തിരയുക

മെഡിറ്ററേനിയൻ കടലിലൂടെ അഭയാർത്ഥികളായെത്തുന്നവർ - ഫയൽ ചിത്രം മെഡിറ്ററേനിയൻ കടലിലൂടെ അഭയാർത്ഥികളായെത്തുന്നവർ - ഫയൽ ചിത്രം  (ANSA)

കഴിഞ്ഞ പത്ത് വർഷങ്ങളിൽ മെഡിറ്ററേനിയൻ കടലിൽ പൊലിഞ്ഞത് 3500 കുരുന്നുജീവനുകൾ: യൂണിസെഫ്

യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനിടെ മെഡിറ്ററേനിയൻ കടലിൽ കാണാതായവരും മരണമടഞ്ഞവരുമായവരിൽ പ്രായപൂർത്തിയാകാത്തവരുടെ എണ്ണം 3500-നടുത്തെന്ന് യൂണിസെഫ്. ദിവസം ഒരാളെന്ന നിലയിലാണ് ഇവിടെ കുട്ടികളും പ്രായപൂർത്തിയാകാത്തവരുടെയും മരണനിരക്ക്. പ്രായപൂർത്തിയാകാത്തവരിൽ പകുതിയോളം പേരും, യാത്രാമധ്യേ ദുരുപയോഗങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും ശിശുക്ഷേമനിധി അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങളിൾക്കിടയിലുള്ള മധ്യധരണ്യാഴി എന്ന് വിളിക്കപ്പെടുന്ന മെഡിറ്ററേനിയൻ കടലിലൂടെ യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ പത്ത് വർഷങ്ങളിൽ മാത്രം പ്രായപൂർത്തിയാകാത്ത മൂവ്വായിരത്തിഅഞ്ഞൂറോളം പേർ മരണമടയുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്, കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.

യൂറോപ്പിലേക്ക്, പ്രത്യേകിച്ച് ഇറ്റലിയിലേക്കുള്ള യാത്രയിൽ പത്തിൽ ഏഴ് കുട്ടികളും മാതാപിതാക്കളുടെയോ, നിയമപരമായ രക്ഷാകർത്താക്കളുടെയോ ഒപ്പമല്ല യാത്ര ചെയ്യുന്നതെന്ന് അറിയിച്ച യൂണിസെഫ്, യാത്രയ്ക്കിടയിൽ തങ്ങൾ ശാരീരികപീഡനങ്ങൾക്കിരകളായിട്ടുണ്ടെന്ന് പകുതിയിലധികം കുട്ടികളും പ്രായപൂർത്തിയാകാത്തവരും അറിയിച്ചതായും, മൂന്നിലൊന്ന് പേരെങ്കിലും തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി തടഞ്ഞുവയ്ക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയതായും പത്രക്കുറിപ്പിൽ എഴുതി.

ഇറ്റലിയുടെ തീരത്ത്, കൊച്ചുകുട്ടികൾ ഉൾപ്പെടെ ആയിരത്തിലധികം പേർ മരണമടഞ്ഞ കപ്പലപകടത്തിന്റെ പത്താം വാർഷികമാണ് ഏപ്രിൽ 18-ന് അനുസ്മരിക്കുന്നതെന്ന് യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കുമുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ റെജീന ദേ ദൊമിനിച്ചിസ് ഓർമ്മിപ്പിച്ചു.

നിർബന്ധിത കുടിയേറ്റത്തെ വളർത്തുകയും, മറ്റിടങ്ങളിൽ സുരക്ഷിതത്വം തേടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ തുടരുന്ന യുദ്ധങ്ങളിലും സംഘർഷങ്ങളിലും പീഡനങ്ങളിലും ദാരിദ്ര്യത്തിലും നിന്ന് രക്ഷപെടാനായാണ് കുട്ടികളിൽ പലരും മെഡിറ്ററേനിയൻ കടലിലൂടെ യൂറോപ്പിലേക്കെത്താൻ പരിശ്രമിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷങ്ങളിൽ മെഡിറ്ററേനിയൻ കടലിൽ 20.803 പേരെങ്കിലും മരണമടയുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വടക്കൻ ആഫ്രിക്കയിൽനിന്ന് പുറപ്പെടുന്ന പല ബോട്ടുകളും അപകടത്തിൽപ്പെടുന്നുണ്ടെങ്കിലും അവ കൃത്യമായി രേഖപ്പെടുത്തപ്പെടാത്തതിനാൽ, യഥാർത്ഥ ഇരകളുടെ എണ്ണം വ്യക്തമല്ലെന്നും യൂണിസെഫ് കൂട്ടിച്ചേർത്തു.

അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഏപ്രിൽ 2025, 14:54