തിരയുക

ഫ്രാൻസിസ് പപ്പായയും പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും - ഫയൽ ചിത്രം ഫ്രാൻസിസ് പപ്പായയും പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും - ഫയൽ ചിത്രം  (Vatican Media)

പലസ്തീൻ ജനതയുടെ സുഹൃത്തായിരുന്നു ആഗോള ആധ്യാത്മികനേതാവായിരുന്ന ഫ്രാൻസിസ് പാപ്പാ: പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ

ഫ്രാൻസിസ് പാപ്പാ ഒരു മതനേതാവെന്നതിനൊപ്പം ആഗോള ആധ്യാത്മികനേതാവുകൂടിയായിരുന്നുവെന്നും, അദ്ദേഹം പലസ്തീൻ ജനതയുടെ വിഷമതകളും സഹനങ്ങളും പങ്കുവയ്ക്കുകയും, അവരെ ചേർത്തുപിടിക്കുകയും ചെയ്തിരുന്നുവെന്നും പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ. ഇസ്രയേലിനോടൊപ്പം സമാധാനത്തിലും പരസ്പരബഹുമാനത്തിലും ഒരുമിച്ച് നിലനിൽക്കാനാണ് പലസ്തീൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നീതിയെയും സമാധാനത്തെയും കുറിച്ചുള്ള പ്രഭാഷണങ്ങളും, പാവപ്പെട്ടവർക്കും സമൂഹത്തിൽ താഴേക്കിടയിലുള്ളവരും ദുർബലരുമായ മനുഷ്യരോടുള്ള പരിഗണനയും കൊണ്ടുനടന്നിരുന്ന ഫ്രാൻസിസ് പാപ്പാ, ക്രൈസ്തവസമൂഹത്തിന് പുറത്തും, ആഗോളതലത്തിൽ ശോഭിച്ച ആധ്യാത്മികനേതാവായിരുന്നുവെന്നും അദ്ദേഹം ഒരു മതത്തിന്റെ നേതാവ് മാത്രമായിരുന്നില്ലെന്നും പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ. ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകളുടെ ഭാഗമായി, പലസ്തീൻ വിദേശകാര്യമന്ത്രി ശ്രീമതി വർസെൻ അഗാബെക്യാനൊപ്പം വത്തിക്കാനിലെത്തിയ അവസരത്തിൽ ഇതാദ്യമായി ഒസ്സെർവ്വത്തോറെ റൊമാനൊ, ല റെപ്പുബ്ലിക്ക എന്നീ പത്രങ്ങൾക്കനുവദിച്ച സുദീർഘമായ ഒരു അഭിമുഖത്തിലാണ് പലസ്തീൻ പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്.

ഫ്രാൻസിസ് പാപ്പാ പലസ്തീനയിലെ ജനത്തിന്റെ ബുദ്ധിമുട്ടുകളും പീഡനങ്ങളും തിരിച്ചറിയുകയും അവ പങ്കുവയ്ക്കുകയും ചെയ്തിരുന്നുവെന്നും, ആ ജനതയെ അദ്ദേഹം ചേർത്ത് പിടിച്ചിരുന്നുവെന്നും പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ അനുസ്മരിച്ചു. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനുള്ള അധികാരത്തെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവെന്നും, പലസ്തീൻ ജനതയുടെ ഒരു സുഹൃത്തായിരുന്നു അദ്ദേഹമെന്നും അഭിമുഖത്തിൽ പലസ്തീൻ പ്രധാനമന്ത്രി പ്രസ്താവിച്ചു.

പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും പാപ്പയുമായുള്ള ബന്ധം രാഷ്ട്രീയപരവും നയതന്ത്രപരവുമായുള്ള ഒന്ന് മാത്രമായിരുന്നില്ലെന്നും, മറിച്ച് സമാധാനം ആഗ്രഹിച്ചിരുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള സൗഹൃദത്തിന്റേതായിരുന്നുവെന്നും മുഹമ്മദ് മുസ്തഫ അഭിപ്രായപ്പെട്ടു.

ഗാസയിൽ മാത്രമല്ല, വിശുദ്ധ നാട്ടിലെങ്ങും ക്രൈസ്തവരുടെ സ്ഥിതി കൂടുതൽ ബുദ്ധിമുട്ടേറിയതായി വരികയാണെന്ന്, ഈസ്റ്റർ ദിനത്തിൽ ജെറുസലേമിലുണ്ടായ അക്രമണങ്ങളെ അധികരിച്ച് പലസ്തീൻ പ്രധാനമന്ത്രി പ്രസ്താവിച്ചു. ഗാസാ മുനമ്പിൽ യുദ്ധത്തിന് താത്കാലിക വിരാമമല്ല, അവസാനമാണ് വേണ്ടതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പലസ്തീൻ സമൂഹത്തിൽ അനുരഞ്ജനത്തിന്റെയും സഹവാസത്തിന്റെയും സമാധാനത്തിന്റെയും ഒരു സംസ്കാരം വളർന്നുവരാനായാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഏപ്രിൽ 2025, 15:06