തിരയുക

ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാര ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാര ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ക്രൈസ്തവജീവിതമാതൃകയും പത്രോസിന്റെ പിൻഗാമിയും റോമിന്റെ മെത്രാനും

പത്രോസിന്റെ പിൻഗാമിയെന്ന നിലയിലും റോമിന്റെ മെത്രാനെന്ന നിലയിലും പന്ത്രണ്ടു വർഷങ്ങൾ കത്തോലിക്കാസഭയെ നയിച്ച് കടന്നുപോയ ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തെക്കുറിച്ചുള്ള വിചിന്തനം.
ശബ്ദരേഖ - ക്രൈസ്തവജീവിതമാതൃകയും പത്രോസിന്റെ പിൻഗാമിയും റോമിന്റെ മെത്രാനും ആയിരുന്ന ഫ്രാൻസിസ് പാപ്പായുടെ ജീവിതം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അർജന്റീനയിൽനിന്ന് ഇറ്റലിയിലെത്തി നീണ്ട 12 വർഷക്കാലം കത്തോലിക്കാസഭയുടെ അമരക്കാരനായി, കത്തോലിക്കരെ മാത്രമല്ല ക്രൈസ്തവരെവരെയും, എന്തിന് അക്രൈസ്തവരെയും, മത, ജാതി, വർണ്ണ, വർഗ്ഗ വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ ക്രിസ്തുവിന്റേതിനോടടുത്ത സ്നേഹസഹോദര്യങ്ങളോടെ ചേർത്തുപിടിച്ച ഫ്രാൻസിസ് പാപ്പാ നമ്മോട് വിട പറഞ്ഞു. ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ നിത്യപിതാവിന്റെ പക്കലേക്ക് യാത്രയായ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം ഏപ്രിൽ 26 ശനിയാഴ്ച, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയ്ക്ക് മുന്നിലെ ചത്വരത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിക്കും പ്രാർത്ഥനകൾക്കും ശേഷം,  പാപ്പാ പലവുരു കടന്നുപോയ റോമിന്റെ തെരുവീഥികളിലൂടെ, പാപ്പായെ കാണാനും അന്ത്യോപചാരമേകാനുമെത്തിയ പതിനായിരക്കണക്കിന് ക്രൈസ്തവരും മറ്റു മതസ്ഥരും, നിരീശ്വരവാദികളുമായ, എന്നാൽ പാപ്പായെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആളുകൾക്കിടയിലൂടെ മേരി മേജർ ബസലിക്കയിലേക്ക് കൊണ്ടുപോവുകയും പാപ്പായുടെ താത്പര്യപ്രകാരം പ്രത്യേകമായി തയ്യാറാക്കപ്പെട്ടിരുന്ന കല്ലറയിൽ അടക്കം ചെയ്യപ്പെടുകയും ചെയ്തു. ഏതാണ്ട് നൂറ്റിമുപ്പത്തിലധികം രാജ്യങ്ങളിൽനിന്നുള്ള ആദ്യോഗികപ്രതിനിധിസംഘങ്ങളും ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകൾക്കെത്തിയിരുന്നു.

ഫ്രാൻസിസ് പാപ്പായുടെ കല്ലറയും പരിശുദ്ധ അമ്മയോടുള്ള ഭക്തിയും

ഏറെ ലളിതമായ ഒരു കല്ലറയാണ് ഫ്രാൻസിസ് പാപ്പാ തനിക്ക് വേണ്ടി ആഗ്രഹിച്ചത്. അതനുസരിച്ച്, ഫ്രാൻചിസ്കൂസ് (Franciscus) എന്ന് മാത്രം ലിഖിതം ചെയ്യപ്പെട്ട ഒരു മാർബിൾ ഫലകം മാത്രമുള്ള ഒരു കല്ലറയാണ് പാപ്പായ്ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടത്. മേരി മേജർ ബസലിക്കയിൽ "റോമൻ ജനതയുടെ സംരക്ഷക" എന്നർത്ഥം വരുന്ന "സാലൂസ് പോപുളി റൊമാനി" എന്ന പരിശുദ്ധ അമ്മയുടെ ചിത്രമുള്ള കപ്പേളയുടെയും “കപ്പേള സ്‌ഫോർസ” എന്നറിയപ്പെടുന്ന കപ്പേളയുടെയും ഇടയിൽ, വിശുദ്ധ ഫ്രാൻസിസിന്റെ അൾത്താരയ്ക്കരികിലായാണ് ഫ്രാൻസിസ് പാപ്പായ്ക്ക് വേണ്ടിയുള്ള ഈ കല്ലറ. പാപ്പായുടെ മാലയിലുണ്ടായിരുന്ന കുരിശിന്റെ വലിയൊരു രൂപം ഭിത്തിയിലും സ്ഥാപിച്ചിട്ടുണ്ട്.

പരിശുദ്ധ അമ്മയോട് പുത്രനടുത്ത വലിയ സ്നേഹവും ഭക്തിയും പ്രകടിപ്പിച്ചിരുന്ന ഫ്രാൻസിസ് പാപ്പാ തന്റെ എല്ലാ അപ്പസ്തോലികയാത്രകൾക്കും മുൻപും ശേഷവും മേരി മേജർ ബസലിക്കയിലെത്താറുണ്ടായിരുന്നു. 2025-ലെ വിശുദ്ധവാരത്തലേന്ന് ഏപ്രിൽ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അവസാനമായി പാപ്പാ ഇവിടെയെത്തിയത്. റോമിന്റെ മെത്രാനെന്ന നിലയിൽ 126 തവണ പാപ്പാ ഇവിടെയെത്തിയിട്ടുണ്ട്. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക ഭക്തിയും,  അമ്മയുടെ തിരുസുതനായ ക്രിസ്തുവിനരികിലേക്കുള്ള യാത്രയിൽ അമ്മയുടെ മാദ്ധ്യസ്ഥ്യം ഏറെ സഹായകമാണെന്ന ബോധ്യവും തന്റെ കല്ലറ മേരി മേജർ ബസലിക്കയിൽ വേണമെന്ന് വിൽപ്പത്രത്തിൽ എഴുതാൻ. പാപ്പായെ പ്രേരിപ്പിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ്.

ജനനവും ചെറുപ്പകാലവും

1936 ഡിസംബർ 17-ന് ജനിച്ച്, തന്റെ എൺപത്തിയെട്ടാം വയസ്സിൽ 2025 ഏപ്രിൽ 21-ന് രാവിലെ നിത്യപിതാവിന്റെ പക്കലേയ്ക്ക് യാത്രയായ ഹോർഹെ മാരിയോ ബെർഗോല്യോ എന്ന, ഈശോസഭാംഗം കൂടിയായിരുന്ന ഫ്രാൻസിസ് പാപ്പായുടേത് ക്രൈസ്തവസാക്ഷ്യത്തിന്റെ മനോഹരമായ ജീവിതമാണ്. ഫ്രാൻസിസ് പാപ്പായുടെ ജീവിതം പുതിയൊരു തലത്തിലേക്ക് നീങ്ങി, അദ്ദേഹത്തിന്റെ ശാരീരികമായ സാന്നിദ്ധ്യം നമ്മിൽനിന്ന് അകലുമ്പോൾ ആ ജീവിതത്തിന്റെ ആദ്യകാലചരിതത്തിലേക്ക് നമുക്ക് ചെറുതായൊന്ന് കണ്ണോടിക്കാം. ബൊയ്നോസ് ഐറെസ് നഗരത്തിനടുത്ത് തന്നെയുള്ള "ഫ്ളോറെസ്" എന്നയിടത്ത് മാരിയോ ഹൊസേ ബെർഗോല്യോയുടെയും റെജീന മരിയ സിവോറിയുടെയും അഞ്ചുമക്കളിൽ മൂത്തവനായാണ് ഹോർഹെ മാരിയോ ബെർഗോല്യോ ജനിച്ചത്. കെമിക്കൽ ടെക്നിഷ്യനായി ഡിപ്ലോമ നേടി. ഹികെതീർ ബാക്മാൻ ലബോറട്ടറിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം മുൻപ് ഒരു ബൗൺസറും കാവൽക്കാരനുമായും ജോലി ചെയ്തിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് 21 വയസുള്ളപ്പോൾ ഉണ്ടായ ശക്തമായ ന്യുമോണിയയും മറ്റ് അസ്വസ്ഥതകളും മൂലം ഡോക്ടർമാർ അദ്ദേഹത്തിന്റെ ഒരു ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. രോഗവിമുക്തനായ ശേഷം തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ, 1958 മാർച്ച് 11-ന് ഈശോസഭയിൽ ചേരുകയും 1960 മാർച്ച് 12-ന് തന്റെ പ്രഥമവ്രതവാഗ്ദാനം നടത്തുകയും ചെയ്‌ത ഹോർഹെ 1969 ഡിസംബർ 13-ന്, തന്റെ മുപ്പത്തിരണ്ടാം വയസ്സിലാണ് പുരോഹിതനായി അഭിഷിക്തനായത്. ഇതിനും നാല് വർഷങ്ങൾക്ക് ശേഷം 1973 ഏപ്രിൽ 22-നാണ് അദ്ദേഹം ഈശോസഭയിലെ തന്റെ നിത്യവ്രതവാഗ്ദാനം നടത്തിയത്.

ബൊയ്നോസ് ഐറെസ് അതിരൂപതയുടെ തലപ്പത്തേക്ക്

1992 മെയ് മാസം 22-ആം തീയതി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ, ഹോർഹെ മാരിയോ ബെർഗോല്യോയെ ഓകയുടെ സ്ഥാനീയമെത്രനായും, അർജന്റീനയിലെ ബൊയ്നോസ് ഐറെസ് അതിരൂപതയുടെ സഹായമെത്രാനായും നിയമിച്ചു. ഏതാണ്ട് ഒരുമാസം കഴിഞ്ഞ് ജൂൺ 27-നാണ് അദ്ദേഹം മെത്രാനായി അഭിഷിക്തനായത്. തുടർന്ന് 1997 ജൂൺ 3-ന് ബൊയ്നോസ് ഐറെസ് അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആർച്ബിഷപ്പായി അദ്ദേഹം നിയമിതനാവുകയും, അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ അന്തോണിയോ ക്വറചീനോയുടെ മരണത്തോടെ, തന്റെ അറുപത്തിയൊന്നാം വയസ്സിൽ, 1998 ഫെബ്രുവരി 28-ന് അതിരൂപതയുടെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. 1998 നവംബർ 30-ന്, അർജന്റീനയിലുള്ള പൗരസ്ത്യകത്തോലിക്കാസഭാവിശ്വാസികളുടെ ചുമതല കൂടി ആർച്ച്ബിഷപ് ഹോർഹെ മാരിയോ ബെർഗോല്യോയ്ക്ക് നൽകപ്പെട്ടു.

സഭയുടെ രാജകുമാരൻ

2001 ഫെബ്രുവരി 21-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. ഇതോടൊപ്പം റോമിലുള്ള വിശുദ്ധ റോബർട്ട് ബെല്ലാർമീനോ കർദ്ദിനാൾ സ്ഥാനികദേവാലയത്തിന്റെ പുരോഹിതനിലയിലുള്ള കർദ്ദിനാളായും അദ്ദേഹം നിയമിക്കപ്പെട്ടു. 2001 ഒക്ടോബർ 14-നാണ് കർദ്ദിനാൾ ഹോർഹെ മാരിയോ ബെർഗോല്യോയുടെ സ്ഥാനാരോഹണച്ചടങ്ങുകൾ നടന്നത്. അന്ന് അദ്ദേഹത്തിന് അറുപത്തിനാല് വയസ്സുണ്ടായിരുന്നു.

റോമിന്റെ മെത്രാൻ

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ മരണശേഷം, പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ബെനഡിക്ട് പതിനാറാമൻ പാപ്പാ 2005 ഏപ്രിൽ മുതൽ സഭയെ നയിച്ചുവരവേ, ഏതാണ്ട് എട്ടു വർഷങ്ങൾക്ക് ശേഷം, 2013 ഫെബ്രുവരി 28-ന് റോമിന്റെ മെത്രാനെന്ന നിലയിലുള്ള തന്റെ സ്ഥാനം അപ്രതീക്ഷിതമായി ത്യാഗം ചെയ്തതിന് പിന്നാലെ പുതിയ പാപ്പായെ തിരഞ്ഞെടുക്കാനായി കോൺക്ലേവ് നടക്കുകയും, 2013 മാർച്ച് 13-ആം തീയതി കർദ്ദിനാൾ ഹോർഹെ മാരിയോ ബെർഗോല്യോ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. അന്ന് അദ്ദേഹത്തിന് എഴുപത്തിയാറ് വയസ്സുണ്ടായിരുന്നു. പാവപ്പെട്ടവരെയും അശരണരെയും പ്രകൃതിയെയും അതിലെല്ലാമുപരി സഭയെയും ദൈവത്തെയും സ്നേഹിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ പേരാണ് അദ്ദേഹം തനിക്കായി തിരഞ്ഞെടുത്തത്.

വ്യത്യസ്തനായ ഒരു പാപ്പാ

ചരിത്രത്തിലിതുവരെ ഒരു പാപ്പാമാരും തിരഞ്ഞെടുക്കാത്ത ഒരു പേരായിരുന്നു ഫ്രാൻസിസ്. പാവങ്ങളെയും  കഷ്ടപെടുന്നവരെയും ചേർത്തുപിടിച്ച, ദാരിദ്ര്യത്തിൽ ജീവിച്ച, പ്രകൃതിയെ സ്നേഹിച്ച അസീസിയിലെ വലിയ വിശുദ്ധൻ. പത്രോസിന്റെ പിൻഗാമിയെ സംബന്ധിച്ചിടത്തോളം, ഇത് വെറുമൊരു പേരിന്റെ തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല. മറിച്ച് താൻ നാളിതുവരെ ജീവിച്ചുപോന്നിരുന്ന ലാളിത്യം നിറഞ്ഞ ജീവിതശൈലി തുടരുന്നതിന്റെയും, പാവങ്ങളുടെ പ്രിയപ്പെട്ട അസീസിയിലെ ഫ്രാൻസിസിന്റെ മാതൃകയിൽ പാവപ്പെട്ടവരോടും സമൂഹം മാറ്റി നിറുത്തിയവരോടുമുള്ള സ്നേഹത്തിൽ കൂടുതൽ വളരാനും, ദുഃഖദുരിതങ്ങളും, സായുധസംഘർഷങ്ങളും യുദ്ധങ്ങളും മൂലം കഷ്ടതയനുഭവിക്കുന്നവരെ ചേർത്തുപിടിക്കാനുമുള്ള തന്റെ തീരുമാനത്തിന്റെ പ്രകടനവുമായിരുന്നു.

വിശ്വാസവും പ്രവൃത്തിയും

ദൈവശാസ്ത്ര, സഭാപ്രബോധന മേഖലകളിൽ യാഥാസ്ഥിതികമായ നിലപാടുകളിൽനിന്ന് പിന്നോട്ട് പോകാതിരുന്ന പാപ്പാ പക്ഷെ, അതിന്റെ പേരിൽ ആരെയും അകറ്റിനിറുത്താനോ, രണ്ടാംകിട വ്യക്തികളായി തരാം താഴ്ത്താനോ തുനിഞ്ഞില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഗർഭഛിദ്രം, സ്വർഗ്ഗഗാനുരാഗം തുടങ്ങി ഏറെ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളിൽ, സഭയുടെ ഉദ്ബോധനങ്ങളെ എന്നും ചേർത്തുപിടിച്ച പാപ്പാ പക്ഷെ, പാപമാർഗ്ഗത്തെ വെറുത്തപ്പോഴും പാപികളെന്ന് മുദ്രകുത്തപ്പെട്ടവരെ സഹോദരമനോഭാവത്തോടെ, അതിലുപരി ക്രിസ്തുവിന്റെ ശൈലിയിൽ, തന്നോടും സഭയോടും ചേർത്തുപിടിച്ചത് ലോകത്തിന് മുന്നിൽ യഥാർത്ഥ ക്രൈസ്തവികതയുടെ മനോഹാരിത ഉയർത്തിപ്പിടിക്കുന്നതിനും സഭയിൽ നവീകരണത്തിന്റെ ചിന്തകൾ ഉണർത്തുന്നതിനും സഹായിച്ച ഒരു വസ്തുതയാണ്. സഭയെ സമൂഹത്തിൽ നിന്ന് വേർതിരിച്ച് കാണുക എന്ന ഒരു പ്രവണതയ്ക്ക് മുന്നിൽ, സമൂഹത്തിന്റെ പ്രശ്നങ്ങളെ സഭാതനായരുടെ പ്രശ്നങ്ങളായി കാണാൻ പാപ്പാ ശ്രമിച്ചിരുന്നുവെന്ന് നമുക്ക് കാണാം. ദുർബലവിഭാഗങ്ങളിലുള്ളവരോടും പാവപ്പെട്ടവരോടും തടവുകാരോടും ഭിന്നലിംഗക്കാരോടും സ്വവർഗ്ഗാനുരാഗികളോടും കുടിയേറ്റക്കാരോടും പാപികളെന്ന് സമൂഹം മുദ്ര കുത്തിയവരോടും ഒക്കെ പാപ്പാ കാണിച്ച പ്രത്യേക പരിഗണനയും സ്നേഹവും ഇതാണ് കാട്ടിത്തരുന്നത്. ഇത്തരം മനുഷ്യർക്കും സഭയിലും സമൂഹത്തിലും തുല്യതയും സാഹോദര്യത്തിന്റെ കരുതലും ലഭിക്കണമെന്ന് പാപ്പാ ആഗ്രഹിച്ചു. പാപ്പാ തന്നോട് ചേർത്തുപിടിച്ച, സമൂഹത്തിന്റെ അവസാനതട്ടിലുള്ള ഇത്തരം മനുഷ്യരാണ് പാപ്പായുടെ അവസാനയാത്രയിൽ മേരി മേജർ ബസലിക്കയ്ക്ക് മുന്നിൽ അദ്ദേഹത്തിന് പൂക്കൾ സമർപ്പിക്കാനെത്തിയത് എന്നത് ശ്രദ്ധേയമാണ്. പാവപ്പെട്ടവർക്ക് ദൈവത്തിന്റെ ഹൃദയത്തിൽ പ്രത്യേകമായ ഒരു സ്ഥാനമുണ്ടായിരിക്കുമെന്ന് പാപ്പായുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

കരുണയും ഫ്രാൻസിസ് പാപ്പായും

കരുണയുടെ ജൂബിലി പ്രഖ്യാപിക്കുക മാത്രമല്ല, ദൈവകരുണയോടെ ജീവിക്കുകയും ഏവരോടും കരുണയോടെ പെരുമാറുകയും ചെയ്ത ഒരു വ്യക്തിത്വമാണ് പാപ്പായുടേത്. ഈയൊരർത്ഥത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പ്രഭാഷണങ്ങളും ദിവ്യകാരുണയോടുള്ള പ്രത്യേക ഭക്തിയുമൊക്കെ നമ്മുടെ മുന്നിലുണ്ടെന്നത് സത്യമാണ്. എന്നാൽ ഫ്രാൻസിസ് പാപ്പായാകട്ടെ കരുണയെന്ന ഒരു വലിയ നന്മയെ തന്റെ ഓരോ പ്രഭാഷണങ്ങളിലും പ്രാർത്ഥനകളിലും പ്രവൃത്തികളിലും ഉൾച്ചേർക്കുന്നതിന് ശ്രദ്ധിച്ചിരുന്നു എന്നു മാത്രമല്ല, കരുണയുടെ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. തന്റെ മരണത്തിന് വെറും കുറച്ചു ദിവസങ്ങൾക്ക് മുൻപ്, പെസഹാവ്യാഴാഴ്ച, റോമിലുള്ള റെജീന ചേലി എന്ന തടവറയിലെത്തി, തടവുകാർക്കൊപ്പമായിരിക്കാനും, അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാനും പാപ്പാ കാട്ടിയ സന്മനസ്സ്, ഈയൊരു കരുണയുടെ മുഖഭാവം വിളിച്ചോതുന്നതാണ്.

അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും സ്നേഹിക്കാൻ പഠിപ്പിച്ച പാപ്പാ

പട്ടിണിയും ദാരിദ്ര്യവും സംഘർഷങ്ങളും യുദ്ധങ്ങളുമുൾപ്പെടെ സൃഷ്ടിക്കുന്ന ദുരിതാവസ്ഥയിൽനിന്ന് രക്ഷതേടിയെത്തുന്ന അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും മുഖത്ത് ക്രിസ്തുവിന്റെ മുഖം ദർശിക്കാനും, അവരെ സഹാനുഭൂതിയോടെയും ഐക്യദാർഢ്യമനോഭാവത്തോടെയും ചേർത്തുപിടിക്കാനും പഠിപ്പിക്കുകയും, ജീവിതം കൊണ്ട് കാണിച്ചുതരികയും ചെയ്‌ത ഒരു ക്രിസ്തുശിഷ്യനായി പാപ്പായെ നമുക്ക് കാണാനാകും. അഭയാർത്ഥികളും കുടിയേറ്റക്കാരുമെന്ന പേരിൽ എത്തുന്നവരിലെ ചിലരുടെ തെറ്റായ പ്രവൃത്തികൾ മൂലവും, ചിലപ്പോഴൊക്കെ അജ്ഞതയും അസഹിഷ്ണുതയും മൂലവും ക്രൈസ്തവർ പോലും പലപ്പോഴും തങ്ങളുടെ വാതിലുകൾ കൊട്ടിയടയ്ക്കുന്നതിനിടയാണ്, അവരെ ക്രിസ്തുവിനെപ്പോലെ സ്നേഹിക്കാനും സ്വീകരിക്കാനും പാപ്പാ ആഹ്വാനം ചെയ്തത്.

ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയും, ഭക്ഷ്യ, ജല സംലഭ്യത പോലും ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയിൽ ലോകത്ത് നിലനിൽക്കുന്ന അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ സംസാരിക്കുന്നതിനും, ദരിദ്രരെയും പാവപ്പെട്ടവരെയും സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുന്നതിനും, അവരെ കരം പിടിച്ചുയർത്തുന്നതിനും പാപ്പാ ശ്രമിച്ചിരുന്നു. തന്റെ അപ്പസ്തോലിക യാത്രകൾ ഉൾപ്പെടെയുള്ള അവസരങ്ങളിൽ അതതുരാജ്യങ്ങളിലെ താഴെത്തട്ടിലുള്ളവരെ കാണാൻ പരിശുദ്ധ പിതാവ് പ്രത്യേകമായി ശ്രദ്ധിക്കാറുണ്ടായിരുന്നു.

യുദ്ധങ്ങൾക്കും അനീതികൾക്കുമെതിരെയുള്ള പ്രതികരണവും സമാധാന, മത ചർച്ചകളായും

മരവിച്ച മനുഷ്യമനഃസാക്ഷിയുടെ നേർക്കാഴ്ചയായി ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇന്നും തുടരുന്ന സായുധസംഘർഷങ്ങളും യുദ്ധങ്ങളും ജനതകൾ തമ്മിലുള്ള വൈരാഗ്യവും പകയുമൊക്കെ ഫ്രാൻസിസ് പാപ്പായിലെ പത്രോസിന്റെ പിൻഗാമിയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. സാധാരണജനത്തെ സഹനത്തിലേക്കും പീഡനങ്ങളിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന അക്രമങ്ങൾക്കെതിരെ ലോകമനഃസാക്ഷിയുടെ മുന്നിൽ അടുത്തകാലത്ത് ഏറ്റവും ഉയർന്നുകേട്ട സ്വരം ഫ്രാൻസിസ് പാപ്പായുടേത് മാത്രമാണ് എന്ന് നിസ്സംശയം പറയാം. സമാധാനസ്‌നേഹികളെന്നും, ലോകമനഃസാക്ഷിയുടെയും, നീതിയുടെയുടെയും പാലകരെന്നും, സഹനത്തിലായിരിക്കുന്നവരുടെ സഹായികളെന്നുമൊക്കെ സ്വയം അവകാശപ്പെടുകയും വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന പല നേതൃത്വങ്ങളും മതങ്ങളും മറക്കുകയോ കാണാത്തതായി ഭവിക്കുകയോ ചെയ്‌ത ലക്ഷക്കണക്കിന് സാധാരണക്കാർക്കുവേണ്ടി സംസാരിക്കാൻ പാപ്പായുടെ സ്വരം എന്നും ഉയർന്നിരുന്നു. തന്റെ മരണത്തലേന്ന്, ഈസ്റ്റർ ഞായറിലേക്കായി ഒരുക്കിയ സന്ദേശത്തിലുൾപ്പെടെ യുദ്ധഭീകരതയുടെ ഇരകളെ പാപ്പാ പ്രത്യേകം ചേർത്തുപിടിക്കുകയും, മനുഷ്യജീവനെയെന്നല്ല, മാനവികതയെത്തന്നെ ഇല്ലാതാക്കാൻ കാരണമായേക്കാവുന്ന യുദ്ധമെന്ന വിപത്തിന് കാരണമാകുന്നവരുടെ മനഃസാക്ഷിക്ക് മുന്നിൽ ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നത് നാം കണ്ടു. സമാധാനസ്ഥാപനത്തിനായി തന്റേതായ രീതിയിൽ പരിശ്രമങ്ങൾ നടത്തുകയും പൊതുസമൂഹത്തോട് സമാധാനം സാധ്യമാകാൻ വേണ്ടി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്ത പാപ്പാ, മതസൗഹാർദ്ദത്തെ സമാധാനസ്ഥാപനത്തിനായുള്ള ശ്രമമായി കണ്ടുവെന്ന് നമുക്ക് കാണാം. പരസ്പരം വെറുത്തിരുന്നവർക്കിടയിൽ സമാധാനം സ്ഥാപിക്കാനായി ചില നേതാക്കളുടെ കാൽ മുത്താൻ തയ്യാറായ, ഇസ്ലാം, ഹൈന്ദവ മതങ്ങൾ ഉൾപ്പെടെയുള്ള ലോകമതങ്ങൾ തമ്മിലുള്ള നല്ല ബന്ധം വളർത്താൻ പരിശ്രമിച്ച ഒരു ഫ്രാൻസിസ് പാപ്പായെ നാം മറക്കാനിടയില്ല.

വയോധികരും യുവജനവും

ജീവിതപാഠങ്ങൾ പകർന്നുതരികയും, യുവതലമുറയ്ക്ക് മാർഗ്ഗനിർദ്ദേശം തരാൻ കഴിവുള്ളവരുമായ വയോധികരെ ഫ്രാൻസിസ് പാപ്പാ ചേർത്ത് പിടിക്കുകയും, അതിന് യുവജനതകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്ന് നമുക്കറിയാം. അണുകുടുംബങ്ങളിലേക്ക് ചുരുങ്ങുന്ന ഇന്നത്തെ സാമൂഹികതയും, വയോധികരെ, പ്രത്യേകിച്ച് ദുർബലരും രോഗികളുമായവരെ സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് മാറ്റിനിറുത്തുന്ന സംസ്കാരവും, പാപ്പായ്ക്ക് ഒട്ടും ദഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, കിട്ടുന്ന അവസരങ്ങളിലെല്ലാം, വയോധികരെന്ന വലിയ അനുഭവസമ്പത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയിരുന്നു. യുവജനങ്ങളെയും കൊച്ചുകുട്ടികളെയും ഇതേ മനോഭാവത്തോടെയാണ് പാപ്പാ കണ്ടിരുന്നത്. ഇന്നിന്റേയും നാളെയുടെയും ഭാവി കൂടിയായ അവരെ ശരിയായ രീതിയിൽ വളർത്തേണ്ടതിന്റെയും, മൂല്യങ്ങൾ നൽകേണ്ടതിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ച പാപ്പാ, യുവജനങ്ങളിലെ വലിയ കഴിവുകളെയും അവർക്ക് സമൂഹത്തിനായി ചെയ്യാൻ കഴിയുന്ന സംഭാവനകളെയും എപ്പോഴും എടുത്തുകാട്ടിയിരുന്നു. തന്റെ അപ്പസ്തോലികയാത്രാകളിൽ ഈ രണ്ടു വിഭാഗങ്ങൾക്കും, വയോധികർക്കും യുവജനങ്ങൾക്കും വേണ്ടിയും പ്രത്യേകമായി സമയം കണ്ടെത്താനും, അവരെ തന്നോടും സഭയോടും ചേർത്തുനിറുത്താനും പാപ്പാ ശ്രമിച്ചിരുന്നു.

പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ച പാപ്പാ

ലോകത്ത് അനുദിനം കണ്ടുവരുന്ന കാലാവസ്ഥാവ്യതിയാനങ്ങളുടെയും പ്രതിസന്ധികളുടെയും പ്രകൃതിദുരന്തങ്ങളുടെയും പിന്നിൽ മനുഷ്യന്റെ തെറ്റായ പ്രവൃത്തികളുടെ സ്വാധീനം തിരിച്ചറിയാൻ പാപ്പായ്ക്ക് സാധിച്ചിരുന്നു. "ലൗദാത്തോ സി"യിൽ മാത്രമല്ല, നിരവധിയിടങ്ങളിൽ, ശാസ്ത്രലോകത്തോടും, ലോകരാഷ്ട്രീയനേതൃത്വങ്ങളോടും മാത്രമല്ല, സാധാരണക്കാരോടും, നമ്മുടെ പൊതുഭവനമായ ഭൂമിയെ വരും തലമുറകൾക്കായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞിരുന്നു.

പാപ്പായുടെ ജീവിതം മാതൃകയും വഴികാട്ടിയും

പ്രത്യാശയുടെ തീർത്ഥാടനം ആഘോഷിക്കുന്ന ഈ ജൂബിലി വർഷത്തിൽ, ഫ്രാൻസിസ് പാപ്പായുടെ ഐഹികജീവിതയാത്ര അവസാനിച്ച് അദ്ദേഹം നമ്മിൽനിന്ന് അകലുകയും നമ്മുടെ യഥാർത്ഥ പ്രത്യാശയായ നിത്യപിതാവിന്റെ പക്കലേക്ക് യാത്രയാകുകയും ചെയ്യുമ്പോൾ, പാപ്പായുടെ ഉദ്ബോധനങ്ങളും, അതിലുപരി, അദ്ദേഹം കാട്ടിത്തന്ന ജീവിതമാതൃകയും നമുക്കും പ്രചോദനവും വഴികാട്ടിയുമായി മാറേണ്ടതുണ്ട്. സഭയ്ക്കും സമൂഹത്തിനും, പ്രത്യേകിച്ച് ശുശ്രൂഷ ചെയ്യാൻ വിളിക്കപ്പെട്ടിരിക്കുന്ന എല്ലാ നേതൃത്വങ്ങൾക്കും പാപ്പായുടെ ജീവിതം ഒരു പാഠപുസ്തകമായി മാറുന്നുണ്ട്. എങ്ങനെ ക്രൈസ്തവവിശ്വാസവും ക്രിസ്തുസ്നേഹവും ജീവിക്കുകയും, പ്രാവർത്തികമാക്കുകയും ചെയ്യാം എന്നത് പാപ്പാ നമുക്ക് കാട്ടിത്തരുന്നുണ്ട്. എളിമയിൽ ജീവിക്കാനും, ഏവരെയും കുറവുകളില്ലാതെ സ്നേഹിക്കാനും പരിഗണിക്കാനും, തിന്മകളുടെയും അതിക്രമങ്ങളുടെയും മുന്നിൽപ്പോലും, മറ്റുള്ളവരോട് ക്ഷമിക്കാനും, സഹോദര്യ-ഐക്യ മനോഭാവങ്ങളോടെ മെച്ചപ്പെട്ട ഒരു സമൂഹത്തെ വളർത്തിയെടുക്കാനും നമുക്ക് പരിശ്രമിക്കാം. പ്രകൃതിയെയും മനുഷ്യരെയും, അതിലുപരി ദൈവത്തെയും സ്നേഹിക്കാം. സമൂഹം മാറ്റി നിറുത്തുന്ന മനുഷ്യരെയും പരിഗണിക്കാൻ, അവരെയും ദൈവമക്കളായി കാണാൻ നമുക്ക് സാധിക്കട്ടെ. കരുണയോടെ ജീവിക്കാനും മുറിവേറ്റ മനുഷ്യർക്ക് സൗഖ്യത്തിന്റെയും ആശ്വാസത്തിന്റെയും തൈലം പകരാനും നമുക്ക് സാധിക്കട്ടെ. എന്നും നമ്മുടെ പ്രാർത്ഥനകൾ അഭ്യർത്ഥിച്ചിരുന്ന ഫ്രാൻസിസ് പാപ്പായോട് ഇനി നിത്യപിതാവിനരികിൽ നമുക്കായും സഭയ്ക്കായും മാദ്ധ്യസ്ഥ്യം വഹിക്കണമേയെന്ന് പ്രാർത്ഥിക്കാം. സഭയാകുന്ന വിശ്വസനൗകയെ നയിക്കാൻ ദൈവം തിരഞ്ഞെടുത്ത് നൽകിയിരുന്ന ഫ്രാൻസിസ് പാപ്പായെന്ന അനുഗ്രഹത്തിന് ദൈവത്തിന് നന്ദി പറയാം. കുറവുകളും വീഴ്ചകളുമില്ലാതെ തന്റെ സഭയെ നയിക്കാൻ കഴിവും അഭിഷേകവുമുള്ള, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന, നല്ല ഇടയന്മാരെ ദൈവം നമുക്ക് ഇനിയും നൽകട്ടേയെന്ന് പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഏപ്രിൽ 2025, 17:06