തിരയുക

സംഗമത്തിനെത്തിയവരുടെ നീണ്ടനിര സംഗമത്തിനെത്തിയവരുടെ നീണ്ടനിര  

കൗമാരക്കാരുടെ പ്രഥമ ജൂബിലി സമ്മേളനത്തിൽ രണ്ടുലക്ഷത്തിനു മുകളിൽ അംഗങ്ങൾ

2025 ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൗമാരക്കാർക്കുവേണ്ടി സംഘടിപ്പിച്ച സംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ടുലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ഏവരെയും ക്ഷണിക്കുന്ന 2025 ജൂബിലി ആഘോഷത്തിൽ നവമായി ഉൾച്ചേർത്തിരുന്ന കൗമാരക്കാരുടെ സംഗമത്തിൽ രണ്ടുലക്ഷത്തിലധികം അംഗങ്ങൾ പങ്കെടുത്തുവെന്നു വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും റോമിലേക്ക് എത്തിയ കൗമാരക്കാരായ തീർത്ഥാടകർ, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാൻസിസ് പാപ്പായുടെ സംസ്കാര ശുശ്രൂഷകളിലും സംബന്ധിച്ചു. ജൂബിലി ആഘോഷത്തിനായി റോമിൽ എത്തിയ  കൗമാരക്കാരെ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്ട് ആർച്ച് ബിഷപ്പ് റിനോ ഫിസിക്കെല്ല സ്വാഗതം ചെയ്തു.

"പ്രിയ യുവജനങ്ങളേ, ഉയിർത്തെഴുന്നേറ്റ ക്രിസ്തു ശിഷ്യന്മാരോടൊപ്പം നടത്തിയ പ്രകാശത്തിന്റെ പാതയിലൂടെയുള്ള യാത്രയുടെ ചില ഘട്ടങ്ങളെ അനുസ്മരിച്ചുകൊണ്ട്, ഈ ജൂബിലിയുടെ സന്തോഷം നമുക്ക് അനുഭവിക്കാം. നമ്മുടെ ജീവിതം സന്തോഷങ്ങളും, ദുഃഖങ്ങളും, ചോദ്യങ്ങളും അതോടൊപ്പം പ്രത്യാശയും നിറഞ്ഞതാണ്." ഈ വാക്കുകളോടെയാണ് ആർച്ചുബിഷപ്പ് അംഗങ്ങളെ സ്വാഗതം ചെയ്തത്.

തുടർന്ന് വിശുദ്ധ വാതിൽ കടക്കുകയും, വിവിധ ദേവാലയങ്ങളിൽ രാത്രി ആരാധനയിൽ സംബന്ധിക്കുകയും ചെയ്തു. ഇരുപത്തിയാറാം തീയതി നടന്ന ഫ്രാൻസിസ് പാപ്പായുടെ സംസ്കാരശുശ്രൂഷകളിലും കൗമാരക്കാർ സംബന്ധിച്ചു. ഏപ്രിൽ മാസം ഇരുപത്തിയഞ്ചു. മുതൽ ഇരുപത്തിയേഴു വരെയാണ് കൗമാരക്കാരുടെ ജൂബിലി ആഘോഷം  റോമിൽ വച്ചു നടന്നത്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റോമിലെ ചിർക്കോ മാസിമോയിൽ വച്ച് നടത്താനിരുന്ന ഭക്തിഗാനമേള ഫ്രാൻസിസ് പാപ്പായുടെ മരണാനന്തരം ഒഴിവാക്കിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഏപ്രിൽ 2025, 12:48