ശ്രവിക്കുക, ശ്രവിക്കാൻ പഠിക്കുക, പാപ്പായുടെ അപ്രകാശിത വീഡിയൊ സന്ദേശം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശ്രവിക്കുകയും ശ്രവിക്കാൻ പഠിക്കുകയും ചെയ്യുന്നത് സമാധാന സംസ്ഥാപനത്തിന് സഹായകമാണെന്ന് ഫ്രാൻസീസ് പാപ്പാ.
തൻറെ മരണത്തിന് ഏതാനും മാസങ്ങൾക്കു മുമ്പ്, അതായത്, ജനുവരി 8-ന് “സെൽ ഫോണിൽ” രേഖപ്പെടുത്തിയതും ഇറ്റലിയിലെ “ഓജി” (Oggi) എന്ന വാരിക ഇപ്പോൾ അതിൻറെ “വെബ്” താളിൽ പരസ്യപ്പെടുത്തിയതുമായ ഒരു വീഡിയൊ സന്ദേശത്തിലാണ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
“ശ്രവണത്തിൻറെ പരീക്ഷണശാലകൾ” എന്ന ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന യുവതീയുവാക്കളെയാണ് പാപ്പാ ഈ വീഡിയോയിലൂടെ സംബോധന ചെയ്തത്.
ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിൽ ഒന്നാണ് കേൾക്കുകയും കേൾക്കാൻ പഠിക്കുകയും ചെയ്യുന്നത് എന്ന് പറയുന്ന പാപ്പാ സംസാരിക്കുന്നയാളെ നന്നായി മനസ്സിലാക്കുന്നതിന് അയാളുടെ സംസാരം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നും എന്നിട്ടു മാത്രം എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയണമെന്നും ഓർമ്മിപ്പിക്കുന്നു. നാം ആളുകളെ നിരീക്ഷിക്കുകയാണെങ്കിൽ, ശദ്ധിക്കാതിരിക്കുകയും ഒരു വിശദീകരണത്തിൻറെ ഇടയ്ക്കുവച്ച് പ്രതികരിക്കുകയും ചെയ്യുന്നവരെ നമുക്കു കാണാൻ കഴിയുമെന്നും എന്നാൽ ഇപ്രകാരം ചെയ്യുന്നത് സമാധാനത്തിന് സഹായകമാകില്ലെന്നും പാപ്പാ പറയുന്നു.
മുത്തശ്ശീമുത്തശ്ശന്മാരെ മറക്കരുത് എന്ന് നമ്മെ ആവർത്തിച്ച് ഓർമ്മപ്പെടുത്താനും ഈ വീഡിയൊ സന്ദേശം ഉപയോഗിക്കുന്ന പാപ്പാ മുത്തശ്ശീമുത്തച്ഛന്മാർ നമ്മെ വളരെയധികം കാര്യങ്ങൾ പഠിപ്പിക്കുന്നു എന്ന വസ്തുത അനുസ്മരിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: