തിരയുക

കർദ്ദിനാൾ സംഘത്തിന്റെ മൂന്നാമത് ഔദ്യോഗിക പൊതുസമ്മേളനത്തിന് ശേഷം പുറത്തേക്കറിങ്ങിവരുന്ന കർദ്ദിനാൾമാർ കർദ്ദിനാൾ സംഘത്തിന്റെ മൂന്നാമത് ഔദ്യോഗിക പൊതുസമ്മേളനത്തിന് ശേഷം പുറത്തേക്കറിങ്ങിവരുന്ന കർദ്ദിനാൾമാർ  (ANSA)

ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരത്തെയും, സഭയെയും ലോകത്തെയും കുറിച്ച് ആശയങ്ങൾ പങ്കുവച്ച് കർദ്ദിനാൾ സംഘം

കർദ്ദിനാൾ സംഘത്തിന്റെ മൂന്നാമത് ഔദ്യോഗിക പൊതുസമ്മേളനം വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ വത്തിക്കാനിൽ നടന്നു. 113 കർദ്ദിനാൾമാരുടെ പങ്കാളിത്തത്തോടെ നടന്ന സമ്മേളനത്തിൽ 34 കർദ്ദിനാൾമാർ സഭ, ലോകം തുടങ്ങി വിവിധ വിഷയനുകളുമായി ബന്ധപ്പെട്ട വിവിധ അഭിപ്രായങ്ങൾ പങ്കുവച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പായുടെ മരണശേഷമുള്ള കർദ്ദിനാൾ സംഘത്തിന്റെ മൂന്നാമത് ഔദ്യോഗിക പൊതുസമ്മേളനം ഏപ്രിൽ 24 വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ വത്തിക്കാനിൽ നടന്നു. 113 കർദ്ദിനാൾമാരുടെ പങ്കാളിത്തത്തോടെ നടന്ന സമ്മേളനത്തിൽ 34 കർദ്ദിനാൾമാർ വിവിധ അഭിപ്രായങ്ങൾ പങ്കുവയ്ക്കപ്പെട്ടുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി മാധ്യമപ്രവർത്തകരെ അറിയിച്ചു. "യൂണിവേഴ്‌സി ദൊമിനിചി ഗ്രേജിസ്” എന്ന അപ്പസ്തോലിക ഭരണഘടനാച്ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ പങ്കെടുക്കാത്ത കർദ്ദിനാൾമാർ വാഗ്ദാനം നടത്തിയതായി പ്രെസ് ഓഫീസ് വ്യക്തമാക്കി

മുൻപ് തീരുമാനിച്ചതിൽനിന്ന് വ്യത്യസ്തമായി, വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ നടത്താനിരിക്കുന്ന നൊവേനക്കുർബാനയുടെ അർപ്പണക്രമത്തിൽ കർദ്ദിനാൾ സംഘം ഒരു മാറ്റം വരുത്തി. നൊവേനക്കുർബാനയുടെ ആറാം ദിവസത്തിൽ, മുൻപ് നിശ്ചയിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായി, കാമറലെങ്കോ കർദ്ദിനാൾ കെവിൻ ഫാറലിന് പകരം, വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അധ്യക്ഷനായിരുന്ന കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ആയിരിക്കും മുഖ്യ കാർമികത്വം വഹിക്കുക.

"യൂണിവേഴ്‌സി ദൊമിനിചി ഗ്രേജിസ്" എന്ന അപ്പസ്തോലിക ഭരണഘടനാച്ചട്ടം നിർദ്ദേശിച്ചിക്കുന്നതനുസരിച്ച് രണ്ട് പ്രത്യേക പ്രഭാഷണങ്ങൾ അടുത്ത ആഴ്ചയിലും പുതിയ പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ആരംഭത്തിലുമായി നൽകപ്പെടുമെന്നും വത്തിക്കാൻ അറിയിച്ചു. ഇതിൽ ആദ്യത്തേത്, സെന്റ് പോൾസിലെ ആബട്ട് ഫാ. ഡൊണാത്തോ ഒല്ല്യാരിയും രണ്ടാമത്തേത് കർദ്ദിനാൾ കാന്തലമേസയുമായിരിക്കും നടത്തുക.

സഭയെയും ലോകത്തെയും സംബന്ധിച്ചുള്ള വിവിധ അഭിപ്രായപ്രകടനങ്ങൾ പങ്കുവയ്ക്കപ്പെട്ടുവെന്നും പ്രെസ് ഓഫീസ് മേധാവി അറിയിച്ചു. കർദ്ദിനാൾമാരുടെ അടുത്ത പൊതുസമ്മേളനം ഏപ്രിൽ 25 വെള്ളിയാഴ്‌ച രാവിലെ 9 മണിക്കായിരിക്കും.

പുതിയ കണക്കുകളനുസരിച്ച് ഏപ്രിൽ 23 ബുധനാഴ്ച രാവിലെ 11 മുതൽ ഏപ്രിൽ 24 വ്യാഴം ഉച്ചയ്ക്ക് 1 മണിവരെ ഉള്ള സമയത്ത് അറുപത്തിയൊന്നായിരത്തിലധികം ആളുകൾ പാപ്പായ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെത്തിയതായി പ്രെസ് ഓഫീസ് അറിയിച്ചു.

ഏപ്രിൽ 24 വ്യാഴാഴ്ച മേരി മേജർ ബസലിക്കയിൽ ഫ്രാൻസിസ് പാപ്പായ്ക്ക് വേണ്ടി നടത്തുന്ന ജപമാലപ്രാർത്ഥനയ്ക്ക് കർദ്ദിനാൾ താഗ്ലെ നേതൃത്വം നൽകും. ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് പിസ്സബാല്ലയായിരിക്കും ഏപ്രിൽ 25 വെള്ളിയാഴ്ചത്തെ ജപമാല നയിക്കുക.

ഏപ്രിൽ 24 വ്യാഴാഴ്ച രാത്രിയും വിശുദ്ധ പത്രോസിന്റെ ബസലിക്ക അടയ്ക്കുന്നത് രാത്രി 12 മണിക്കായിരിക്കുമെന്നാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നതെന്നും, എന്നാൽ കൂടുതൽ വിശ്വാസികൾ എത്തിയാൽ, കഴിഞ്ഞ രാത്രിയിലെന്നപോലെ കൂടുതൽ സമയം അനുവദിച്ചേക്കാമെന്നും പ്രെസ് ഓഫീസ് അറിയിച്ചു. ഏപ്രിൽ 23 രാത്രി വിശ്വാസികളുടെ തിരക്ക് മൂലം രാവിലെ 5.30 വരെ ബസലിക്ക തുറന്നിടേണ്ടിവന്നിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഏപ്രിൽ 2025, 14:56