ഇറ്റലിയിൽ പട്ടിണി വർദ്ധിക്കുന്നു: സേവ് ദി ചിൽഡ്രൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇറ്റലിയിൽ സാമൂഹികബഹിഷ്കരണഭീഷണി അഭിമുഖീകരിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് നയിക്കുന്ന രീതിയിൽ കടുത്ത പട്ടിണിയും ദാരിദ്ര്യവും നേരിടുന്ന കുടുംബങ്ങൾ ഏറിവരികയാണെന്നും, പ്രായപൂർത്തിയാകാത്ത കുട്ടികളുള്ള ഇത്തരം കുടുംബങ്ങളുടെ എണ്ണം ഏഴരലക്ഷത്തോളമാണെന്നും (7.48.000) സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. സമൂഹത്തിലെ പ്രായം കുറഞ്ഞവരായ കൗമാരക്കാരുടെയും പ്രായപൂർത്തിയാക്കാത്തവരുടെയും ശരിയായ വളർച്ചയെ ഗുരുതരമായ രീതിയിൽ ബാധിക്കുന്ന അനീതിയാണിതെന്നും, അവരുടെ വിദ്യാഭ്യാസമാർഗ്ഗത്തിനും, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾക്കും ഇത്തരമൊരു അവസ്ഥ തടസ്സമാകുമെന്നും ഏപ്രിൽ 29 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി.
ഇറ്റലിയിലെ ജനസംഖ്യാപരമായ വളർച്ചയെ ബാധിക്കുന്ന വിധത്തിലും, കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുകയും, പ്രായപൂർത്തിയാകാത്തവരുടെ വളർച്ചയെ തളർത്തുകയും ചെയ്യുന്ന രീതിയിലും, യുവജനങ്ങൾക്ക് അവരുടെ ഭാവി ശരിയായ രീതിയിൽ ആസൂത്രണം ചെയ്യുന്നതിനെ തടയുന്ന രീതിയിലുമുള്ള അപര്യാപ്തമായ വേതനനിരക്കുകളെക്കുറിച്ച്, ഇറ്റലിയുടെ പ്രസിഡന്റ്, തൊഴിലാളിദിനവുമായി ബന്ധപ്പെട്ടു നടന്ന ആഘോഷത്തിൽ പങ്കുവച്ച ആശങ്കകൾ സേവ് ദി ചിൽഡ്രനും ശരിവച്ചു.
ഇറ്റലിയിലെ കുടുംബങ്ങളിൽ ഏതാണ്ട് പന്ത്രണ്ടര ശതമാനത്തോളം (12,4) വരുന്ന ഏഴരലക്ഷം കുടുംബങ്ങൾ സമ്പൂർണ്ണ ദാരിദ്രത്തിലാണെന്നും, ഇവയിൽ പത്തൊൻപത് ശതമാനത്തോളം (18,8) മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളാണെന്നും, ഏതാണ്ട് പതിനഞ്ച് ശതമാനത്തോളം (14,8) കുടുംബങ്ങൾ അവിവാഹിതരായി ഒറ്റയ്ക്ക് മക്കളെ വളർത്തുന്നവയാണെന്നും, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി. 2022-മായി തട്ടിച്ചുനോക്കുമ്പോൾ, പ്രായപൂർത്തിയാകാത്ത കുട്ടികളുള്ള വിദേശികളുടെ കുടുംബങ്ങളാണ് ദാരിദ്ര്യനിലയിൽ മുൻപന്തിയിൽ നിൽക്കുന്നതെന്ന് സംഘടന കൂട്ടിച്ചേർത്തു.
പ്രായപൂർത്തിയാകാത്തവരും കൗമാരക്കാരുമായ കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന ദാരിദ്ര്യത്തിന്റെയും, അതുവഴി സാമൂഹികബഹിഷ്കരണത്തിന്റെയും അപകടസാധ്യതയെ ചെറുക്കുന്നതിനായുള്ള ശ്രമങ്ങൾ അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്ന് സേവ് ദി ചിൽഡ്രൻ ഡയറക്ടർ ജനറൽ ദാനിയേല ഫത്തറെല്ല, സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ രേഖപ്പെടുത്തി.
ഭൗതികദാരിദ്ര്യം വിദ്യാഭ്യാസ-വികസന മേഖലകളിലെ ദാരിദ്ര്യമായി മാറുന്നത് തടയണമെന്നും, പ്രായപൂർത്തിയാകാത്തവരുടെ വളർച്ചയ്ക്കും വികസനത്തിനുമായുള്ള അവസരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും സേവ് ദി ചിൽഡ്രൻ ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു. അസമത്വങ്ങൾ കുറയ്ക്കുന്നതിനും, കൂടുതൽ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി, സ്‌കൂൾ കാന്റീൻ പോലെയുള്ള സേവനങ്ങളുടെ സാധ്യതയും മെച്ചപ്പെടുത്തലും അത്യാവശ്യമാണെന്നും ശ്രീമതി ഫത്തറെല്ല കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: