തിരയുക

സുഡാനിലെ സംസം ക്യാമ്പിൽനിന്ന് രക്ഷപ്പെട്ടെത്തിയവർ - ഫയൽ ചിത്രം സുഡാനിലെ സംസം ക്യാമ്പിൽനിന്ന് രക്ഷപ്പെട്ടെത്തിയവർ - ഫയൽ ചിത്രം  (AFP or licensors)

സുഡാൻ സംഘർഷങ്ങൾ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്നു: ഫീദെസ്

2023 ഏപ്രിൽ 15-ന് പൊട്ടിപ്പുറപ്പെട്ട സുഡാൻ സംഘർഷങ്ങൾ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ട ഈ സംഘർഷങ്ങൾമൂലം ഏതാണ്ട് ഒന്നരക്കോടി ആളുകൾ രാജ്യത്തിനുള്ളിലും മുപ്പത് ലക്ഷത്തോളം ആളുകൾ രാജ്യത്തിന് പുറത്തും അഭയാർത്ഥി ക്യാമ്പുകളിലാണ് കഴിയുന്നതെന്ന് ഫീദെസ് റിപ്പോർട്ട് ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സുഡാൻ സായുധസേനയും, സുഡാൻ ധ്രുതകർമ്മസേനയും തമ്മിൽ നടന്നുവരുന്ന സംഘർഷങ്ങൾ മൂന്നാം വർഷത്തിലേക്ക് നീളുന്നുവെന്നും, നാളിതുവരെ നടന്ന സായുധസംഘർഷങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്നും, ഏതാണ്ട് ഒന്നരക്കോടി ആളുകൾ രാജ്യത്തിനുള്ളിലും മുപ്പത് ലക്ഷത്തോളം ആളുകൾ രാജ്യത്തിന് പുറത്തും അഭയാർത്ഥികളായി ക്യാമ്പുകളിൽ കഴിയാൻ നിർബന്ധിതരായിരിക്കുകയാണെന്നും ഫീദെസ് റിപ്പോർട്ട് ചെയ്തു. ജനറൽ അബ്ദെൽ ഫത്താഹ് അൽ-ബുർഹാൻ (Abdel Fattah al-Burhan) നേതൃത്വം നൽകുന്ന സുഡാൻ സായുധസേനയെന്ന സാധാരണ പട്ടാളക്കാരും (Sudan Armed Forces), മൊഹമ്മദ് ഹംദാൻ "ഹെമെത്തി" ദാഗാലോ (Mohamed Hamdan "Hemeti" Dagalo) നേതൃത്വം നൽകുന്ന സുഡാൻ ധ്രുതകർമ്മസേനയും (Rapid Support Forces RSF) തമ്മിൽ 2023 ഏപ്രിൽ 15-നായിരുന്നു സംഘർഷങ്ങൾ ആരംഭിച്ചത്.

സുഡാനിലെ സായുധസംഘർഷങ്ങൾ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും സമാധാനസാധ്യതകൾ ഒന്നും തെളിയുന്നില്ലെന്നും, രാജ്യത്ത് മുൻപുതന്നെ ദുരിതത്തിലായിരുന്ന ലക്ഷക്കണക്കിനാളുകൾ തങ്ങളുടെ വരുമാനസാധ്യതകൾ നഷ്ടപ്പെട്ടതുമൂലം കൂടുതൽ ബുദ്ധിമുട്ടിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതും, ക്യാമ്പുകളിലും സ്വഭവനങ്ങളിലും കഴിയുന്നവർ, ബോംബാക്രമണമുൾപ്പെടെയുള്ള സംഘർഷങ്ങളുടെ ഭീതിയിലാണ് കഴിയുന്നതെന്നും ഫീദെസ് അറിയിച്ചു.

സൈന്യം തിരികെ കൈവശപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ഇടങ്ങളിൽപ്പോലും സ്ഥിതിഗതികൾ വ്യത്യസ്തമല്ലെന്നും, പലയിടങ്ങളിലും, പ്രത്യേകിച്ച് അഭയാർത്ഥി ക്യാമ്പുകളിൽ ആളുകൾ കൊള്ളയടിക്കപ്പെടുകയാണെന്നും, സുഡാൻ ധ്രുതകർമ്മസേന ഡ്രോണുകൾ ഉപയോഗിച്ച് പലയിടങ്ങളിലും  വൈദ്യുത, ജല വിതരണകേന്ദ്രങ്ങൾ ഭാഗികമായോ മുഴുവനായോ തകർത്തതിനാൽ, ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യസേവനങ്ങൾ പോലും ലഭിക്കുന്നില്ലെന്നും ഫീദെസ് എഴുതി.

രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങൾ അധിവസിക്കുന്നതും, സുഡാൻ ധ്രുതകർമ്മസേനയുടെ ഉരുക്കുകോട്ടയുമായിരുന്ന ഖർത്തും സുഡാൻ സായുധസേനയുടെ നിയന്ത്രണത്തിലായിട്ടുണ്ട്. എന്നാൽ വടക്കൻ ഡർഫൂറിന്റെ കേന്ദ്രമായ എൽ ഫാഷറിലെ സ്ഥിതിഗതികൾ ഗുരുതരമാണ്.

സംസമിലുള്ള ക്യാമ്പുകളിൽ സുഡാൻ ധ്രുതകർമ്മസേന തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ നടത്തിയ ബോംബാക്രമണങ്ങളിൽ അഞ്ഞൂറോളം അഭയാർത്ഥികൾ മരണമടഞ്ഞിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഏപ്രിൽ 2025, 14:56