ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിച്ചു കർദിനാൾ സംഘം
വത്തിക്കാൻ ന്യൂസ്
ഫ്രാൻസിസ് പാപ്പായുടെ ഭൗതീകശരീരം അടക്കം ചെയ്തിരിക്കുന്ന റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ, ഏപ്രിൽ മാസം ഇരുപത്തിയേഴാം തീയതി, ദൈവകരുണയുടെ തിരുനാൾ ദിവസം, പ്രാദേശിക സമയം ഉച്ചകഴിഞ്ഞു കർദിനാൾ സംഘത്തിലെ അംഗങ്ങൾ എത്തുകയും, ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിനു മുൻപിൽ പ്രാർത്ഥിക്കുകയും, തുടർന്ന് സായാഹ്നപ്രാർത്ഥനയർപ്പിക്കുകയും ചെയ്തു. രാവിലെ ഏഴ് മണി മുതൽ പൊതുജനങ്ങൾക്കായി ബസിലിക്ക തുറന്നു കൊടുത്തിരുന്നു. പതിനായിരങ്ങളാണ് പാപ്പായുടെ കല്ലറ സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തിയത്.
സായാഹ്നപ്രാർത്ഥനയ്ക്ക് കർദിനാൾ റോലാൻദാസ് മാക്രിക്കാസ് നേതൃത്വം നൽകി. "ഉയിർത്തെഴുന്നേറ്റ കർത്താവ് വെളിച്ചത്തിന്റെയും സമാധാനത്തിന്റെയും വാസസ്ഥലത്തേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യട്ടെ" എന്ന പ്രാർത്ഥനകളോടെയാണ് കർമ്മങ്ങൾ ആരംഭിച്ചത്. വിശുദ്ധ ലൂക്ക വരച്ചതാണെന്നു പാരമ്പര്യം പറയുന്ന സാലൂസ് പോപ്പോളി റൊമാനി ചിത്രത്തിന് മുൻപിലും കർദിനാൾമാർ പ്രാർത്ഥനാനിരതരായി അല്പസമയം ചിലവഴിച്ചു.
കർദിനാൾമാർക്കൊപ്പം നിരവധി വിശ്വാസികളും സായാഹ്ന പ്രാർത്ഥനയിൽ പങ്കെടുത്തു. സന്ദർശകരുടെ തുടർച്ചയായ പ്രവാഹം കണക്കിലെടുത്തു രാത്രി വൈകിയും ബസിലിക്ക തുറന്നിട്ടിരുന്നു. ഫ്രാൻസിസ് പാപ്പാ, ജമല്ലി ആശുപത്രിയിൽ കഴിയുന്ന സമയത്ത് എല്ലാ ദിവസവും പരിശുദ്ധ പിതാവിന് വേണ്ടി പ്രാർത്ഥിക്കുവാൻ കൈയിൽ മഞ്ഞപ്പൂക്കളുമായി എത്തിയിരുന്ന കർമേലാ എന്ന ഇറ്റാലിയൻ സ്ത്രീയും, പാപ്പായുടെ കബറിടത്തിനു മുൻപിൽ കണ്ണീരോടെ പ്രാർത്ഥിക്കുവാൻ എത്തിയിരുന്നു.
പാപ്പാ ആശുപത്രിമോചിതനായ അവസരത്തിൽ, മഞ്ഞപ്പൂക്കളുമായി നിന്ന കർമേലയെ പ്രത്യേകം അഭിവാദ്യം ചെയ്തിരുന്നു. നിലയ്ക്കാത്ത വിശ്വാസി പ്രവാഹത്തിലും, പതിവിനു വിപരീതമായി അല്പസമയം കബറിടത്തിനു മുൻപിൽ നിൽക്കുവാൻ സുരക്ഷാഉദ്യോഗസ്ഥർ കർമേലയെ അനുവദിച്ചതും ഏറെ ഹൃദയസ്പർശിയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: