തിരയുക

യേശുവിന്റെ കാരുണ്യം നിറഞ്ഞ തിരുഹൃദയവും വിശുദ്ധ ജോൺ പോൾ പാപ്പായും യേശുവിന്റെ കാരുണ്യം നിറഞ്ഞ തിരുഹൃദയവും വിശുദ്ധ ജോൺ പോൾ പാപ്പായും 

ഫിലിപ്പീൻസ് "ദൈവകരുണയ്ക്ക്" സമർപ്പിക്കപ്പെടുന്നു: മെത്രാൻസമിതി

വിഭജന, ധ്രുവീകരണ ചിന്തകൾ കടന്നുകൂടുന്ന ഒരു കാലഘട്ടത്തിൽ, ഐക്യവും ഒരുമയും വളർത്തുന്നതിനായി ഫിലിപ്പീൻസ് രാജ്യത്തെ "ദൈവകരുണയ്ക്ക്" സമർപ്പിക്കാൻ തീരുമാനമെടുത്ത് രാജ്യത്തെ മെത്രാൻ സമിതി. "ദൈവകരുണയുടെ ഞായറാഴ്ച എന്ന് വിളിക്കപ്പെടുന്ന ഈസ്റ്ററിന് ശേഷമുള്ള ഞായറാഴ്ച രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും ഇതുസംബന്ധിച്ച പ്രാർത്ഥനകൾ നടക്കുമെന്ന് മെത്രാൻസമിതി വ്യക്തമാക്കിയതായി ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫിലിപ്പീൻസ് മെത്രാൻസമിതിയുടെ തീരുമാനമനുസരിച്ച്, ഏപ്രിൽ 27 ഞായറാഴ്ച രാജ്യം "ദൈവകരുണയ്ക്ക്" പ്രത്യേകമായി സമർപ്പിക്കപ്പെടും. രാജ്യത്ത് സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങളിൽ കൂടുതൽ വിഭജനചിന്തകളും, ധ്രുവീകരണപ്രവണതകളും വളരുന്നതിനിടെയാണ്, ജനങ്ങൾക്കിടയിൽ കൂടുതൽ ഐക്യവും ഒരുമയും വളർത്തുകയെന്ന ലക്ഷ്യം മുൻനിറുത്തി ദൈവകരുണയ്ക്ക് തങ്ങളെത്തന്നെ സമർപ്പിക്കുന്നതെന്ന് മെത്രാൻസമിതി പ്രെസിഡന്റ് കർദ്ദിനാൾ പാബ്ലോ വിർജിലിയോ ഡേവിഡ് വ്യക്തമാക്കി.

രാജ്യം കടന്നുപോകുന്ന വലിയ പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും മുന്നിൽ, വിശ്വാസത്തിന്റെയും പ്രത്യാശയുടേതുമായ ഒരു ഉത്തരം നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരമായൊരു പ്രവൃത്തിയെന്ന് മെത്രാൻസമിതി പ്രെസിഡന്റ് വിശദീകരിച്ചു. സത്യത്തോടുള്ള വിമുഖതയും, കുടുംബത്തെയും ജീവിതത്തെയും കുറിച്ചുള്ള സഭയുടെ ഉദ്ബോധനങ്ങൾക്കെതിരെ വളർന്നുവരുന്ന എതിർപ്പും, സമൂഹത്തിൽ വ്യാപകമായിരിക്കുന്ന ഭിന്നത, ശത്രുത, പ്രാദേശികസംഘർഷങ്ങൾ, ആഗോളതലത്തിലുള്ള യുദ്ധഭീഷണി തുടങ്ങിയവയുടെയും മുന്നിലാണ് രാജ്യത്തെ ദൈവകരുണയ്ക്ക് സമർപ്പിക്കുന്നതെന്ന് അദ്ദേഹം കത്തോലിക്കാസഭാതനായർക്കായി എഴുതിയ കത്തിൽ കുറിച്ചു.

ഏപ്രിൽ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും ഇതുസംബന്ധിച്ച പ്രാർത്ഥനകൾ നടക്കുമെന്നും തങ്ങളെത്തന്നെയും, സഭയെയും, രാജ്യത്തെയും ദൈവത്തിന്റെ അനന്തമായ കരുണയ്ക്ക് മുന്നിൽ സമർപ്പിക്കാമെന്നും, നമുക്ക് ഏറെ ആവശ്യമായിരിക്കുന്ന സൗഖ്യവും, നവീകരണവും പ്രത്യാശയും അവന്റെ കരുണയിൽ കണ്ടെത്താനാകുമെന്നും കർദ്ദിനാൾ പാബ്ലോ എഴുതി.

2024-ൽ ഫിലിപ്പീൻസിലെ സെബുവിൽ "ദൈവകരുണയെക്കുറിച്ച് നടന്ന അഞ്ചാമത് ലോക അപ്പസ്തോലിക കോൺഗ്രസിലെ", എല്ലായിടങ്ങളിലും കർത്താവിന്റെ കരുണ അറിയിക്കുന്നതിനും, ദൈവകരുണയുടെ വാഹകരാകനുമുള്ള" തീരുമാനങ്ങളെയും അനുമാനങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് നിലവിലെ സമർപ്പണം.

"യേശുവിന്റെ കരുണയോടുള്ള ഭക്തി" പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിന്നിരുന്ന ഫൗസ്‌തീന കോവാച്കയെ 2000-ലെ ജൂബിലി വർഷത്തിൽ വിശുദ്ധയായി പ്രഖ്യാപിച്ച അവസരത്തിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് "ദൈവകരുണയുടെ ഞായർ" സ്ഥാപിച്ചത്. ഈസ്റ്ററിന് ശേഷം വരുന്ന ഞായറാഴ്ച്ചയാണ് എല്ലാ വർഷവും ഈ ഭക്തി പ്രത്യേകമായി ആഘോഷിക്കപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഏപ്രിൽ 2025, 14:50