തിരയുക

നമ്മുടെ കുറവുകളെ ഉല്ലംഘിക്കുന്ന ദൈവിക കാരുണ്യം, കർദ്ദിനാൾ പരോളിൻ !

ഫ്രാൻസീസ് പാപ്പായുടെ ആത്മശാന്തിക്കായുള്ള നവനാൾ ദിവ്യപൂജാർപ്പണം -“നൊവെന്തിയാലി” രണ്ടാം ദിനത്തിൽ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മൃതസംസ്കാര ദിവ്യബലി മുതൽ തുടർച്ചയായി 9 ദിവസം പാപ്പായുടെ ആത്മശാന്തിക്കായി വിശുദ്ധകുർബ്ബാന അർപ്പിക്കപ്പെടുന്നു. ഈ നവനാൾ ദിവ്യപൂജ “നൊവെന്തിയാലി” എന്നാണ് അറിയപ്പെടുന്നത്. ഈ ദിവ്യപൂജയിൽ എല്ലാവർക്കും പങ്കെടുക്കാമെങ്കിലും, പാപ്പായുമായുള്ള ബന്ധം കണക്കിലെടുത്ത് ഒരോ ദിവസവും വിത്യസ്ത വിഭാഗത്തിൻറെ പങ്കാളിത്തം ആണ് ഉണ്ടാവുക. കരുണയുടെ ഞായർ ആചരിക്കപ്പെട്ട ഏപ്രിൽ 27-ന് ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ഫ്രാൻസീസ് പാപ്പായുടെ ആത്മശാന്തിക്കായി അർപ്പിക്കപ്പെട്ട രണ്ടാം ദിനത്തിലെ വിശുദ്ധകുർബ്ബാനയിൽ  വത്തിക്കാൻ ജീവനക്കാരും മറ്റുള്ളവരും 120-ലേറെ നാടുകളിൽ നിന്ന് ജൂബിലിയാചരണത്തിനായെത്തിയിരുന്ന കൗമാരക്കാരുമുൾപ്പടെ 2 ലക്ഷത്തോളം പേർ സംബന്ധിച്ചിരുന്നു. കർദ്ദിനാൾ പീയെത്രൊ പരോളിൻ ആയിരുന്നു മുഖ്യകാർമ്മികൻ. ദിവ്യബലിയിലെ വിശുദ്ധഗ്രന്ഥ വായനകൾക്കുശേഷം അദ്ദേഹം സുവിശേഷ ചിന്തകൾ പങ്കുവച്ചു.

യേശുശിഷ്യരുടെ ഭയാനുഭവവും വേദനയും

പ്രിയ സഹോദരീസഹോദരന്മാരേ,

ഭയന്ന് ഊട്ടുശാലയിൽ കതകടച്ചിരിക്കുകയായിരുന്ന ശിഷ്യന്മാർക്ക് ഉത്ഥിതനായ യേശു പ്രത്യക്ഷനാകുന്നു (യോഹന്നാൻ 20:19). അവരുടെ മനസ്സ് അസ്വസ്ഥവും ഹൃദയം ദുഃഖഭരിതവുമാണ്, കാരണം അവർ എല്ലാം ഉപേക്ഷിച്ച് അനുഗമിച്ച ഗരുവും ഇടയനുമായ യേശു കുരിശിൽ തറയ്ക്കപ്പെട്ടു. അവർ ഭയാനകമായ കാര്യങ്ങൾ അനുഭവിച്ചു, തങ്ങൾ അനാഥരും, ഒറ്റപ്പെട്ടവരും, നഷ്ടപ്പെട്ടവരും, ഭീഷണി നേരിടുന്നവരും, നിസ്സഹായരുമാണെന്ന ചിന്ത അവരെ പിടികൂടിയിരിക്കുന്നു.

പാപ്പായുടെ വേർപാട്

ഈ ഞായറാഴ്ച സുവിശേഷം നമുക്ക് പ്രദാനംചെയ്യുന്ന പ്രാരംഭ ചിത്രം, നമ്മുടെയെല്ലാവരുടെയും സഭയുടെയും ആകമാന ലോകത്തിൻറെയും മാനസികാവസ്ഥയെ പ്രതിനിധീകരിക്കുന്നു. കർത്താവ് തൻറെ ജനത്തിനേകിയ ഇടയൻ, ഫ്രാൻസിസ് മാർപാപ്പ, തൻറെ ഭൗമിക ജീവിതം അവസാനിപ്പിച്ച് നമ്മെ വിട്ടുപോയി. അദ്ദേഹത്തിൻറെ വിയോഗത്തിൻറെ വേദന, നമ്മെ വേട്ടയാടുന്ന ദുഃഖബോധം, നമ്മുടെ ഹൃദയങ്ങളിൽ അനുഭവപ്പെടുന്ന അസ്വസ്ഥത, നഷ്ടബോധം: ഇതെല്ലാം, യേശുവിൻറെ മരണത്തിൽ ദുഃഖിതരായ അപ്പോസ്തലന്മാരെപ്പോലെ, നാം അനുഭവിക്കുകയാണ്.

കർത്താവിൻറെ സാന്ത്വന സാമീപ്യം

എന്നിരുന്നാലും, സുവിശേഷം നമ്മോട് പറയുന്നു, കൃത്യമായി ഈ അന്ധകാര നിമിഷങ്ങളിലാണ് കർത്താവ് നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കാൻ പുനരുത്ഥാനത്തിൻറെ വെളിച്ചവുമായി നമ്മുടെ അടുക്കൽ വരുന്നതെന്ന്. സുവിശേഷാനന്ദത്തെ തൻറെ സഭാഭരണത്തിൻറെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ തൻറെ തിരഞ്ഞെടുപ്പു മുതൽ ഇത് നമ്മെ ഓർമ്മിപ്പിക്കുകയും പലപ്പോഴും അത് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം “എവഞ്ചേലി ഗൗദിയു”മിൽ എഴുതിയതുപോലെ - "യേശുവിനെ കണ്ടുമുട്ടുന്നവരുടെ ഹൃദയങ്ങളെയും മുഴുവൻ ജീവിതത്തെയും സുവിശേഷാനന്ദം നിറയ്ക്കുന്നു. അവനാൽ രക്ഷിക്കപ്പെടാൻ അനുവദിക്കുന്നവർ പാപത്തിൽ നിന്നും, ദുഃഖത്തിൽ നിന്നും, ആന്തരിക ശൂന്യതയിൽ നിന്നും, ഒറ്റപ്പെടലിൽ നിന്നും മുക്തരാകുന്നു. യേശുക്രിസ്തുവിനൊപ്പം സന്തോഷം എപ്പോഴും ജനിക്കുകയും വീണ്ടും ജനിക്കുകയും ചെയ്യുന്നു" (1).

പെസഹാനന്ദം

പരീക്ഷണങ്ങളുടെയും ദുഃഖങ്ങളുടെയും സമയങ്ങളിൽ നമ്മെ താങ്ങിനിർത്തുന്ന പെസഹാ സന്തോഷം, ഇന്ന് ഈ ചത്വരത്തിൽ ഏതാണ്ട് തൊട്ടറിയാൻ കഴിയും; ലോകമെമ്പാടും നിന്ന് ജൂബിലി ആഘോഷിക്കാൻ എത്തിയ പ്രിയപ്പെട്ട കുട്ടികളേ, കൗമാരക്കാരേ, നിങ്ങളുടെ മുഖങ്ങളിൽ എല്ലാറ്റിനുമുപരിയായി അത് പതിഞ്ഞിരിക്കുന്നത് കാണാം. നിങ്ങൾ പല സ്ഥലങ്ങളിൽ നിന്നു വരുന്നിരിക്കുന്നു: ഇറ്റലിയിലെ എല്ലാ രൂപതകളിൽ നിന്നും, യൂറോപ്പിൽ നിന്നും, അമേരിക്കൻ ഐക്യനാടുകളിൽ നിന്നും ലത്തീൻ അമേരിക്കയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നും...... നിങ്ങളിലൂടെ ലോകം മുഴുവൻ യഥാർത്ഥത്തിൽ സന്നിഹിതമാണ്!

സഭയുടെ ആലിംഗനവും നിങ്ങളെ കാണാനും, നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കാനും, നിങ്ങളുടെ ഇടയിലൂടെ കടന്നുപോകാനും ആഗ്രഹിക്കുമായിരുന്ന ഫ്രാൻസിസ് പാപ്പയുടെ വാത്സല്യവും നിങ്ങൾക്ക് അനുഭവവേദ്യമാക്കണമെന്ന ആഗ്രഹത്തോടെ ഞാൻ നിങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു.

പ്രത്യാശയാൽ ജീവിതത്തെ ഊട്ടിവളർത്തുക

നിങ്ങൾ നേരിടേണ്ടുന്ന നിരവധി വെല്ലുവിളികൾക്കു മുന്നിൽ - ഉദാഹരണത്തിന്, നമ്മുടെ കാലഘട്ടത്തിൻറെ സവിശേഷതയായ സാങ്കേതികവിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും കാര്യം ഞാൻ ഓർക്കുകയാണ് – യേശുക്രിസ്തുവിൻറെ മുഖമുള്ള യഥാർത്ഥ പ്രത്യാശയാൽ നിങ്ങളുടെ ജീവിതത്തെ പരിപോഷിപ്പിക്കാൻ ഒരിക്കലും മറക്കരുത്. അവിടത്തോടൊപ്പമാണെങ്കിൽ ഒന്നും വളരെ വലുതോ വെല്ലുവിളി നിറഞ്ഞതോ ആയിരിക്കില്ല! അവനോടുകൂടെയെങ്കിൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കായിപ്പോകില്ല, ഏറ്റവും മോശം നിമിഷങ്ങളിൽ പോലും, പരിത്യക്തരാകില്ല! നിങ്ങൾ എവിടെയാണോ അവിടെ നിങ്ങളെ കാണാൻ, ജീവിക്കാൻ ധൈര്യം നൽകാൻ, നിങ്ങളുടെ അനുഭവങ്ങൾ, ചിന്തകൾ, കഴിവുകൾ, സ്വപ്നങ്ങൾ എന്നിവ പങ്കിടാൻ, നിങ്ങൾക്ക് വളരെയധികം നൽകുകയും സ്വീകരിക്കുകയും ചെയ്യേണ്ട സമീപത്തോ അകലെയോ ഉള്ളവരുടെ മുഖത്ത് സ്നേഹിക്കപ്പെടേണ്ട ഒരു സഹോദരനെയോ സഹോദരിയെയോ കാണാൻ, നിങ്ങളെ കാത്തിരിക്കുന്ന ജീവിതത്തിൽ ഉദാരമതികളും വിശ്വസ്തരും ഉത്തരവാദിത്വമുള്ളവരുമായിരിക്കാൻ നിങ്ങളെ സഹായിക്കാൻ, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതെന്താണെന്ന് നിങ്ങൾക്കു മനസ്സിലാക്കിത്തരാൻ അവൻ വരുന്നു, അതായത്, സകലത്തെയും ഉൾക്കൊള്ളുന്നതും സകലവും പ്രത്യാശിക്കുന്നതുമായ സ്നേഹം. (cf. 1 കൊരിന്ത്യർ 13:7).

കരുണയുടെ ആഘോഷം

ഇന്ന്, ഉത്ഥാനത്തിൻറെ രണ്ടാം ഞായറാഴ്ച, ശുഭ്ര ഞായർ, നാം കരുണയുടെ ഉത്സവം ആഘോഷിക്കുന്നു. സത്യത്തിൽ, നമ്മുടെ പരിമിതികൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറമുള്ള പിതാവിൻറെ കാരുണ്യമാണ് ഫ്രാൻസിസ് പാപ്പയുടെ പ്രബോധനത്തിൻറെയും അദ്ദേഹത്തിൻറെ തീവ്രമായ അപ്പസ്തോലിക പ്രവർത്തനത്തിൻറെയും സവിശേഷത, ഒപ്പം, അത് പ്രഖ്യാപിക്കാനും എല്ലാവരുമായും പങ്കിടാനുമുള്ള ഔത്സുക്യവും – സുവിശേഷ പ്രഖ്യാപനം, സുവിശേഷവൽക്കരണം – അദ്ദേഹത്തിൻറെ സഭാശുശ്രൂഷയുടെ പരിപാടിയായിരുന്നു. "കരുണ" എന്നത് ദൈവത്തിൻറെ പേരാണ്, അതിനാൽ, നമ്മെ വീണ്ടുമെഴുന്നേല്പിക്കാനും പുതിയ മനുഷ്യരാക്കാനും അവൻ ആഗ്രഹിക്കുന്ന അവൻറെ കരുണാമയമായ സ്നേഹത്തിന് ആർക്കും പരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിച്ചു.

കരുണയുള്ളവരാകുക

ഫ്രാൻസിസ് പാപ്പാ വളരെയധികം ഊന്നിപ്പറഞ്ഞ ഈ സൂചനയെ ഒരു അമൂല്യ നിധിയായി സ്വീകരിക്കേണ്ടത് പ്രധാനമാണ്. ഈ മണിക്കൂറുകളിൽ നാം പ്രകടിപ്പിക്കുന്ന അദ്ദേഹത്തോടുള്ള നമ്മുടെ സ്നേഹം, ഈ നിമിഷത്തിൻറെ കേവല വികാരമായിപ്പോകരുത് എന്ന് ഞാൻ പറയട്ടെ; ദൈവത്തിൻറെ കാരുണ്യത്തിന് നമ്മെത്തന്നെ തുറന്നുകൊടുക്കുകയും പരസ്പരം കരുണയുള്ളവരാകുകയും ചെയ്തുകൊണ്ട് ഫ്രാൻസീസ് പാപ്പായുടെ പൈതൃകം നാം സ്വീകരിക്കുകയും അതിനെ ഒരു സജീവ ജീവിതമാക്കി മാറ്റുകയും വേണം.

കാരുണ്യം വിദ്വേഷത്തിൻറെ അഗ്നിയെ അണയ്ക്കുന്നു

കാരുണ്യം നമ്മെ വിശ്വാസത്തിൻറെ ഹൃദയത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും നമ്മുടെ സഭയേയും മാനുഷികമോ ലൗകികമോ ആയ തരംതിരിവുകൾക്കനുസരിച്ച് വ്യാഖ്യാനിക്കരുതെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. കാരണം, സുവിശേഷത്തിൻറെ സദ്വാർത്ത, സർവ്വോപരി, നമ്മുടെ യോഗ്യതകൾ കണക്കിലെടുക്കാതെ നമ്മിൽ ഓരോരുത്തരോടും ആഴമായ കാരുണ്യവും ആർദ്രതയും പുലർത്തുന്ന ഒരു ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന കണ്ടെത്തലാണ്; നമ്മുടെ ജീവിതം കാരുണ്യത്താൽ നെയ്തെടുക്കപ്പെതാണെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു: പരിധികളില്ലാതെ നമ്മെ സ്നേഹിക്കുകയും നമ്മോട് ക്ഷമിക്കുകയും ചെയ്യുന്ന ഒരാൾ നമുക്കുണ്ടെങ്കിൽ മാത്രമേ നമ്മുടെ വീഴ്ചകൾക്ക് ശേഷം നമുക്ക് എഴുന്നേറ്റ് ഭാവിയിലേക്ക് നോക്കാൻ കഴിയൂ. ആകയാൽ, നമ്മുടെ ബന്ധങ്ങൾ നാം കണക്കുകൂട്ടലുകളുടെ മാനദണ്ഡങ്ങൾക്കനുസൃതമായോ സ്വാർത്ഥതയാൽ അന്ധരായോ ജീവിക്കാനല്ല, പ്രത്യുത, മറ്റുള്ളവരുമായി സംഭാഷണത്തിന് സ്വയം തുറന്നുകൊടുത്തും, വഴിയിൽ കണ്ടുമുട്ടുന്നവരെ സ്വാഗതം ചെയ്തും, അവരുടെ ബലഹീനതകളും തെറ്റുകളും ക്ഷമിച്ചും ജീവിക്കാൻ പ്രതിബദ്ധതരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. കാരുണ്യം മാത്രമേ, അവിശ്വാസത്തിൻറെയും വിദ്വേഷത്തിൻറെയും അക്രമത്തിൻറെയും തീജ്വാലകളെ കെടുത്തിക്കളഞ്ഞുകൊണ്ട് സുഖപ്പെടുത്തുകയും പുതിയൊരു ലോകം സൃഷ്ടിക്കുകയും ചെയ്യുന്നുള്ളൂ,: ഇതാണ് ഫ്രാൻസിസ് പാപ്പായുടെ മഹത്തായ പ്രബോധനം.

കാരുണ്യവും സമാധാനവും ഇഴചേർന്നിരിക്കുന്നു

യേശു തൻറെ പ്രസംഗത്തിലും പ്രവൃത്തികളിലും ദൈവത്തിൻറെ ഈ കരുണാമയമായ മുഖം നമുക്ക് കാണിച്ചുതരുന്നു; നാം കേട്ടതുപോലെ, പുനരുത്ഥാനത്തിനുശേഷം മുകളിലത്തെ മുറിയിൽ പ്രത്യക്ഷപ്പെടുമ്പോൾ, അവൻ സമാധാന ദാനമേകി ഇങ്ങനെ പറയുന്നു: "നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും; "നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നവോ അവ ബന്ധിക്കപ്പെട്ടിരിക്കും" (യോഹന്നാൻ 20:23). അങ്ങനെ, ദൈവത്തിൻറെ സ്നേഹവും ക്ഷമയും സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, തൻറെ ശിഷ്യന്മാർ, തൻറെ സഭ, മനുഷ്യത്വത്തെ പ്രതി കരുണയുടെ ഉപകരണങ്ങളായിരിക്കണമെന്ന് ഉയിർത്തെഴുന്നേറ്റ കർത്താവ് വ്യവസ്ഥചെയ്യുന്നു. മുറിവേറ്റവരോട് ആർദ്രതയോടെ കുനിഞ്ഞ് കരുണയുടെ തൈലം കൊണ്ട് സുഖപ്പെടുത്തുന്ന ഒരു സഭയുടെ തിളക്കമാർന്ന സാക്ഷിയാണ് ഫ്രാൻസിസ് പാപ്പാ; മറ്റുള്ളവരെ അംഗീകരിക്കാതെ, ദുർബ്ബലരോടു കരുതൽ കാട്ടാതെ സമാധാനം ഉണ്ടാകില്ലെന്ന്, എല്ലാറ്റിനുമുപരി, ദൈവം നമ്മുടെ ജീവിതത്തോടു കാട്ടുന്ന അതേ കരുണ ഉപയോഗിച്ച്, പരസ്പരം ക്ഷമിക്കാൻ പഠിച്ചില്ലെങ്കിൽ ഒരിക്കലും സമാധാനം ഉണ്ടാകില്ലയെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിച്ചു.

സഹോദരീസഹോദരന്മാരേ, കരുണയുടെ ഈ ഞായറാഴ്ചയിൽ നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പായെ നമുക്ക് സ്നേഹപൂർവ്വം ഓർമ്മിക്കാം. വത്തിക്കാൻ നഗര ജീവനക്കാരുടെയും വിശ്വാസികളുടെയും ഇടയിൽ ഈ ഓർമ്മ സവിശേഷമാംവിധം സജീവമാണ്, അവരിൽ പലരും ഇവിടെ സന്നിഹിതരാണ്, അവരുടെ ദൈനംദിന സേവനത്തിന് ഞാൻ അവർക്ക് നന്ദി പറയുന്നു. നിങ്ങളെ, നാമെല്ലാവരെയും ലോകം മുഴുവനെയും ഫ്രാൻസിസ് പാപ്പാ സ്വർഗ്ഗത്തിൽ നിന്ന് ആലിംഗനം ചെയ്യുന്നു.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

തൻറെ അന്ത്യവിശ്രമ ഇടമായി വിശുദ്ധ മേരി മേജർ ബസിലിക്ക തിരഞ്ഞെടുക്കത്തക്കവിധം ഫ്രാൻസീസ് പാപ്പായ്ക്ക് അത്രമാതം ഭക്തിയുണ്ടായിരുന്ന പരിശുദ്ധ കന്യകാമറിയത്തിന് നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം. അവൾ നമുക്ക് സംരക്ഷണമേകട്ടെ, നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കട്ടെ, സഭയെ കാത്തുപരിപാലിക്കട്ടെ, സമാധാനത്തിലും സാഹോദര്യത്തിലും ഉള്ള മനുഷ്യരാശിയുടെ യാത്രയ്ക്ക് പിന്തുണയേകട്ടെ. ആമേൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഏപ്രിൽ 2025, 10:51