ഫ്രാൻസിസ് പാപ്പായുടെ നിത്യശാന്തിക്കായി പ്രാർത്ഥിച്ച് ഡിജിറ്റൽ മിഷനറിമാർ
സെബാസ്ത്യൻ സാൻസോൺ ഫെറാരി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡിജിറ്റൽ മിഷനറിമാരായ യുവജനങ്ങൾ, ഏപ്രിൽ മാസം ഇരുപത്തിയാറാം തീയതി ഉച്ചകഴിഞ്ഞു, റോമിലെ സാൻ ലോറെൻസോ ഇന്റർനാഷണൽ യൂത്ത് സെന്ററിൽ ഒത്തുചേരുകയും, പരിശുദ്ധ പിതാവിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഡിജിറ്റൽ പ്രേഷിതത്വത്തിനായി ഫ്രാൻസിസ് പാപ്പാ നൽകിയ പ്രചോദനങ്ങളേയും, പ്രോത്സാഹനങ്ങളെയും തദവസരത്തിൽ അംഗങ്ങൾ അനുസ്മരിച്ചു. തികച്ചും ആത്‌മീയമായ നിമിഷങ്ങളിൽ, ദിവ്യകാരുണ്യ ആരാധന, മൗനപ്രാർത്ഥന, നല്ല സമരിയാക്കാരന്റെ ഉപമ വിശദീകരിക്കുന്ന വചന വായന, പോപ്പിന്റെ ആഗോള പ്രാർത്ഥനാ ശൃംഖലയുടെ ഡയറക്ടർ ഫാദർ ക്രിസ്റ്റോബൽ ഫോൺസ് എസ്ജെയുടെ ചിന്തകൾ, പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാർത്ഥന എന്നിവ ഉൾപ്പെടുത്തിയിരുന്നു.
ആധുനിക കാലഘട്ടത്തിൽ, പരമ്പരാഗത സുവിശേഷവത്ക്കരണത്തോടൊപ്പം, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ നൽകിയ അതുല്യമായ സംഭാവനകളെ അംഗങ്ങൾ അനുസ്മരിച്ചു. "ഒരു സിദ്ധാന്തമായിട്ടല്ല, മറിച്ച് തന്റെ ജീവിതം കൊണ്ടാണ് പരിശുദ്ധ പിതാവ് നമുക്ക് ദൈവത്തിന്റെ വഴി കാണിച്ചുതന്നതെന്നു" അംഗങ്ങളിൽ ഒരാളായ ഓസ്റ്റിൻ ഐവറി പറഞ്ഞു. ഇത് "വിനയം, ആർദ്രത, ക്ഷമ" എന്നിവ ഉൾക്കൊള്ളുന്നതാണെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു.
ദരിദ്രർക്കായി ഒരു ദരിദ്ര സഭയായി മാറാനുള്ള പാപ്പായുടെ ആഹ്വാനവും, അധികാരമല്ല മറിച്ച് സ്നേഹമാണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ കാഴ്ചപ്പാട് സുവിശേഷവത്ക്കരണ പ്രവർത്തങ്ങൾക്ക് വലിയ മുതൽക്കൂട്ടാണെന്നും അംഗങ്ങൾ പങ്കുവച്ചു. കമ്മ്യൂണിക്കേഷൻ ഡിക്കസ്റ്ററിയുടെ സെക്രട്ടറി മോൺസിഞ്ഞോർ ലൂച്ചോ റൂയിസും സന്ദേശം നൽകി. "ഡിജിറ്റൽ മിഷനറിമാർ തെല്ലും ലൈക്കുകളിലോ അനുയായികളിലോ മാത്രം തൃപ്തിപ്പെടരുതെന്നും , മറിച്ച് കഷ്ടപ്പെടുന്നവരിലേക്കും, സത്യം അന്വേഷിക്കുന്നവരിലേക്കും , ആവശ്യമുള്ളവരിലേക്കും എത്തിച്ചേരണമെന്നും", മോൺസിഞ്ഞോർ റൂയിസ് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: