നൈജീരിയ: അക്രമികൾ തട്ടിക്കൊണ്ടുപോയ ഫാ. ഇബ്രാഹിം ആമോസ് സ്വതന്ത്രനായി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഏപ്രിൽ 24 വ്യാഴാഴ്ച കദുന സംസ്ഥാനത്തെ കൗരു പ്രദേശത്തുള്ള കുർമിൻ റിസ്‌ഗയിലുള്ള വിശുദ്ധ ജറാൾഡിന്റെ നാമത്തിലുള്ള ഇടവകയിൽനിന്ന് അക്രമികൾ തട്ടിക്കൊണ്ടുപോയ ഫാ. ഇബ്രാഹിം ആമോസ് സ്വാതന്ത്രനാക്കപ്പെട്ടുവെന്ന് കഫഞ്ചൻ രൂപത അറിയിച്ചതായി ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു കുറിപ്പിലാണ്, ഫാ. ആമോസ് പരിക്കുകളൊന്നുമേൽക്കാതെ സ്വാതന്ത്രനാക്കപ്പെട്ടുവെന്ന് രൂപത ചാൻസലർ ഫാ. ജേക്കബ് ഷാനറ്റ് അറിയിച്ചത്.
ഫാ. ആമോസിനെ തട്ടിക്കൊണ്ടുപോയ ദിവസം തന്നെ രൂപത പുറത്തുവിട്ട ഒരു സന്ദേശത്തിൽ, സഭയിലെ അജപാലകരോട് ആളുകൾ കാട്ടുന്ന സ്നേഹത്തിനും അവർക്കായുള്ള പ്രാർത്ഥനയ്ക്കും ഫാ. ഷാനറ്റ് നന്ദി പറഞ്ഞിരുന്നു. വൈദികരുടെയും എല്ലാ സന്യസ്തരുടെയും എല്ലാ മാലാഖാമാരുടെയും മാതാവായ പരിശുദ്ധ അമ്മ, തട്ടിക്കൊണ്ടുപോകപ്പെട്ട് ഇപ്പോഴും സ്വാതന്ത്രരാക്കപ്പെടാതെ കഴിയുന്ന എല്ലാവർക്കും വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കട്ടെയെന്നും, ഏവരെയും സുരക്ഷിതരായി അവരുടെ കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കുമെത്തിക്കട്ടെയെന്നും അദ്ദേഹം എഴുതി.
കഴിഞ്ഞ മാർച്ചിൽ കഫഞ്ചൻ അതിരൂപതയിലെ തച്ചിറ ഇടവക വികാരിയായിരുന്ന ഫാ. സിൽവസ്റ്റർ ഒകെചുക്വു എന്ന വൈദികനെ അക്രമികൾ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. മാർച്ച് നാലാം തീയതി തട്ടിക്കൊണ്ടുപോകപ്പെട്ട ഒകെചുക്വുവിനെ അഞ്ചാം തീയതി വിഭൂതിബുധനാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അക്രമികളെ സുരക്ഷാസംഘം പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
നൈജീരിയയിൽ മോചനദ്രവ്യം ലക്ഷ്യമാക്കി വൈദികരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത ആശങ്കാജനകമാണെന്നും, ഇത്തരം സംഭവങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങൾ നടക്കട്ടെയെന്നും 2024 ഫെബ്രുവരി 25-ന് ത്രികാലജപപ്രാർത്ഥന നയിച്ച വേളയിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: