സുഡാൻ: രണ്ടുവർഷം നീണ്ട യുദ്ധത്തിൽ 30000 ഇരകൾ, കുട്ടികൾക്കെതിരായ പീഡനങ്ങൾ 480% വർദ്ധിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ രണ്ടുവർഷങ്ങളായി സുഡാനിൽ തുടരുന്ന യുദ്ധത്തിൽ മുപ്പതിനായിരത്തോളം ആളുകൾ ഇരകളായെന്നും, കുട്ടികൾക്കെതിരായ പീഡനങ്ങൾ 480 ശതമാനത്തിലധികം വർദ്ധിച്ചുവെന്നും കോപ്പി (COOPI - Cooperazione Internazionale) എന്ന പേരിൽ അറിയപ്പെടുന്ന അന്താരാഷ്ട്രസഹകരണസംഘം അറിയിച്ചു. ഏപ്രിൽ 10 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, ലോകം മറന്നുതുടങ്ങിയ സുഡാൻ സായുധസംഘർഷങ്ങളെക്കുറിച്ച് കഴിഞ്ഞ അറുപത് വർഷങ്ങളോളമായി നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഈ സംഘടന പ്രസ്താവന നടത്തിയത്.
2023 ഏപ്രിൽ 15-ന് സുഡാനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ നാളിതുവരെ ഒന്നേകാൽ കോടിയോളം ആളുകൾ സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായെന്നും, ഇവരിൽ നാൽപ്പത് ലക്ഷത്തോളം പേർ ഈജിപ്ത്, ചാഡ്, തെക്കൻ സുഡാൻ തുടങ്ങിയ അയൽരാജ്യങ്ങളിലാണ് അഭയം കണ്ടെത്തിയിരിക്കുന്നതെന്നും കോപ്പി സംഘടന വ്യക്തമാക്കി. രാജ്യത്തെ മൂന്നിലൊന്ന് ആളുകളും കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും ഇവരിൽ പകുതിയും കുട്ടികളാണെന്നും സംഘടന കൂട്ടിച്ചേർത്തു.
സുഡാനിൽ നിലവിൽ രണ്ടര കോടിയോളം ആളുകൾ പട്ടിണിയനുഭവിക്കുന്നുണ്ടെന്നും, ഒരുലക്ഷത്തിമുപ്പത്തിനായിരത്തോളം കുട്ടികൾ ഉൾപ്പെടെ രണ്ടുലക്ഷത്തിഎഴുപത്തിനായിരത്തോളം ആളുകൾ ശുദ്ധജലലഭ്യതക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നും കോപ്പി സംഘടന അറിയിച്ചു. സംഘർഷങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ആവശ്യസൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നും, നാലിലൊന്ന് ആരോഗ്യകേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സംഘടന കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടുവർഷങ്ങളിലെ യുദ്ധങ്ങൾ ഇരുപത്തിയൊൻപതിനായിരം ഇരകളെയാണ് സൃഷ്ടിച്ചതെന്നും, ഇവരിൽ എഴായിരത്തിയഞ്ഞൂറോളംപേർ സാധാരണക്കാരായിരുന്നുവെന്നും അറിയിച്ച കോപ്പി അന്താരാഷ്ട്രസംഘടന, രാജ്യത്ത് കുട്ടികൾക്കെതിരായ ഗുരുതരആക്രമണങ്ങൾ 480 ശതമാനം വർദ്ധിച്ചുവെന്നും വ്യക്തമാക്കി.
2004 മുതൽ സുഡാനിൽ പ്രവർത്തിക്കുന്ന കോപ്പി സംഘടന കഴിഞ്ഞ 21 വർഷങ്ങളിൽ 119 വ്യത്യസ്ത പദ്ധതികളിലായി നാലേകാൽ കോടിയോളം ജനങ്ങൾക്ക് സേവനമേകിയിട്ടുണ്ടെന്ന് അവകാശപ്പെട്ടു.
1965 ഏപ്രിൽ 15-ന് ഇറ്റലിയിൽ സ്ഥാപിക്കപ്പെട്ട കോപ്പി അന്താരാഷ്ട്രസഹകരണസംഘം സ്ഥാപനത്തിന്റെ അറുപതാം വാർഷികത്തിലൂടെയാണ് കടന്നുപോകുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: