കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രി കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രി  (ANSA)

സേവനത്തിന്റെയും നേതൃത്വത്തിനെയും മാതൃകയാകാനുള്ള വിളിയാണ് പത്രോസിന്റെ പിൻഗാമിയുടേത്: കർദ്ദിനാൾ സാന്ദ്രി

ക്രിസ്തുവിന്റെ കൽപ്പനയനുസരിച്ച് പത്രോസിനെപ്പോലെ സഹോദരങ്ങളെ ശക്തിപ്പെടുത്താനും, എല്ലാവർക്കും ശുശ്രൂഷകനായിരിക്കാനുമുള്ള വിളിയാണ് പത്രോസിന്റെ പിൻഗാമിയുടേതെന്ന് കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രി. ഏപ്രിൽ 30 ബുധനാഴ്ച്ച വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ബലിയർപ്പിച്ച വേളയിലാണ് ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തെക്കുറിച്ചും പത്രോസിന്റെ പിൻഗാമിക്കുണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും കർദ്ദിനാൾ സംഘത്തിന്റെ ഉപാധികാരിയും, പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററിയുടെ മുൻ അദ്ധ്യക്ഷനുമായ കർദ്ദിനാൾ സാന്ദ്രി ഇങ്ങനെ അഭിപ്രായപ്പെട്ടു

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നിര്യാതനായ പാപ്പായ്ക്ക് വേണ്ടിയുള്ള നൊവേനക്കുർബാനയുടേത് ദുഃഖാചരണത്തിന്റെ സമയം മാത്രമല്ല, സഭ ഒന്നായി ചേർന്ന് പ്രാർത്ഥിക്കുകയും ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തോടെ പരസ്പരം ധൈര്യം പകരുകയും ചെയ്യേണ്ട ഒരു സമയം കൂടിയാണെന്ന് കർദ്ദിനാൾ സംഘത്തിന്റെ വൈസ്ഡീനും, പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററിയുടെ മുൻ അദ്ധ്യക്ഷനുമായ കർദ്ദിനാൾ  ലെയൊനാർദോ സാന്ദ്രി. സഹോദരങ്ങളെ ശക്തിപ്പെടുത്താൻ ശിമയോനോട് ക്രിസ്തു ആവശ്യപ്പെട്ടതനുസരിച്ച് (ലൂക്ക 22, 32), പത്രോസ്, ഉത്ഥിതനും നിത്യം ജീവിക്കുന്നവനുമായ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ശിഷ്യന്മാരെ ധൈര്യപ്പെടുത്തിയതുപോലെയാണ് ഇതെന്ന് വിശുദ്ധബലിയിലെ തിരുവചനവായനയുടെകൂടി അടിസ്ഥാനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പായുടെ മരണശേഷമുള്ള നൊവേനക്കുർബാനയുടെ അഞ്ചാം ദിവസം, ഏപ്രിൽ 30 ബുധനാഴ്ച്ച വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ബലിയർപ്പിക്കുകയായിരുന്നു കർദ്ദിനാൾ സാന്ദ്രി.

അപ്പസ്തോലന്മാരുടെ പിൻഗാമികളെന്ന നിലയിൽ, ഭരിക്കുകയെന്നാൽ സേവിക്കുകയെന്നാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ടെന്ന് കർദ്ദിനാൾ തന്റെ പ്രഭാഷണത്തിൽ സഹകാർമ്മികരായിരുന്ന കർദ്ദിനാൾ സംഘത്തെ ഓർമ്മപ്പെടുത്തി. ലോകത്തിന്റെ ഏതു ഭാഗത്തുള്ള രൂപതകളിലാണെങ്കിലും സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലാണെങ്കിലും മറ്റു ഡികാസ്റ്ററികളിലാണെങ്കിലും, ക്രിസ്തു കാണിച്ചുതന്ന മാതൃകയിൽ മറ്റുള്ളവരെ ശുശ്രൂഷിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഫ്രാൻസിസ് പാപ്പാ തന്റെ ശുശ്രൂഷയിലൂടെ കാണിച്ചുതന്നതും ഈയൊരു സേവനത്തിന്റെ മാതൃകയാണെന്ന് കർദ്ദിനാൾ സാന്ദ്രി ഓർമ്മിപ്പിച്ചു. വലിയ ആഴ്ചയിലെ പെസഹദിനത്തിൽ, സഹനങ്ങളിലൂടെയും ഒറ്റപ്പെടലിന്റെ അനുഭവങ്ങളിലൂടെയും കടന്നുപോകുന്ന ആളുകളുടെ കാലുകൾ കഴുകിക്കൊണ്ടും, തെക്കൻ സുഡാനിലെ നേതാക്കളുടെ കാലുകൾ ചുംബിച്ചുകൊണ്ടും സുവിശേഷാത്മകമായ ഈയൊരു സേവനത്തിന്റെ മാതൃകയാണ് അദ്ദേഹം കാണിച്ചുതന്നത്.

ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിന്റെ അവസാനവും, ആത്മാവിന്റെ പുതിയ വർഷത്തോടെ പുതിയൊരു ഇടയന്റെ കീഴിൽ സഭയെന്ന നിലയിൽ മുന്നോട്ട് പോകാനുള്ള ഒരു സമയമാണ് നാം ഇപ്പോൾ ജീവിക്കുന്നതെന്ന് കർദ്ദിനാൾ സാന്ദ്രി പ്രസ്താവിച്ചു. വയോധികരും യുവജനങ്ങളും തമ്മിലുണ്ടാകേണ്ട ബന്ധത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പലവുരു അവർത്തിച്ചതുപോലെ, വിവിധ തലമുറകൾ തമ്മിൽ ആശയങ്ങൾ കാഴ്ചപ്പാടുകളും സ്വപ്നങ്ങളും പങ്കുവച്ചുള്ള ഒരു ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കർദ്ദിനാൾ സംഘത്തിലെ വിവിധ പ്രായക്കാരെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു.

ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള കൃപ എന്നും സഭയ്ക്ക് നൽകണമേയെന്ന് നമുക്ക് പ്രാർത്ഥിക്കാമെന്ന് കർദ്ദിനാൾ സംഘത്തിന്റെ വൈസ്ഡീൻ ആഹ്വാനം ചെയ്തു. പരിശുദ്ധ അമ്മയിലേക്ക് സ്നേഹപൂർവ്വം നോക്കുകയും, അമ്മയുടെ നാമത്തിലുള്ള ബസലിക്കയിൽ നിത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന പാപ്പായ്ക്ക് വേണ്ടി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ടാണ് കർദ്ദിനാൾ സാന്ദ്രി തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 മേയ് 2025, 15:05