തിരയുക

കഴിഞ്ഞ ദിവസം നടന്ന കർദ്ദിനാൾമാരുടെ സമ്മേളനത്തിൽനിന്ന് കഴിഞ്ഞ ദിവസം നടന്ന കർദ്ദിനാൾമാരുടെ സമ്മേളനത്തിൽനിന്ന്  (VATICAN MEDIA Divisione Foto)

പാപ്പായുടെ മരണശേഷമുള്ള കർദ്ദിനാൾ സംഘത്തിന്റെ പ്രഥമ ഔദ്യോഗിക പൊതുസമ്മേളനം നടന്നു

അറുപതോളം കർദ്ദിനാൾമാരുടെ സാന്നിദ്ധ്യത്തിൽ ഏപ്രിൽ 22 ചൊവ്വാഴ്ച രാവിലെ 9 മുതൽ 10.30 വരെ കർദ്ദിനാൾമാരുടെ പ്രഥമ ഔദ്യോഗികപൊതുസമ്മേളനം നടന്നു. പരിശുദ്ധസിംഹാസനം ഒഴിഞ്ഞുകിടക്കുന്നതുമുതൽ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതുവരെയുള്ള സമയത്ത് സഭാപരമായ കാര്യക്രമങ്ങൾ സംബന്ധിച്ചുള്ള "യൂണിവേഴ്‌സി ദൊമിനിചി ഗ്രേജിസ് എന്ന അപ്പസ്തോലിക ഭരണഘടനാച്ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുമെന്ന് കർദ്ദിനാൾമാർ വാഗ്ദാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പായുടെ മരണശേഷം കർദ്ദിനാൾ സംഘം, നിയമപരമായ ക്രമമനുസരിച്ചുള്ള പ്രഥമ ഔദ്യോഗികപൊതുസമ്മേളനം സംബന്ധിച്ച വിവരങ്ങൾ പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് പുറത്തുവിട്ടു.. ഏപ്രിൽ 22 ചൊവ്വാഴ്ച രാവിലെ 9 മുതൽ 10.30 വരെ നടന്ന ഈ സമ്മേളനം ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടിയുള്ള ഒരു പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. പരിശുദ്ധസിംഹാസനം ഒഴിഞ്ഞുകിടക്കുന്നതുമുതൽ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതുവരെയുള്ള സമയത്ത് സഭാപരമായ കാര്യക്രമങ്ങൾ സംബന്ധിച്ചുള്ള "യൂണിവേഴ്‌സി ദൊമിനിചി ഗ്രേജിസ് എന്ന അപ്പസ്തോലിക ഭരണഘടനാച്ചട്ടങ്ങൾ വിശ്വസ്തതാപൂർവ്വം പാലിച്ച് പ്രവർത്തിക്കുമെന്ന് കർദ്ദിനാൾമാർ വാഗ്ദാനം ചെയ്തു. തുടർന്ന് അദ്സുമൂസ് (Adsumus) എന്ന ഗാനം ആലപിക്കപ്പെട്ടു.

മുൻപ് പ്രെസ് ഓഫീസ് അറിയിച്ചിരുന്നതുപോലെ, പാപ്പായുടെ ഭൗതികശരീരം സാന്താ മാർത്ത ഭവനത്തിൽനിന്നും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ മാറ്റുന്നതിന്റെയും, മൃതസംസ്കാരച്ചടങ്ങുകടെയും തീയതികൾ പുനഃനിർണ്ണയം ചെയ്യപ്പെട്ടു.

ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം ബസലിക്കയിലേക്ക് മാറ്റുന്നതിന്റെ തിരക്കുകൾ ഉണ്ടായിരിക്കുമെന്നതിനാലും, കർദ്ദിനാൾമാർ അതിൽ സംബന്ധിക്കുമെന്നതിനാലും, കർദ്ദിനാൾ സംഘത്തിന്റെ അടുത്ത പൊതുയോഗം ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്കായിരിക്കും ആരംഭിക്കുകയെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.

പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകൾ കഴിഞ്ഞതിന് ശേഷം, ഏപ്രിൽ 27 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയിൽ കർദ്ദിനാൾ പിയെത്രോ പരൊളീൻ മുഖ്യ കാർമ്മികനായിരിക്കും. പാപ്പായ്ക്കുവേണ്ടി അർപ്പിക്കപ്പെടുന്ന നൊവേനകുർബാനയിൽ രണ്ടാമത്തേതായിരിക്കും ഇത്. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുമണിക്ക് പാപ്പായ്ക്കുവേണ്ടി വിശുദ്ധബലി അർപ്പിക്കപ്പെടും.

പാപ്പായുടെ മരണത്തോടെ, വത്തിക്കാനിൽ പ്രത്യേകമായി ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന "കാമറലെങ്കോ" എന്ന സ്ഥാനം വഹിക്കുന്ന കർദ്ദിനാൾ കെവിൻ ഫാറലിനെ സഹായിക്കാനായുള്ള കംമീഷനിലേക്കായി മൂന്ന് കർദ്ദിനാൾമാരെ തിരഞ്ഞെടുത്തു. കർദ്ദിനാൾമാർക്കിടയിലെ മൂന്ന് വ്യത്യസ്‌തക്രമങ്ങളായ, "മെത്രാൻ, പുരോഹിതൻ, ഡീക്കൻ" എന്നീ തലങ്ങളിൽനിന്ന്, ക്രമപ്രകാരം, കർദ്ദിനാൾ പരൊളീൻ, റൈൽക്കോ, ബാജ്ജ്യോ എന്നിവരെയാണ് നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നത്. സാധാരണക്രമത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് അധികാരമുള്ള ഈ കമ്മീഷന്റെ അംഗങ്ങളെ ഓരോ മൂന്ന് ദിവസങ്ങൾ കൂടുന്തോറും തിരഞ്ഞെടുക്കുകയാണ് പതിവ്.

ഏപ്രിൽ 22 ചൊവ്വാഴ്ച വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി അർപ്പിക്കപ്പെട്ട ജപമാലപ്രാർത്ഥനയ്ക്ക് കർദ്ദിനാൾ തിരുസംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജ്യോവാന്നി ബാത്തിസ്ത്ത റേ നേതൃത്വം നൽകി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഏപ്രിൽ 2025, 14:49