തിരയുക

വിനയാന്വിതനായ ക്രിസ്തുവിന്റെ ജെറുസലേം പ്രവേശനം വിനയാന്വിതനായ ക്രിസ്തുവിന്റെ ജെറുസലേം പ്രവേശനം  

ഓശാനഞായറും ക്രൈസ്തവജീവിതവും

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ഓശാനഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം: മത്തായി 21, 1-17
ശബ്ദരേഖ - ഓശാനഞായറും ക്രൈസ്തവജീവിതവും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രൈസ്തവവിശ്വാസത്തിന് ഏറെ പ്രധാനപ്പെട്ട വലിയ ആഴ്ചയിലേക്ക് പ്രാർത്ഥനാപൂർവ്വം നാം പ്രവേശിക്കുകയാണ്. പെസഹാരഹസ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ജെറുസലേം നഗരത്തിലേക്ക് പ്രവേശിക്കുന്ന ക്രിസ്തുവിനെയാണ് ഓശാനഞായർ ദിവസം സഭ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വിഭൂതിദിനത്തിൽ നെറ്റിയിൽ ചാരം പൂശി, അനുതാപചിന്തകളോടെയും, നോമ്പ് നോക്കിയും, ത്യാഗപ്രവർത്തികളിലേർപ്പെട്ടും വലിയ നോമ്പിന്റെ ദിനങ്ങളിലൂടെ പ്രത്യേകമായി ഒരുങ്ങിയ നാം, കുരുത്തോലകളും ഒലിവിൻചില്ലകളുമൊക്കെയായി വളരെ മനോഹരമായ ഒരു പ്രദക്ഷിണത്തോടെയാണ് ക്രിസ്തുവിനൊപ്പം ദേവാലയത്തിലേക്ക് കടന്നുവന്നത്.

ജെറുസലേം പ്രവേശനം സുവിശേഷങ്ങളിൽ

നാല് സുവിശേഷങ്ങളിലും (മത്തായി 21, 1-17; മർക്കോസ് 11, 1-11;15-19; ലൂക്ക19, 28-40; 45-48; യോഹന്നാൻ 12, 12-19; 2, 13-22) , യേശു ജെറുസലേം ദേവാലയത്തിലേക്ക് ആഘോഷമായി പ്രവേശിക്കുന്നതും, അവിടെ ദേവാലയശുദ്ധീകരണം നടത്തുന്നതുമായി ബന്ധപ്പെട്ട തിരുവചനങ്ങൾ നമുക്ക് കാണാം. വിനീതനായി കഴുതപ്പുറത്ത് ദേവാലയത്തിലേക്ക് എത്തുന്ന ക്രിസ്‌തു, ദൈവസാന്നിദ്ധ്യത്തിന്റെയും വിശുദ്ധിയുടെയും ഇടമായിരിക്കേണ്ട ആ ദേവാലയത്തിന് ചേരാത്ത ക്രയവിക്രയങ്ങൾ ചെയ്‌തിരുന്ന മനുഷ്യരെ അവിടെനിന്ന് പുറത്താക്കുന്നു. യഹൂദരുടെ പെസഹാത്തിരുനാളിന് അഞ്ചുദിവസങ്ങൾക്ക് മുൻപാണ് യേശു ജെറുസലേമിലേക്ക് ആഘോഷമായി പ്രവേശിക്കുന്നതെന്ന് യോഹന്നാന്റെ സുവിശേഷം വ്യക്തമാക്കുന്നുണ്ട് (യോഹന്നാൻ 12, 1; 12).

പ്രവചനങ്ങളുടെ പൂർത്തീകരണം

പഴയനിയമത്തിൽ സഖറിയാ പ്രവാചകന്റെ പുസ്തകത്തിൽ കാണുന്ന ഒരു വചനം പൂർത്തിയാക്കിക്കൊണ്ടാണ് യേശു ജെറുസലേമിലേക്ക് കടന്നുവരുന്നത്. "സീയോൻ പുത്രീ, അതിയായി ആനന്ദിക്കുക. ജെറുസലേം പുത്രീ, ആർപ്പുവിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്. അവൻ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത് കയറി വരുന്നു" (സഖറിയ 9, 9). ദാവീദിന്റെ പുത്രനായ, കർത്താവിന്റെ നാമത്തിൽ വരുന്നവനെന്ന ജനക്കൂട്ടത്തിന്റെ ആർത്തുവിളിയോടെ മിശിഹായും രാജാവുമായ ക്രിസ്തു വിശുദ്ധ നഗരത്തിലേക്കും ദേവാലയത്തിലേക്കും കടന്നുവരികയാണ്. ഏശയ്യാ പ്രവാചകനും സീയോൻ പുത്രിയോട് രക്ഷ നൽകാനായി വരുന്ന കർത്താവിനെക്കുറിച്ച് പറയുന്നുണ്ട് (ഏശയ്യ 62, 11).

സഖറിയാ പ്രവാചകന്റെ അവസാന അദ്ധ്യായത്തിൽ, ജെറുസലേമിന് കിഴക്കുള്ള ഒലിവുമലയിൽ നിലയുറപ്പിക്കുന്ന, ശത്രുരാജ്യങ്ങളോട് യുദ്ധം ചെയ്യുന്ന കർത്താവിനെക്കുറിച്ച് പറയുന്നുണ്ട് (സഖറിയ 14, 4). സുവിശേഷത്തിലിതാ ക്രിസ്തു , ദൈവജനത്തിന്റെ രക്ഷയ്ക്കായി സ്വജീവിതമേകാനായി ഒലിവ് മലയ്ക്കടുത്തുള്ള ബഥ്ഫഗയിൽനിന്ന് ജെറുസലേമിലേക്ക് യാത്ര ചെയ്യുന്നു (മത്തായി, 21, 1, മർക്കോസ് 11, 1).

രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിൽ (2 രാജാ. 9, 13), എലീഷാപ്രവാചകന്റെ നിർദ്ദേശപ്രകാരം സേനാധിപനായ യെഹുവിനെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടതറിഞ്ഞ അവന്റെ സേവകർ തങ്ങളുടെ മേലങ്കി പടിയിൽ വിരിച്ചിടുന്നതിനെക്കുറിച്ച് നാം വായിക്കുന്നുണ്ട്. കൂടാരത്തിരുനാൾ ആഘോഷത്തെ സംബന്ധിച്ച് ലേവ്യരുടെ പുസ്തകത്തിൽ കർത്താവ് മോശയ്ക്ക് നിർദ്ദേശം നൽകുമ്പോൾ, ഈന്തപ്പനയോലയും, ഇലത്തൂർന്ന ചില്ലകളും ആറ്റരളിക്കൊമ്പുകളും എടുക്കാൻ ആവശ്യപ്പെടുന്നത് നാം കാണുന്നുണ്ട് (ലേവ്യർ 23, 39-40). വിജാതീയർ ദേവാലയം അശുദ്ധമാക്കിയതിന് ശേഷം, ദേവാലയശുദ്ധീകരണം നടത്തുന്നതുമായി ബന്ധപ്പെട്ടും, ഇതിനോട് സമാനമായ ചില വിവരണങ്ങൾ മക്കബായരുടെ പുസ്തകത്തിൽ നമുക്ക് കാണാം 2 മക്കബായർ 10, 7). അങ്ങനെ പഴയ നിയമത്തിലെ പല വിവരണങ്ങളും അനുസ്മരിപ്പിക്കുന്ന ഒരു ജെറുസലേം പ്രവേശനമാണ് യേശു നടത്തുന്നത്.

ദേവാലയശുദ്ധീകരണം

ഓശാനഞായറാഴ്‌ചയിലെ തിരുവചനവായനയുടെ രണ്ടാം ഭാഗം ദേവാലയശുദ്ധീകരണവുമായി ബന്ധപ്പെട്ടതാണ്. മർക്കോസിന്റെയും യോഹന്നാന്റെയും (മർക്കോസ് 11, 5-19, യോഹന്നാൻ 2, 13-22),  സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി, ജെറുസലേം പ്രവേശനത്തിന്റെ അതെ ദിവസമാണ് യേശു ദേവാലയശുദ്ധീകരണം നടത്തുന്നതെന്നാണ് വിശുദ്ധ മത്തായിയും ലൂക്കായും എഴുതുക (മത്തായി 21, 12-17, ലൂക്ക 19, 45-48).

ഒരുവൻ ദേവാലയത്തിൽ പ്രവേശിക്കുക ആരാധനയുടെ ഭാഗമായാണ്. അതുകൊണ്ടുതന്നെയാണ്, ദേവാലയത്തെ കവർച്ചക്കാരുടെ ഗുഹയാക്കി മാറ്റിയവരെ കർത്താവ് അവിടെനിന്ന് പുറത്താക്കുന്നത്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ (ഏശയ്യ 56, 7) എഴുതിയിരിക്കുന്നതുപോലെ, എല്ലാ ജനതകൾക്കും വേണ്ടിയുള്ള (മർക്കോസ് 11, 17) പ്രാർത്ഥനാലയമാണ് (മത്തായി 21, 13;  ലൂക്ക 19, 46) ദേവാലയമെന്ന് യേശു ഓർമ്മിപ്പിക്കുന്നു. ദേവാലയത്തിൽ പുരോഹിതർക്കുണ്ടായിരുന്ന അധികാരത്തിന്മേലുള്ള കൈകടത്തലെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഇത്തരമൊരു ശുദ്ധീകരണത്തേത്തുടർന്ന് അവൻ അനേകരെ സുഖപ്പെടുത്തുകയും അവിടെ കൂടിയിരിക്കുന്ന കുട്ടികളുൾപ്പെടുന്ന ജനം, പ്രധാനപുരോഹിതർക്കും നിയമജ്ഞർക്കും രോഷം ഉളവാകുന്ന തരത്തിൽ "ദാവീദിന്റെ പുത്രന് ഹോസാന" എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു. ദേവാലയശുദ്ധീകരണത്തിന്റെ അവസരത്തിലെന്നപോലെ, യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടും (മത്തായി 2, 4) സഹനത്തെക്കുറിച്ചുള്ള യേശുവിന്റെ അറിയിപ്പു നൽകുന്ന അവസരങ്ങളിലും (മത്തായി 16, 21; 20, 18; മർക്കോസ് 8, 31; ലൂക്ക 9, 22) ഒക്കെ യേശുവിനെതിരെ രോഷാകുലരായ പ്രധാന പുരോഹിതരെയും നിയമജ്ഞരെയും കുറിച്ച് സുവിശേഷങ്ങൾ പറയുന്നുണ്ട്. ദൈവാലയത്തിന്റെ വിശുദ്ധി കാത്തുപരിപാലിക്കുകയും ദൈവത്തിലേക്ക് അടുക്കാൻ ആളുകളെ സഹായിക്കുകയും ചെയ്യേണ്ടവർ ഇതാ, ദൈവപുത്രനായ യേശുവിനോട് വെറുപ്പ് പ്രകടിപ്പിച്ചുകൊണ്ട് ദൈവഭവനത്തിൽ ആയിരിക്കുന്നു.

യേശുവിനെ ദൈവവും രാജാവുമായി അംഗീകരിച്ച് വിശ്വാസത്തിൽ ജീവിക്കുക

ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയപ്രവേശനവും, ദേവാലയവിശുദ്ധീകരണവും ഈ ഓശാനഞായർദിവസത്തിൽ നാം വിചിന്തനം ചെയ്യുമ്പോൾ, ജീവിതത്തിൽ ആരുടെ ഒപ്പമാണ് നാമെന്ന ഒരു ചോദ്യമാണ് വചനം നമ്മുടെ മുന്നിൽ വയ്ക്കുന്നത്. ഇസ്രായേൽ ജനത്തിനെന്നപോലെ, പിതാവായ ദൈവം നൽകുന്ന രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനെ നമ്മുടെ ദൈവമായി അംഗീകരിച്ച്, വിശ്വാസം ആവശ്യപ്പെടുന്ന രീതിയിൽ ജീവിക്കാൻ നിങ്ങളും ഞാനും തയ്യാറാണോ?

വിശുദ്ധ പൗലോസ് റോമക്കാർക്കെഴുതിയ ലേഖനത്തിൽ യഹൂദരെയും വിജാതീയരെയും കുറിച്ച് എഴുതുന്നതുപോലെ, ദൈവജനമായിരുന്ന ഒലിവിൻ വൃക്ഷത്തിന്റെ നല്ല ഫലങ്ങൾ നൽകാതിരുന്ന ശാഖകളെ വെട്ടിമാറ്റിയ ദൈവം, കാട്ടൊലിവിന്റെ മുളയെ അവിടെ ഒട്ടിച്ചെങ്കിൽ, സ്വാഭാവികശാഖകളോട് കാണിക്കാത്ത ദാക്ഷിണ്യം അവൻ ഒട്ടിച്ചുചേർത്ത മുളയോടും കാണിക്കില്ലെന്ന് ഓർത്തിരിക്കാം. ദൈവവിശ്വാസത്തിന്റെയും ദൈവസ്നേഹത്തിന്റെയും പ്രതിഫലനങ്ങൾ നമ്മുടെ ജീവിതത്തിൽ ഉളവാകുന്നില്ലെങ്കിൽ, ദൈവത്തിൽനിന്ന് ലഭിച്ച കൃപയും കാരുണ്യവും അനുസരിച്ചുള്ള സദ്‌ഫലങ്ങൾ നമ്മിൽ പ്രകടമാകുന്നില്ലെങ്കിൽ, നമ്മിൽ കച്ചവടമനസ്ഥിതിയും വിശുദ്ധിക്ക് ചേരാത്ത പ്രവർത്തികളുമാണുള്ളതെങ്കിൽ, നമുക്കും ദൈവത്തിലും ദേവാലയത്തിലും സ്ഥാനമില്ലെന്ന്, നമ്മളും അവനാകുന്ന തായ്ത്തണ്ടിൽനിന്ന് വെട്ടി മാറ്റപ്പെടുമെന്ന് മറന്നുപോകാതിരിക്കാം. എന്നാൽ, ക്രിസ്തുവിനെ വഹിക്കുന്ന കഴുതയാകാൻ, അവനായി നമ്മുടെ വസ്ത്രം മാത്രമല്ല, നമ്മെയും നമുക്കുള്ളവയും നൽകാൻ, അവന് ജീവിതം കൊണ്ട് ഓശാന പാടാൻ നമുക്കാകുമെങ്കിൽ ക്രിസ്തു നമ്മുടെ ഹൃദയങ്ങളിലേക്കും എഴുന്നെള്ളുകയും ദൈവമക്കളും, ഹൃദയത്തിൽ ദൈവത്തിന് പ്രഥമസ്ഥാനം നൽകാൻ വിളിക്കപ്പെട്ടിരിക്കുന്നവരുമായ നമ്മിലെ തിന്മകളെ നീക്കി, യഥാർത്ഥ ക്രൈസ്തവജീവിതത്തിന്റെ വിശുദ്ധിയിലേക്കും നന്മയിലേക്കും നമ്മെ തിരികെയെത്തിക്കുകയും ചെയ്യും. ക്രൈസ്തവജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ഈ വലിയ, വിശുദ്ധ ആഴ്ചയിൽ പരിശുദ്ധ അമ്മയുടെ കൂടെ ക്രിസ്തുവിനോടൊത്തായിരിക്കാനും, എന്നും കൃപയിൽ ജീവിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഏപ്രിൽ 2025, 13:01