സാന്താ മരിയ മജോരെ ബസിലിക്കയിൽ ജപമാലയർപ്പണം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സ്വർഗീയ പിതാവിന്റെ ഭവനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ യാത്രയായതിനെ തുടർന്ന് ആറാം ദിവസവും, റോമിലെ മരിയ മജോരെ ബസിലിക്കയിൽ ജപമാല പ്രാർത്ഥനചൊല്ലി പരിശുദ്ധ പിതാവിനു വേണ്ടി പ്രാർത്ഥിച്ചു. സംസ്കാരച്ചടങ്ങുകൾക്കു ശേഷം, ഏപ്രിൽ മാസം ഇരുപത്തിയാറാം തീയതി വൈകുന്നേരം ഒമ്പതുമണിക്ക് അർപ്പിച്ച ജപമാല പ്രാർത്ഥനയ്ക്ക്, കർദിനാൾ റോലാൻദാസ് മക്രിക്കാസ് നേതൃത്വം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ജപമാല പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പായും, തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി അനുഭവപ്പെട്ടുവെന്നു വിശ്വാസികളിൽ ഒരാൾ പങ്കുവച്ചു.
ജപമാല പ്രാർത്ഥനയ്ക്ക് ആമുഖമായി, ഫ്രാൻസിസ്പാപ്പായെക്കുറിച്ചുള്ള ലഘുവായ ഒരു ചിന്തയും കർദിനാൾ പങ്കുവച്ചു. "ഇന്ന്, ബസിലിക്കയിൽ എത്തിയതോടെ, നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പയുടെ അവസാന യാത്ര പൂർത്തിയായി. അദ്ദേഹം റോമിലെ തെരുവുകളിലൂടെ കടന്നുപോയി, നിരവധി വിശ്വാസികൾ അന്ത്യാഞ്ജലി അർപ്പിക്കാനും അവരുടെ എല്ലാ വാത്സല്യവും പ്രകടിപ്പിക്കാനും ആഗ്രഹിച്ചുകാത്തുനിന്നു. സഭയ്ക്കും, സമൂഹത്തിനുമായി അദ്ദേഹം നടത്തിയ എല്ലാ ഫലപ്രദമായ ശുശ്രൂഷയുടെയും ഓർമ്മകൾ നമ്മുടെ ഹൃദയങ്ങളിൽ നമുക്ക് നിലനിർത്താം.
അവസാന ശ്വാസം വരെ അദ്ദേഹം സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത സഭയാണ് നമ്മുടേത്. ഇന്ന് മുതൽ അദ്ദേഹം ഈ മരിയൻ സങ്കേതത്തിൽ, വളരെ പ്രിയപ്പെട്ടവനായി, സാലൂസ് പോപ്പോളി റൊമാനി എന്ന സ്ഥാനപ്പേരിൽ ഇവിടെ വണങ്ങപ്പെടുന്ന അമ്മയുടെ സ്നേഹനിർഭരമായ നോട്ടത്തിൻ കീഴിൽ വിശ്രമിക്കുന്നു. വിശ്വസ്തരായ ദാസന്മാർക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം നമ്മുടെ ഉയിർത്തെഴുന്നേറ്റ യേശു അദ്ദേഹത്തിന് നല്കട്ടെയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ക്രിസ്ത്യാനികളുടെ സഹായമേ, ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ". ഈ വാക്കുകളോടെയാണ് ജപമാല പ്രാർത്ഥന ആരംഭിച്ചത്.
ഫ്രാൻസിസ് പാപ്പായുടെ സംസ്കാരശുശ്രൂഷകൾ നടന്ന ഏപ്രിൽ ഇരുപത്തിയാറുമുതൽ, ഒൻപതു ദിവസത്തേക്ക് അനുസ്മരണ ബലികളും അർപ്പിക്കപ്പെടുമെന്നു വത്തിക്കാൻ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: