ര പശ്ചാത്തലങ്ങൾക്കപ്പുറം അത് വിശ്വാസത്തിന്റെ കാഴ്ചയിൽ ഒരാൾ അനുഭവിക്കേണ്ടതും, വിശ്വസിക്കേണ്ടതും ഒപ്പം പ്രഘോഷിക്കേണ്ടതുമായ ചരിത്ര സത്യമാണ്.
ഉയിർപ്പ് ഞായർ എന്നുള്ളത് അത് ക്രിസ്തുവിന്റെ ഉയർപ്പിനെക്കുറിച്ച് മാത്രമല്ല മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ഉയിർപ്പിനെക്കുറിച്ചും പ്രഘോഷിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ ക്രിസ്ത്യാനികളെ വിശേഷിപ്പിക്കുന്നത് "ഉയർപ്പിന്റെ ജനത" എന്നാണ്. പെസഹാ വ്യാഴത്തിന്റെയും ദുഃഖവെള്ളിയുടെയും അനുഭവങ്ങളിൽ കുടുങ്ങി പോകേണ്ടവരല്ല ക്രിസ്ത്യാനികൾ മറിച്ച് പ്രത്യാശയോടെ ഉയർപ്പിലേക്ക് കാത്തിരിക്കേണ്ടവരാണ്, പ്രത്യാശയോടെ ഉയർപ്പിലേക്ക് പ്രവേശിക്കേണ്ടവരുമായ ജനതയാണ് ക്രിസ്ത്യാനികൾ. അതുകൊണ്ടുതന്നെ ഉയിർപ്പ് ഞായർ നമ്മുടെയും ദിനം കൂടിയാണ്. ക്രിസ്തുവിനൊപ്പം ഉയർപ്പിക്കപ്പെടുവാനും അവനൊപ്പം മഹത്വത്തിലേക്ക് പ്രവേശിക്കുവാനും നമ്മളെ തന്നെ ഒരുക്കേണ്ട ഒരിടം.
പൗലോസ് ശ്ലീഹ ഭംഗിയോടെ എഴുതിച്ചേർക്കുന്നുണ്ട്, അവനൊപ്പം ക്രൂശിക്കപ്പെട്ടെങ്കിൽ നമ്മളും അവനൊപ്പം ജീവിക്കും, ഉയർപ്പിക്കപ്പെടുമെന്ന്. ക്രൈസ്തവ സത്യമാണ്. സ്നേഹപ്രഘോഷിക്കുന്നവരും, അവനൊപ്പം ജീവിക്കുന്നവരെല്ലാം അവനോട് വിശ്വസ്തത പുലർത്തി, ദൈവപദ്ധതിയോട് ചേർന്ന് നിൽക്കുന്ന സകലർക്കും അവനൊപ്പം ഉയിർക്കുവാനുള്ള അവകാശമുണ്ടെന്നുള്ള വലിയ പ്രഖ്യാപനം. ആ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരുസഭ സാഘോഷം ഉയിർപ്പ് ആഘോഷിക്കുന്നതും.
ഒന്നും ഒരിടത്തും അവസാനിക്കുന്നില്ല മറിച്ച് അവസാനിപ്പിച്ചെന്നു തോന്നിപ്പിക്കുന്നിടത്തു, ദൈവം വീണ്ടും ഒരാരംഭം നൽകുന്നു എന്നു കൂടെയാണ് ഉയർപ്പ് നമ്മളെ പഠിപ്പിക്കുന്നതും. കാരണം യഹൂദർക്ക് ഭീഷണിയായും, റോമക്കാർക്ക് ഭയമായും മുദ്ര ചാർത്തപ്പെട്ട ക്രിസ്തുവിന്റെ മരണശേഷം, കല്ലറ ഒരു പാറ കൊണ്ട് അടക്കുകയും, സകലതും അവസാനിപ്പിച്ചു എന്ന ഒരു വ്യാമോഹത്തിൽ യഹൂദ പ്രമാണികളും റോമൻ അധികാരികളും നിലയുറപ്പിക്കുമ്പോഴാണ് ദൈവം വീണ്ടും ഒരു ആരംഭം ക്രിസ്തുവിന് നൽകുന്നത് സഭയ്ക്ക് നൽകുന്നതും. ഉയിർപ്പ് നൽകുന്ന പാഠവും അത് തന്നെയാണ്. ഒന്നും ജീവിതത്തിൽ അവസാനിച്ചു പോയിട്ടില്ല, ഒന്നും ജീവിതത്തിൽ അസ്തമിച്ചും പോയിട്ടില്ല മറിച്ചു, ദൈവപരിപാലനയിൽ ഒരാൾക്ക് വീണ്ടും സകലതും ആരംഭിക്കാൻ സാധിക്കും എന്ന പ്രത്യാശ.
രണ്ടാമതായി, ഉയിർപ്പ് പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. മുറിവേറ്റുപോയ, ഏകാകി യായ ക്രിസ്തു ഉയിർത്തതിനുശേഷം തന്റെ മുറിവുകളിലേക്ക് മടങ്ങി പോയില്ല, അതിന്റെ കാരണങ്ങൾ ചികഞ്ഞില്ലെന്നും ഉയിർപ്പ് ഞായർ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ശരീരത്തിൽ അവശേഷിപ്പിച്ചത് തിരുമുറിവുകളാണ്. ദൈവത്തിന്റെ കരുണയുടെയും, പരിപാലനയുടെയും മുദ്രകളായി അവ മാറുകയാണ്. അയാൾ സങ്കടപ്പെടുത്തിയ മനുഷ്യരിലേക്ക് മടങ്ങി പോകുന്നില്ല. എന്തെ തന്നെ അന്യായമായി വിധിച്ചുവെന്ന് റോമൻ യഹൂദ അധികാരികളോടോ ചോദിച്ചില്ല. എന്തിനേറെ പറയുന്നു പത്രോസ്ലീഹയോട് പോലും ചോദിക്കുന്നില്ല നീ എന്തിന് എന്നെ തള്ളി പറഞ്ഞതെന്ന്. ഒരു ശിഷ്യരോടും കർത്താവ് ചോദിച്ചിട്ടില്ല എന്തുകൊണ്ട് നിങ്ങൾ ഉപേക്ഷിച്ചു പോയതെന്ന്.. ഉയിർപ്പിക്കപ്പെട്ട ക്രിസ്തു സകലതും ക്ഷമിക്കുന്നവനാണ്. അവന്റെ ശരീരത്തിലുള്ള മുറിവുകളും വടുക്കളും ദൈവപരിപാലനയുടെയും, ദൈവസ്നേഹത്തിന്റെയും അടയാളമായി മാറി. ആരോടും വെറുപ്പുമില്ല വിദ്വേഷവുമില്ല. ഉയർപ്പ് നൽകുന്ന പാഠമാണിത് മുറിവേറ്റു നിൽക്കുമ്പോഴും ക്ഷമിക്കാൻ സാധിക്കുക. ഒന്നിന്റെയും കാരണങ്ങൾ ചികഞ്ഞു പോകാതിരിക്കുക, വിശുദ്ധമാകുന്ന മൗനത്തിൽ പുലരുക. അതൊക്കെ ഉയർപ്പിക്കപ്പെട്ടവന്റെ അടയാളമായി മാറും.
ഒടുവിലായി, ഉയിർപ്പ് കാത്തിരിപ്പിന്റെ ഒരു ദിനം കൂടിയാണ്. എല്ലാത്തിന്റെയും ഉത്തരങ്ങളും, പരിഹാരങ്ങളും നമ്മുടെ കൈയിലില്ല എന്ന തിരിച്ചറിവിൽ, ദൈവത്തിന് ഇടപെടുവാനും പ്രവർത്തിക്കുവാനും ഒരാൾ സമയവും ഇടവും കൊടുക്കുന്നതാണ് ഉയിർപ്പ്. കർത്താവ് കല്ലറയിൽ കാത്തു കിടന്നു എന്നുള്ളതും വലിയൊരു സുവിശേഷമാണ്. ദൈവത്തിന്റെ ഇടപെടലിനുവേണ്ടിയും, ദൈവം ഉയർപ്പിക്കുമെന്നുള്ള വിശ്വാസത്തിലും കാത്തിരിക്കാൻ കർത്താവിന് കഴിയുന്നുണ്ട്.
ഉയർപ്പിന്റെ അടയാളങ്ങളിലൊന്ന്, വിശ്വാസപൂർവ്വം കാത്തിരിക്കാൻ കഴിയുക തന്നെയാണ് . കാരണം എന്റെ ദൈവം എനിക്കുവേണ്ടി ഇടപെടുമെന്നുള്ള പൂർണ്ണ ബോധവും, ദൈവത്തിന് ഒരിടം കൊടുക്കുന്നതാണ്.
പ്രിയമുള്ളവരെ നമ്മൾ ഉയർപ്പിന്റെ ജനതയാണ്. ക്രിസ്തുവിനൊപ്പം ക്രൂശിക്കപ്പെടുന്ന നിമിഷങ്ങളിലും, അവനെപ്പോലെ ഏകാകിയാവുന്ന നിമിഷങ്ങളിലും, വിശ്വസ്തതയോടെ നമുക്ക് ജീവിക്കാം. ദൈവത്തിന്റെ കരുണക്കായി പ്രാർത്ഥിക്കാം. ദൈവത്തിന്റെ ഇടപെടലിനായി കാത്തിരിക്കാം. ഉറപ്പായിട്ടും അത്ഭുതങ്ങളുണ്ടാവും. ഏറ്റവും വലിയ അത്ഭുതം എന്നത് നമ്മുടെയൊക്കെ ഉയിർപ്പ് തന്നെയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: