തിരയുക

റാഫായിൽ  നിന്നും പലായനം ചെയ്യുന്നവർ  റാഫായിൽ നിന്നും പലായനം ചെയ്യുന്നവർ  

റാഫയിൽ സമാധാനം പുനഃസ്ഥാപിക്കണം: യൂണിസെഫ് സംഘടന

ഗാസയുടെ തെക്കൻ മുനമ്പിലുള്ള റാഫാ നഗരം പിടിച്ചെടുക്കുവാൻ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണം എത്രയും വേഗം നിർത്തണമെന്നും, വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും യൂണിസെഫ് സംഘടന ആവശ്യപ്പെട്ടു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതം അനുഭവിക്കുന്ന ഗാസയുടെ തെക്കൻ മുനമ്പിലുള്ള റാഫാ നഗരം പിടിച്ചെടുക്കുവാൻ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണം എത്രയും വേഗം നിർത്തണമെന്നും, വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും യൂണിസെഫ് സംഘടന ആവശ്യപ്പെട്ടു. ഗാസയിലെ കുട്ടികളിൽ  പകുതിയിലധികവും റഫയിലാണ് താമസിക്കുന്നത്. അതിനാൽ കുട്ടികളുടെ നഗരമെന്നറിയപ്പെടുന്ന റാഫയെ സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വിവിധങ്ങളായ വൈകല്യങ്ങളും, രോഗങ്ങളും പിടിമുറുക്കിയ അവസ്ഥകളും കുട്ടികളിൽ ഏറെ ഉള്ളതിനാൽ യുദ്ധസാഹചര്യത്തിൽ അവരെ കൂടുതൽ അപകടത്തിലാകുന്നുവെന്ന കണ്ടെത്തലും സംഘടന നടത്തി. വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്നതുകൊണ്ട് സാംക്രമിക രോഗങ്ങളും കുഞ്ഞുങ്ങൾക്കിടയിൽ പടർന്നുപിടിക്കുന്നുണ്ട്. 850 പേർക്ക് ഒരു ശൗചാലയമെന്ന കണക്കുതന്നെ ഏറെ ഞെട്ടൽ ഉളവാക്കുന്നതാണെന്നും യൂണിസെഫ് സംഘടനാ പ്രതിനിധികൾ പങ്കുവയ്ക്കുന്നു.

ഗാസയിൽ ഇപ്പോൾ അവശേഷിക്കുന്ന ഏറ്റവും വലിയ ആശുപത്രിയായ "യൂറോപ്യൻ ഹോസ്പിറ്റൽ" റാഫയിലാണ്. എന്നാൽ ആക്രമണത്തിൽ അതിനു കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ മുഴുവൻ ആരോഗ്യപ്രവർത്തനങ്ങളുംസ്തംഭിക്കുന്ന അവസ്ഥാവിശേഷവും സംജാതമാകും. അതിനാൽ ഇരു രാജ്യങ്ങളിലെയും ബന്ദികളെ മോചിപ്പിച്ചുകൊണ്ട്, വെടിനിർത്തലിന്, സംഘടന ഇരു രാജ്യങ്ങളോടും അപേക്ഷ നടത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2024, 13:12