പെസഹാവ്യാഴത്തിന്റെ ചൈതന്യം യേശുവിന്റെ ഹൃദയാർദ്രതയാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
എളിമയുടെയും സ്‌നേഹത്തിന്റെയും സന്ദേശമുണർത്തുന്നതാണ് പെസഹാ വ്യാഴം. വലിയ വേദനയുടെ നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ, തന്റെ ഈ പ്രവൃത്തികളെല്ലാം പിതാവായ ദൈവം അനുവദിക്കുന്നത്, മക്കളുടെ നിത്യരക്ഷയ്ക്കുവേണ്ടിയാണെന്നു, അന്ത്യ അത്താഴവേളയിലെ യേശുവിന്റെ വാക്കുകൾ ഓർമ്മപ്പെടുത്തുന്നു. ഇത് എന്റെ ശരീരമെന്നും, ഇത് എന്റെ രക്തമെന്നും എടുത്തു കാട്ടിക്കൊണ്ട്, ഇത് ജീവിതത്തിൽ നിങ്ങൾ സ്വീകരിക്കണമെന്നും, അനുഷ്ഠിക്കണമെന്നും യേശു പറയുമ്പോൾ, ഒരു പക്ഷെ ആരും മനസിലാക്കിയിട്ടുണ്ടാവില്ല, രണ്ടായിരം വർഷങ്ങൾക്കുമിപ്പുറം, ഈ വാക്കുകൾ വിശുദ്ധ കുർബാനയിലൂടെ തുടരുമെന്ന സത്യം. എന്നാൽ വെറും വാക്ചാതുര്യത്തിന്റെ ബഹിർസ്ഫുരണമായിരുന്നില്ല ആ വാക്കുകൾ. മറിച്ച്, കുരിശിലെ യാഗത്തിന്റെ മുന്നാസ്വാദനമായിരുന്ന അന്ത്യ അത്താഴം, പിന്നീട് കുരിശിലെ പ്രജാപതിയാഗത്തിലൂടെ അനേകരുടെ ജീവിതത്തിനു ഊർജ്ജം പകർന്ന നിത്യവിരുന്നായി മാറി.
സ്‌നേഹത്തിന്റെ മൂർത്തീമത്ഭാവമായ യേശുവിന്റെ ഹൃദയം തൊട്ട ഈ വാക്കുകൾ തുടർന്ന് സേവനത്തിന്റെയും വിനയത്തിന്റെയും മാതൃകയാണ് നൽകുന്നത്. തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകിക്കൊടുത്തുകൊണ്ട്, താൻ വന്നിരിക്കുന്നത് സേവിക്കപ്പെടുവാനല്ല മറിച്ച് സേവിക്കുവാനും, അനേകരുടെ മാനസാന്തരത്തിനും വേണ്ടിയാണ് എന്ന് യേശു പറയുമ്പോൾ, വെറും ശാരീരികമായ അടുപ്പമല്ല ദൈവ മനുഷ്യബന്ധമെന്നും, അത് ഹൃദയങ്ങൾ തമ്മിലുള്ള ബന്ധവും ഐക്യവും ആണെന്ന് പ്രത്യേകം എടുത്തു കാണിക്കുന്നു. നമ്മോടു കൂടെ ആയിരിക്കാൻ അവൻ മനുഷ്യനായി നമ്മുടെ ഉള്ളിലിരിക്കാൻ അവൻ ദിവ്യകാരുണ്യമായി . ഉള്ളിലിരുന്നു കൊണ്ട് നമ്മെ സ്നേഹിക്കാൻ കൊതിക്കുന്ന തമ്പുരാൻ അതിനായി കണ്ടു പിടിച്ച മാർഗ്ഗമാണ് ദിവ്യകാരുണ്യം.
വിശുദ്ധ മദർ തെരേസ പറയുന്നത് ഇപ്രകാരമാണ്: "ക്രൂശിതനിലേയ്ക്ക് നീ നോക്കുമ്പോൾ ഈശോ നിന്നെ അന്ന് എത്രമാത്രം സ്നേഹിച്ചു എന്ന് നീ മനസിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേയ്ക്ക് നോക്കുമ്പോൾ ഈശോ ഇന്ന് എത്ര മാത്രം നിന്നെ സ്നേഹിക്കുന്നു എന്ന് നീ മനസ്സിലാക്കും”. ദിവ്യകാരുണ്യത്തിന്റെയും, വിനയത്തിന്റെയും എളിമയുടെയും, സേവനത്തിനെയുമൊക്കെ മാതൃക നൽകുന്ന ഈ പെസഹദിനം, യേശുവിന്റെ ഹൃദയത്തിന്റെ മാധുര്യം ഒരിക്കൽക്കൂടി നുകരുവാൻ നമ്മെ അനുവദിക്കുന്നു. ഈ ഹൃദയം പാദത്തോളം താഴുന്നതാണ്. ഉയരങ്ങളിലേയ്ക്ക് കണ്ണുകൾ ഉയർത്തി മാത്രം ദൈവത്തെ നോക്കാൻ ശീലിച്ച മനുഷ്യനെ പാദത്തിങ്കൽ കാൽ കഴുകി ചുംബിക്കാനിരിക്കുന്ന സ്നേഹം. ആരാണ് വലിയവൻ എന്ന് നിരന്തരം തർക്കിക്കുന്ന ശിഷ്യർക്കു യജമാനന്റെ മേലങ്കിയേക്കാൾ ഒരു കച്ചമുണ്ടും, കുറച്ചു വെള്ളവും, തുവാലയും കൊണ്ട്, എളിമയുടെ പ്രവൃത്തികൾ കൊണ്ട് ഗുരുവിന്റെ മറുപടി. അധികാരത്തിന്റെ അംഗവസ്ത്രങ്ങളൂരി, അടിമയുടെ അരക്കച്ച ധരിക്കുന്ന ഈശോ നമ്മോട് പറയുന്നു: അപരന്റെ പാദത്തോളം താഴണം നീ.
“നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക ” (പ്രഭാഷകന്‍ 3 : 18). ഇതാണ് ഹൃദയം കൊണ്ട് യേശു രചിച്ച സ്നേഹത്തിന്റെ മാതൃക. ഇതാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഡിലെക്സിത്ത് നോസ് എന്ന തന്റെ ചാക്രികലേഖനത്തിലൂടെ വിശ്വാസികൾക്ക് നൽകുന്ന സന്ദേശം. ക്രൈസ്തവൻ, തന്റെ ജീവിതത്തിൽ ബുദ്ധികൊണ്ടും, ശക്തി കൊണ്ടുമല്ല മുന്നേറേണ്ടത്, മറിച്ച്, ഹൃദയത്തിൽ പേറുന്ന ആർദ്രതയും, സ്‌നേഹവും കൊണ്ടാവണം. ഹൃദയാത്മകമായ ദൈവസ്‌നേഹത്തിനു നമ്മുടെ ജീവിതങ്ങൾ വഴിയായി സാക്ഷ്യം നൽകുന്നതിനുള്ള ക്ഷണം കൂടിയാണിത്.
ദിലെക്സിത്ത് നോസ് ചാക്രികലേഖനത്തിന്റെ 28 മുതൽ 31 വരെയുള്ള ഖണ്ഡികകൾ വിശകലനം ചെയ്യുമ്പോൾ, യേശുവിന്റെ ഈ മാതൃക കഴിഞ്ഞ രണ്ടായിരത്തി ഇരുപത്തിയഞ്ചു വർഷങ്ങളായി സഭയിലും, സമൂഹത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനം നമുക്ക് മനസിലാക്കുവാൻ സാധിക്കും. നമ്മിൽ ഒരുവനായി ഈ ഭൂമിയിൽ ജനിച്ചു, ജീവിച്ചു, മരിച്ചു ഉത്ഥാനം ചെയ്ത ദൈവപുത്രന്റെ വചനങ്ങൾക്ക് മനുഷ്യഹൃദയങ്ങളെ സ്പർശിക്കുവാൻ തക്കവണ്ണം എന്ത് ശക്തിയാണ് ഉണ്ടായിരുന്നത്? അതിനു ഒരേയൊരു ഉത്തരം, യേശുവിന്റെ വചനങ്ങൾ വെറും അധരവ്യായാമം ആയിരുന്നില്ല മറിച്ച് അത് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള ബന്ധത്തിന്റെ ജീവശ്വാസം ആയിരുന്നു എന്നുള്ളതാണ്. ചാക്രികലേഖനത്തിന്റെ മേൽപ്പറഞ്ഞ ഖണ്ഡികകൾക്ക് ഫ്രാൻസിസ് പാപ്പാ നൽകുന്ന ശീർഷകം, 'ഹൃദയത്തിൽ നിന്ന് ആരംഭിക്കുന്ന ലോകത്തിന്റെ മാറ്റം' എന്നുള്ളതാണ്. യുദ്ധവും, അക്രമങ്ങളും, മറ്റു ദുരന്തങ്ങളുമെല്ലാം ലോകത്തിൽ നടമാടുമ്പോൾ, മാറ്റങ്ങളെ പറ്റി ചിന്തിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. എന്നാൽ ഈ ചിന്തകളെല്ലാം, വാക്മയചിത്രങ്ങളായും, ഉട്ടോപ്യൻ ആശയങ്ങളായും, പുസ്തകത്തിലെ വരികളായും മാത്രം അവശേഷിക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രയാസകരമായ അവസ്ഥ. ഇവിടെയാണ് ഫ്രാൻസിസ് പാപ്പാ ഹൃദയങ്ങളുടെ പ്രാധാന്യം എടുത്തു കാണിക്കുന്നത്. മാറ്റങ്ങളെല്ലാം ആരംഭിക്കേണ്ടത് ഹൃദയങ്ങളിൽ നിന്നാണെന്നു പറയുമ്പോൾ, ഇവിടെ വ്യക്തിപരമായതും, സാമൂഹ്യമായതുമായ മാറ്റങ്ങളെ പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
സ്വയം മാറ്റത്തിനു വിധേയമാകുന്നില്ലെങ്കിൽ, സമൂഹത്തിന്റെ മാറ്റം സാധ്യമാവുകയില്ല എന്ന സത്യവും പാപ്പാ അടിവരയിടുന്നു. ഒരു സമൂഹത്തിൽ വ്യത്യസ്തമായ ചിന്തകളും, ആശയങ്ങളും, കാഴ്ചപ്പാടുകളും ഉൾക്കൊള്ളുന്ന വിവിധ തരത്തിലുള്ള ആളുകൾ ഉണ്ടാവും. എന്നാൽ വ്യത്യസ്തങ്ങളായ ബുദ്ധിശക്തികളെയും ഇച്ഛാശക്തികളെയും ഒന്നിപ്പിച്ചുകൊണ്ട് സമൂഹത്തെ മുൻപോട്ടു നയിക്കണമെങ്കിൽ, ഹൃദയങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം. ഇപ്രകാരമുള്ള ബന്ധമാണ് സാഹോദര്യം ത്വരിതപ്പെടുത്തുന്നതിൽ നമ്മെ സഹായിക്കുന്നത്.
ഇപ്രകാരമുള്ള സാഹോദര്യം സമൂഹത്തിൽ യാഥാർഥ്യമാകണമെങ്കിൽ, ഹൃദയത്തിന്റെ ആർദ്രഭാവം എല്ലാവരും കൈമുതലാക്കണം. എന്നാൽ നമ്മുടെ ഹൃദയങ്ങളിൽ ഇപ്രകാരം സ്നേഹത്തിന്റെ ഭാവം നിറയ്ക്കുവാൻ പാപ്പാ ചൂണ്ടിക്കാണിക്കുന്ന മാതൃകയും, ഉറവയും യേശുവിന്റെ തിരുഹൃദയം തന്നെയാണ്. അതിനാൽ യേശുവിന്റെ ഹൃദയവുമായി കണ്ടുമുട്ടുവാൻ നമ്മെ തന്നെ വിട്ടുകൊടുക്കണമെന്ന് പാപ്പാ ചാക്രികലേഖനത്തിൽ ആഹ്വാനം ചെയ്യുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലും ഇപ്രകാരം ഹൃദയത്തിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നുണ്ട്. മനുഷ്യരാശിയെ മെച്ചപ്പെട്ട ഒരു ഭാവിയിലേക്ക് നയിക്കുന്നതിന് ഹൃദയങ്ങളുടെ പരിവർത്തനത്തിനും, മറ്റുള്ളവരിലേക്കുള്ള ഹൃദയാത്മകമായ തുറവിനും കൗൺസിൽ ആഹ്വാനം ചെയ്യുന്നു. ഇത് തന്നെ പാപ്പാ വീണ്ടും ഓർമ്മപ്പെടുത്തുന്നു. "സമകാലിക ലോകം അനുഭവിക്കുന്ന അസന്തുലിതാവസ്ഥ മനുഷ്യന്റെ ഹൃദയത്തിൽ വേരൂന്നിയ ആഴത്തിലുള്ള അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു" എന്നാണ് പാപ്പാ എടുത്തു പറയുന്നത്. അതിനാൽ ഹൃദയത്തിലധിഷ്ഠിതമായ ഒരു ജീവിതം പടുത്തുയർത്തുന്നതിനു പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. കാരണം ഹൃദയങ്ങളെ അന്വേഷിക്കുന്ന ഒരു ദൈവത്തെയാണ് വചനം പരിചയപ്പെടുത്തുന്നത്. എന്നാൽ ഹൃദയാധിഷ്ഠിതമായ ഒരു ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തിപരമായ ഒരു ഒതുങ്ങിക്കൂടലല്ല. മറിച്ച്, നമ്മുടെ ഹൃദയം സ്വയംപര്യാപ്തമല്ലെന്നും, അത് ദുർബലമാണെന്നും, മുറിവേറ്റതാണെന്നും തിരിച്ചറിഞ്ഞുകൊണ്ട്, കൂട്ടായ്‍മയിൽ സന്തോഷവും ആനന്ദവും കണ്ടെത്തുവാൻ പാപ്പാ ഏവരെയും ക്ഷണിക്കുന്നു.
എന്നാൽ അപൂർണ്ണമായ നമ്മുടെ ഹൃദയത്തിന്റെ ആഴത്തിൽ ക്രിസ്തുവിന്റെ ഹൃദയ ഭാവമായ സ്നേഹം നിറയ്ക്കുവാൻ പാപ്പാ ആവശ്യപ്പെടുന്നു. കാരണം ഒരു മനുഷ്യന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും വലിയ പൂർണ്ണതയാണ് ക്രിസ്തു എന്ന സത്യവും, അവന്റെ ഹൃദയത്തിന്റെ ആർദ്രതയും. മനുഷ്യന്റെ പാദത്തോളം താഴ്ന്ന മറ്റൊരു ദൈവത്തെ ചരിത്രത്തിൽ കണ്ടെത്തുവാൻ നമുക്ക് സാധിക്കുകയില്ല. കാരണം, ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതിനും, അതിൽ നമ്മെ തന്നെ തിരിച്ചറിയുന്നതിനും, യേശുവിന്റെ ഹൃദയത്തോട് നമ്മെ ചേർത്തുനിർത്തണം. ക്രിസ്തുവിന്റെ ഹൃദയത്തെ ലോകത്തിനെ മുഴുവൻ ഹൃദയമായിട്ടാണ് ഫ്രാൻസിസ് പാപ്പാ എടുത്തു കാണിക്കുന്നത്. ദൈവം എന്ന പൊതു ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കുന്ന ചാലകശക്തിയും ഈ തിരുഹൃദയം തന്നെയാണ്. യുദ്ധങ്ങൾ, സാമൂഹിക-സാമ്പത്തിക അസന്തുലിതാവസ്ഥകൾ, ഉപഭോഗസംസ്കാരം, സാങ്കേതികവിദ്യയുടെ മനുഷ്യവിരുദ്ധ ഉപയോഗം എന്നിവ അടയാളപ്പെടുത്തുന്ന ഒരു കാലഘട്ടത്തിൽ യേശുവിന്റെ ഹൃദയത്തിന്റെ ആർദ്രഭാവം പരിവർത്തനത്തിന്റെ പാതയിൽ നമ്മെ നയിക്കട്ടെ എന്ന ആഹ്വാനത്തോടെയാണ് ഫ്രാൻസിസ് പാപ്പാ ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: