തിരയുക

സുഡാനിൽനിന്നുള്ള ഒരു ഫയൽ ചിത്രം സുഡാനിൽനിന്നുള്ള ഒരു ഫയൽ ചിത്രം  (ANSA)

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം സുഡാനിലെ അഭയാർത്ഥിക്യാമ്പുകളിൽ കൊല്ലപ്പെട്ടത് 23 കുട്ടികൾ: യൂണിസെഫ്

സായുധസംഘർഷങ്ങൾ തുടരുന്ന സുഡാനിലെ അൽ ഫാഷർ, അബു ഷുക്, സംസം ക്യാമ്പുകളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം കൊല്ലപ്പെട്ടത് 23 കുട്ടികൾ. 9 മാനവസേവനപ്രവർത്തകരും കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ അൽ ഫാഷർ ക്യാമ്പിൽ മാത്രം 140 കുട്ടികൾ അതിക്രമങ്ങൾക്ക് ഇരകളായെന്ന് യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സുഡാനിലെ വിവിധ അഭയാർത്ഥിക്യാമ്പുകളിൽ 23 കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു. 9 മാനവസേവനപ്രവർത്തകരും ഇതേ ദിവസങ്ങളിൽ കൊല്ലപ്പെട്ടുവെന്നും ശിശുക്ഷേമനിധി അറിയിച്ചു. സായുധസംഘർഷങ്ങൾ തുടരുന്ന സുഡാനിലെ അൽ ഫാഷർ, അബു ഷുക്, സംസം ക്യാമ്പുകളിലാണ് അതീവഗുരുതരമായ രീതിയിൽ അതിക്രമങ്ങൾ തുടരുന്നത്.

കഴിഞ്ഞ മൂന്ന് മാസങ്ങളിൽ അൽ ഫാഷർ ക്യാമ്പിൽ മാത്രം കൊല്ലപ്പെട്ടവരും അംഗഭാഗം വന്നവരുമായി 140 കുട്ടികളുണ്ടായിരുന്നുവെന്ന് അറിയിച്ച യൂണിസെഫ്, ഈ ക്യാമ്പിലെ പത്തുലക്ഷത്തോളം പേരിൽ പകുതിയും കുട്ടികളാണെന്ന് വ്യക്തമാക്കി. അവശ്യസാധനങ്ങളുൾപ്പെടെയുള്ള സഹായമെത്തിയില്ലെങ്കിൽ ഇപ്പോൾത്തന്നെ ബുദ്ധിമുട്ടിൽ കഴിയുന്ന ഈ ക്യാമ്പുകളിലെ കുട്ടികളുടെ ജീവിതം കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്കെത്തുമെന്ന് ഐക്യരാഷ്ട്രസഭാസംഘടന കൂട്ടിച്ചേർത്തു.

അൽ ഫാഷറിൽ മാത്രം കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 16 കുട്ടികളാണ് കൊല്ലപ്പെട്ടത്. സംസം ക്യാമ്പിൽ ആറ്‌ കുട്ടികളും ഒൻപത് മാനവികസേവനപ്രവർത്തകരും കൊല്ലപ്പെട്ടു. അബു ഷുക്കിലെ ക്യാമ്പിൽ ഒരു കുട്ടിയും കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. സംസം ക്യാമ്പിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടിരിക്കുകയാണ്. വിവിധയിടങ്ങളിൽ സായുധഅക്രമിസംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്.

കുട്ടികൾക്കും സാധാരണക്കാർക്കും മാനവികസേവനപ്രവർത്തകർക്കും നേർക്കുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, കുട്ടികൾ സംരക്ഷിക്കപ്പെടണമെന്നും, മാനവികസേവനപ്രവർത്തകർ ആക്രമണലക്ഷ്യമാകുന്നത് തുടരരുതെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ ആക്രമണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കഷികളോടും ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഏപ്രിൽ 2025, 16:48