തിരയുക

സങ്കീർത്തനചിന്തകൾ - 114 സങ്കീർത്തനചിന്തകൾ - 114 

മോചനം നൽകി തന്റെ രാജ്യത്തിലേക്ക് നമ്മെ നയിക്കുന്ന ദൈവം

വചനവീഥി: നൂറ്റിപ്പതിനാലാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നൂറ്റിപ്പതിനാലാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കർത്താവ് ഇസ്രായേൽ ജനത്തെ അടിമത്തത്തിന്റെ ഈജിപ്തിൽനിന്ന് സ്വാതന്ത്രരാക്കിയതും, മരുഭൂമിയിലൂടെ യാത്ര ചെയ്‌തും, കടലും നദിയും കടന്നും അവർ വാഗ്ദത്തനാട്ടിലേക്കെത്തിയതും ദൈവജനത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഗീതമാണ് നൂറ്റിപ്പതിനാലാം സങ്കീർത്തനം. ദുർഘടമായിരുന്ന ഈ യാത്രയിൽ, തങ്ങൾക്കിടയിലെ ദൈവസാന്നിദ്ധ്യത്തെ അവർ തിരിച്ചറിഞ്ഞത്, ചില അത്ഭുതപ്രതിഭാസങ്ങളിലൂടെയായിരുന്നു. യഹൂദജനം പുറപ്പാട് സംഭവത്തിൽ സാക്ഷ്യം വഹിച്ചതും, കർത്താവിന്റെ മഹത്വവും ശക്തിയും വെളിവാക്കുന്നതുമായ നിരവധി അത്ഭുതങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് വിശ്വാസികളിൽ ദൈവാരാധനയുടെ ചിന്തകൾ ഉണർത്തുന്ന ഈ ഗീതം,പെസഹാ ആചാരണാവസരത്തിൽ  ഇസ്രായേൽ ജനം ഉപയോഗിച്ചിരുന്ന ഒന്നാണ്. ഹല്ലേലൂയാ സങ്കീർത്തനങ്ങളിപ്പെട്ട നൂറ്റിപ്പതിമൂന്നും നൂറ്റിപ്പതിനാലും സങ്കീർത്തനങ്ങൾ പെസഹഭക്ഷണത്തിന് മുൻപും, നൂറ്റിപ്പതിനഞ്ച് മുതൽ നൂറ്റിപ്പതിനെട്ട് വരെയുള്ള സങ്കീർത്തനങ്ങൾ ഭക്ഷണത്തിന് ശേഷവും അവർ ആലപിച്ചിരുന്നു. രക്ഷയുടെയും വിടുതലിന്റെയും അനുഭവം നൽകുന്ന ആനന്ദവും, ദൈവത്തിന്റെ അജയ്യമായ കരങ്ങൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന സത്യവുമാണ് സങ്കീർത്തകൻ ഏഴ് വാക്യങ്ങൾ മാത്രമുളള ഈ ഗീതത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ചിന്തകൾ.

ഈജിപ്തിൽനിന്നുള്ള മോചനവും ദൈവത്തിന്റെ നഗരവും ഇസ്രായേലും

"ഇസ്രായേൽ ഈജിപ്തിൽനിന്നു പുറപ്പെട്ടപ്പോൾ, യാക്കോബിന്റെ ഭവനം അന്യഭാഷ സംസാരിക്കുന്ന ജനതകളുടെ ഇടയിൽനിന്നു പുറപ്പെട്ടപ്പോൾ, യൂദാ അവിടുത്തെ വിശുദ്ധ മന്ദിരവും ഇസ്രായേൽ അവിടുത്തെ സാമ്രാജ്യവും ആയി" (സങ്കീ. 114, 1-2) എന്ന സങ്കീർത്തനത്തിന്റ ഒന്നും രണ്ടും വാക്യങ്ങളിൽ പുറപ്പാട് സംഭവമെന്ന വലിയൊരു സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പുറപ്പാടിന്റെ പുസ്തകം പത്തൊൻപതാം അദ്ധ്യായത്തിൽ (പുറപ്പാട് 19, 6) നാം വായിക്കുന്ന സീനായ് ഉടമ്പടിയെയാണ് സങ്കീർത്തകൻ വിശ്വാസിസമൂഹത്തെ അനുസ്മരിപ്പിക്കുന്നത്. അടിമത്തത്തിന്റെ ഈജിപ്തിൽനിന്ന് തേനും പാലുമൊഴുകുന്ന കാനാൻ ദേശത്തേക്കുള്ള യാത്ര, വെറുമൊരു സ്വാതന്ത്ര്യത്തിന്റെ ചരിത്രം മാത്രമല്ല. മറിച്ച് തങ്ങളുടേതല്ലാത്ത ഒരു സംസ്കാരത്തിൽനിന്നും, അന്യഭാഷ സംസാരിക്കുന്ന ഒരു നാട്ടിൽനിന്നും കൂടിയാണ് അവർ അകലുന്നതെന്നും സങ്കീർത്തകൻ വ്യക്തമാക്കുന്നുണ്ട്. ഏതാണ്ട് നാനൂറ് വർഷങ്ങൾ ഈജിപ്തിൽ ജീവിച്ചുവെന്നു കരുതപ്പെടുന്ന ഇസ്രയേലിന് പക്ഷേ,  ഈജിപ്തിനെ തങ്ങളുടെ സ്വന്തം നാടായി കാണാൻ കഴിഞ്ഞിട്ടില്ല. ദൈവം തന്റേതായി തിരഞ്ഞെടുത്ത് സ്വാതന്ത്ര്യത്തിലേക്ക് വിളിച്ച ഒരു ജനത്തിന് എന്നും അടിമത്തത്തിന്റെ കീഴിൽ കഴിയേണ്ടിവരില്ല. ദൈവം നൽകുന്ന രക്ഷയെ മുന്നിൽ കാണുന്നവർക്ക് ഈ ഭൂമി നൽകുന്ന സുഖലോലുപതയുടെ അടിമത്തം ഒരിക്കലും ശാശ്വതമായ സന്തോഷം നൽകുന്നതല്ല എന്നും, മറ്റേതൊരു ഭാഷയെക്കാളും മാധുര്യം ദൈവത്തിന്റെ മൊഴികൾക്കാണെന്നും മറക്കാനാകില്ലല്ലോ.

ഈ യാത്രയിൽ അവർ അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളും, അവരുടെ ദൈവത്തിന്റെ മഹത്വവും രക്ഷിക്കാനുള്ള അവന്റെ കഴിവും കാട്ടിത്തരുന്നതാണെന്നും സങ്കീർത്തകൻ പറയാതെ പറയുന്നുണ്ട്. പുറപ്പാട് സംഭവം ലക്ഷ്യമില്ലാത്ത വെറുമൊരു യാത്രയല്ല. അത് അടിമത്തത്തിൽനിന്നും, ദൈവത്തിന്റെ വിശുദ്ധമന്ദിരം സ്ഥാപിക്കപ്പെടാൻ പോകുന്ന ദൈവത്തിന്റെ സാമ്രാജ്യത്തിലേക്കുള്ള പുറപ്പാടാണ്.

ഇസ്രായേൽ ഗോത്രങ്ങളിലെ പ്രധാനഗോത്രത്തിന്റെ പേരുകൂടിയാണ് യൂദാ. ഇവിടെ യൂദാ ഇസ്രയേലിന്റെ മുഴുവൻ പ്രതിനിധിയായാണ് നിൽക്കുന്നത്. ഈയൊരർത്ഥത്തിൽ ഇസ്രായേൽ ജനം ദൈവത്തിന്റെ സാന്നിദ്ധ്യമുള്ള ഒരു ജനതയായി മാറുന്നുണ്ട് എന്ന് നമുക്ക് വ്യാഖ്യാനിക്കാനാകും. എല്ലാ അടിമത്തങ്ങളിൽനിന്നും നമ്മെ സ്വാതന്ത്രരാക്കി, ദൈവജനമാക്കി മാറ്റുന്ന ഒരു ദൈവമാണ് കർത്താവെന്ന തിരിച്ചറിവും ഈ വാക്യങ്ങൾ നമുക്ക് നൽകുന്നുണ്ട്.

സകലത്തിന്റെയും നാഥനും അധികാരിയുമായ ദൈവം

സങ്കീർത്തനത്തിന്റെ മൂന്ന് മുതൽ ആറ് വരെയുള്ള വാക്യങ്ങൾ ഇസ്രയേലിന്റെ ദൈവമായ കർത്താവിന് മുന്നിൽ പ്രപഞ്ചശക്തികൾക്ക് അധികാരമില്ലെന്നും, സ്രഷ്ടാവായ അവനുമുന്നിൽ അവ മുട്ടുമടക്കുന്നുവെന്നും ഓർമ്മിപ്പിക്കുന്നവയാണ്. "അത് കണ്ടു കടൽ ഓടിയകന്നു, ജോർദാൻ പിൻവാങ്ങി". പർവതങ്ങൾ മുട്ടാടുകളെപ്പോലെയും, മലകൾ ആട്ടിൻകുട്ടികളെപ്പോലെയും തുള്ളിച്ചാടി" (സങ്കീ. 114, 3-4) എന്നീ മൂന്നും നാലും വാക്യങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. ദൈവജനത്തിന് മുന്നിൽ ചെങ്കടൽ വിഭജിക്കപ്പെടുന്നതും അവർ കടൽ കടക്കുന്നതും പുറപ്പാട് പുസ്തകം പതിനാലാം അദ്ധ്യായത്തിൽ (പുറപ്പാട് 14, 21-22) നാം വായിക്കുന്നുണ്ട്. ദൈവജനമായ ഇസ്രായേലിന് ഈജിപ്തിലെ അടിമത്തത്തിൽനിന്ന് പുറത്തേക്കുള്ള വഴിയിൽ തടസ്സമായി നിന്ന കടലും ജോർദ്ദാൻ നദിയും ദൈവത്തിന് മുന്നിൽ വരണ്ടുങ്ങിയ ഇടങ്ങളായി മാറുന്നു. ദൈവം തിരഞ്ഞെടുത്ത് വിളിച്ച മനുഷ്യർ, അവനെ തങ്ങളുടെ നാഥനും രക്ഷകനായി അംഗീകരിക്കുകയും, അവനൊപ്പം സ്വാതന്ത്ര്യത്തിലേക്ക് നടക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, എത്ര അഗാധവും വിസ്തൃതവുമായ  കടലും നദിയും ദുർഘടമായ പ്രതിസന്ധികളും ഇല്ലാതാവുകയും അകന്നുപോവുകയും ചെയ്യുമെന്ന് ഈ വാക്യങ്ങളിലൂടെ സങ്കീർത്തനം നമ്മെ പഠിപ്പിക്കുന്നുണ്ട്.

സാധാരണജനത്തിന് മുന്നിൽ ഭീതിയും പ്രതിരോധവുമുയർത്തുന്ന പ്രപഞ്ചശക്തികളോട്, വിശ്വാസത്തിന്റെയും ദൈവസാന്നിദ്ധ്യം നൽകുന്ന ധൈര്യത്തിന്റെയും പിൻബലത്തിൽ പരിഹാസച്ചുവയോടെയാണ് അഞ്ചും ആറും വാക്യങ്ങളിൽ സങ്കീർത്തകൻ സംവദിക്കുന്നത്. "സമുദ്രമേ, ഓടിയകലാൻ നിനക്ക് എന്തുപറ്റി? ജോർദാൻ നീ എന്തിനു പിൻവാങ്ങുന്നു? പർവ്വതങ്ങളെ, നിങ്ങൾ മുട്ടാടുകളെപ്പോലെയും, മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതെന്തിന്" (സങ്കീ. 114, 5-6)? പ്രപഞ്ചത്തെ മുഴുവൻ സൃഷ്‌ടിച്ച സർവ്വശക്തനായ ദൈവത്തിനു മുന്നിൽ ഭയത്തോടെയും ആദരവോടെയും പിന്മാറുകയാണ് കടലും മലകളും. രക്ഷിക്കാനായി ദൈവം മുന്നോട്ടിറങ്ങിയാൽ, അവനെ നാഥനായി സ്വീകരിച്ചാൽ, അവന്റെ കല്പനകളനുസരിച്ച് അവനൊപ്പം ജീവിച്ചാൽ, ദൈവത്തിന്റെ മഹത്വവും, അവനുമുന്നിൽ തോറ്റുപിന്മാറുന്ന തിന്മയുടെ ശക്തികളെയും നമുക്കും കാണാനാകുമെന്ന് സങ്കീർത്തനം ഉദ്ബോധിപ്പിക്കുന്നുണ്ട്.

അസാധ്യതകളെ സാധ്യതകളാക്കുന്ന ദൈവം

മാനുഷികമായി അസാധ്യമെന്നു കരുതാവുന്നവയെ സാധ്യമാക്കാൻ ശക്തിയുള്ളവനാണ് ഇസ്രയേലിന്റെ ദൈവമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ദൈവസന്നിധിയിൽ ഭയഭക്തിയോടെ ആയിരിക്കാൻ ഭൂമിയെ മുഴുവൻ ക്ഷണിക്കുകയാണ് ഈ സ്തുതിഗീതത്തിന്റെ അവസാനവാക്യങ്ങളിൽ സങ്കീർത്തകൻ. പുറപ്പാടിന്റെ ഭാഗമായി, ഈജിപ്തിൽനിന്ന് തങ്ങളെ രക്ഷിച്ചു കൊണ്ടുവന്ന ദൈവം, പുറപ്പാട് പുസ്തകം പതിനേഴാം അദ്ധ്യായത്തിലും (പുറപ്പാട് 17, 1-7), ഏശയ്യാപ്രവാചകന്റെ നാൽപ്പത്തിയൊന്നാം അദ്ധ്യായത്തിലും (ഏശയ്യ 41, 17-18) നാം കാണുന്നതുപോലെ, മോശയുടെ പ്രാർത്ഥന ശ്രവിച്ച്, ഹോറെബ് മലയിൽ വച്ച് തങ്ങൾക്കായി പാറയിൽനിന്ന് ജലമൊഴുക്കിത്തന്ന അനുഭവത്തിന്റെ ഓർമ്മയുണർത്തിക്കൊണ്ടാണ് ഇത്തരമൊരു ആഹ്വാനം സങ്കീർത്തകൻ നടത്തുന്നത്. "കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഭൂമി വിറകൊള്ളട്ടെ! അവിടുന്ന് പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി."

മറ്റു ദൈവസങ്കല്പങ്ങളിൽനിന്ന് വ്യത്യസ്തമായി ഇസ്രായേൽ ജനത്തിന്റെ അനുദിനജീവിതത്തിൽ അവരോടൊത്ത് വസിച്ച, അവർക്കൊപ്പം സഞ്ചരിച്ച, എല്ലാ അധികാരങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും കെണികളിൽനിന്നും അവരെ മോചിപ്പിച്ച, കടലും മരുഭൂമിയും മലനിരകളും തരണം ചെയ്യിപ്പിച്ച് അവരെ വാഗ്ദത്തനാട്ടിലേക്ക് നയിച്ച ദൈവമാണവൻ. സകലത്തിന്റെയും സൃഷ്ടാവും നാഥനുമായ ഈ ദൈവത്തിന് മുന്നിലെങ്ങനെയാണ് ഭൂമിക്കോ അതിൽ വസിക്കുന്നവർക്കോ നിസംഗതയോടെയിരിക്കാനാകുക? ദൈവത്തെക്കുറിച്ചുള്ള ശരിയായ തിരിച്ചറിവുകളും ബോധ്യങ്ങളുമാണ് അനിവാര്യങ്ങളായ മാറ്റങ്ങളിലേക്കും തീരുമാനങ്ങളിലേക്കും സകല സൃഷ്ടികളെയും എത്തിക്കുക.

സങ്കീർത്തനം ജീവിതത്തിൽ

തന്റെ ജനമായി ഇസ്രയേലിനെ തിരഞ്ഞെടുത്ത്, ഈജിപ്തിലെ ദുരിതപൂർണ്ണമായ അടിമത്വത്തിൽനിന്ന് അവരെ സ്വാതന്ത്രരാക്കി, ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും കടലും നദിയും മരുഭൂമിയും മലകളും പർവ്വതങ്ങളും കടത്തി, സുഖസമ്പുഷ്ടമായ ഒരു നാട്ടിലേക്ക്, ഇസ്രായേലിലേക്ക് അവരെ നയിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ഓർമ്മകളുണർത്തി ആ ദൈവത്തോട് ചേർന്നുനിൽക്കാനും അവനു സ്തുതി പാടാനും വിശ്വാസികളെ ക്ഷണിക്കുന്ന നൂറ്റിപതിനാലാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ദൈവത്തിന് മാത്രം നൽകാൻ കഴിയുന്ന യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കും, സംരക്ഷണത്തിന്റെ അനുഭവത്തിലേക്കും കടന്നുവരാൻ നമുക്കും പരിശ്രമിക്കാം. ദൈവത്താൽ സ്വന്തമാക്കപ്പെട്ടാൽ, ദൈവത്തോട് ചേർന്ന് നിന്നാൽ, എല്ലാ അടിമത്തങ്ങളിൽനിന്നും ശക്തമായ കരങ്ങളോടെ അവൻ നമ്മെ സ്വാതന്ത്രരാക്കുമെന്ന് തിരിച്ചറിയാം. വേദനകളുടെ കണ്ണീർക്കടലിൽ മുങ്ങിത്താഴുന്ന, നിരാശയുടെയും ഒറ്റപ്പെടലിന്റെയും മരുഭൂമിയനുഭവങ്ങളിൽ ചുട്ടുപൊള്ളുന്ന, മറ്റെങ്ങും ആശ്വാസമില്ലാതെ അലയുന്ന നമ്മെ രക്ഷിക്കാനും സ്വാതന്ത്രരാക്കാനും ആനന്ദത്തിന്റെയും സുരക്ഷിതത്വത്തിന്റെയും വാഗ്ദത്തനാട്ടിലേക്ക് നയിക്കാനും അവനു സാധിക്കുമെന്ന് മനസ്സിലാക്കാം. ഇസ്രയേലിന്റെ ദൈവത്തെ നമുക്കും പ്രപഞ്ചത്തിനും അതിലെ സൃഷ്ടികൾക്കുമൊപ്പം നമുക്കും ആരാധിക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഏപ്രിൽ 2025, 18:39