തിരയുക

കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേ കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേ  (ANSA)

ഫ്രാൻസിസ് പാപ്പായുടെ രോഗ-മരണാവസ്ഥകളിൽ റോമേകിയ ഉപകാരങ്ങൾക്ക് നന്ദി പറഞ്ഞ് കർദ്ദിനാൾ റേ

ഫ്രാൻസിസ് പാപ്പായുടെ രോഗാവസ്ഥയിലും, നിര്യാണത്തിന് ശേഷമുള്ള ചടങ്ങുകളിലും റോം നഗരമേകിയ സഹായസഹകരണങ്ങൾക്ക് കർദ്ദിനാൾ സംഘത്തിന്റെ പേരിൽ റോം മേയറിന് നന്ദി പറഞ്ഞ് കർദ്ദിനാൾ റേ. കഴിഞ്ഞ ദിവസങ്ങളിൽ റോമിലേക്കൊഴുകിയ തീർത്ഥാടകർക്കും വിശ്വാസികൾക്കും യാത്രാസൗകര്യമുൾപ്പെടെയുള്ള കാര്യങ്ങളിൽ റോം നഗരവും ഇവിടെയുള്ള സന്നദ്ധസേവനപ്രവർത്തകരുൾപ്പെടെയുള്ള ആളുകളും നൽകിയത് വിലയേറിയ സേവനങ്ങളെന്ന് കർദ്ദിനാൾ സംഘത്തിന്റെ ഡീൻ ഏപ്രിൽ 28-ന് റൊബെർത്തോ ഗ്വാൽത്തിയേരിക്കെഴുതിയ കത്തിൽ കുറിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫ്രാൻസിസ് പാപ്പായുടെ രോഗാവസ്ഥയിലും അദ്ദേഹത്തിന്റെ മരണത്തിലും റോം നഗരവും, മേയറിന് കീഴിലുള്ള അതിലെ ഭരണകൂടവും, പാപ്പായെ കാണാനെത്തിയ ലോകമെമ്പാടും നിന്നുള്ള വിശ്വാസികൾക്കും തീർത്ഥാടകർക്കും നൽകിയ സേവനങ്ങൾക്ക് കർദ്ദിനാൾ സംഘത്തിന്റെ പേരിൽ നന്ദിയറിയിച്ച് കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേ. ഏപ്രിൽ എട്ടാം തീയതി റോം മേയർ റൊബെർത്തോ ഗ്വാൽത്തിയേരിക്ക് എഴുതിയ കത്തിൽ, ഇറ്റലിയുടെ തലസ്ഥാനം കൂടിയായ റോമിലെ ഭരണകൂടത്തിനും പൊതു, സ്വകാര്യസംഘടനകൾക്കും, സന്നദ്ധപ്രവർത്തകർക്കും എല്ലാ പൗരന്മാർക്കും തങ്ങളുടെ പേരിലുള്ള നന്ദി അറിയിക്കാൻ കർദ്ദിനാൾ റേ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിസ് പാപ്പായുടെ അവസാനദിനങ്ങളിൽ, പ്രത്യേകിച്ച് രോഗാവസ്ഥയിലും മരണത്തിലും വത്തിക്കാനിലെത്തിയ അസംഖ്യം വിശ്വാസികൾക്കൊപ്പം റോമും പാപ്പായ്ക്ക് സമീപസ്ഥമായിരുന്നുവെന്ന് കർദ്ദിനാൾ റേ തന്റെ സന്ദേശത്തിൽ എഴുതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികൾക്കൊപ്പം പാപ്പായുടെ വിയോഗത്തിൽ റോമാ നഗരവും പങ്കു ചേർന്നുവെന്നും, എന്നാൽ അതേസമയം, പാപ്പായുടെ ഭൗതികശരീരത്തിന് മുന്നിൽ അന്ത്യോപചാരമർപ്പിക്കാൻ അവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ മുന്നിൽ നിന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിലും, യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നെത്തിയ ഔദ്യോഗിക പ്രതിനിധി സംഘങ്ങൾക്കും വത്തിക്കാനിലേക്കുള്ള യാത്ര സുഗമമാക്കിയതിന് റോം ഭരണകൂടത്തിന്റെയും മറ്റു ഘടകങ്ങളുടെയും സേവനങ്ങൾ ലഭ്യമായിരുന്നതും കർദ്ദിനാൾ തന്റെ കത്തിൽ പ്രത്യേകം അനുസ്മരിച്ചു.

ഫ്രാൻസിസ് പാപ്പായുടെ നിര്യാണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും, ജൂബിലിയുമായി ബന്ധപ്പെട്ടും ലക്ഷക്കണക്കിന് വിശ്വാസികളും തീർത്ഥാടകരുമാണ് വത്തിക്കാനിലേക്കെത്തിക്കൊണ്ടിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 മേയ് 2025, 14:50