തിരയുക

ഭൂമി ഭൂമി 

ലോകഭൗമദിനം: ലോകബാലകരിൽ മൂന്നിലൊന്നും ദാരിദ്ര്യത്തിന്റെയും കാലാവസ്ഥാപ്രതിസന്ധിയുടെയും ഭീഷണിയിലെന്ന് സേവ് ദി ചിൽഡ്രൻ

ഏപ്രിൽ 22-ന് ലോകഭൗമദിനം ആചരിക്കുന്ന അവസരത്തിൽ, ലോകത്തെമ്പാടുമുള്ള കുട്ടികളിൽ മൂന്നിലൊന്നും ദാരിദ്ര്യവും കാലാവസ്ഥാപ്രതിസന്ധിയുമുയർത്തുന്ന ഭീഷണി നേരിടുകയാണെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. സുസ്ഥിരമായ ഒരു ഭാവിയും, യുവതയുടെ അവകാശങ്ങൾ മാനിക്കുന്ന രാഷ്ട്രീയതീരുമാനങ്ങളെ സഹായിക്കുന്ന സാമ്പത്തികസഹായവും ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ആവശ്യകതയിലേക്ക് സംഘടന ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകമെമ്പാടുമുള്ള കുട്ടികളിൽ മൂന്ന് ശതമാനത്തോളം വരുന്ന 77.4 കോടി കുട്ടികൾ ദാരിദ്ര്യവും കാലാവസ്ഥാപ്രതിസന്ധിയുമുയർത്തുന്ന ഭീഷണി നേരിടുകയാണെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന, ലോകഭൗമദിനം ആചരിക്കപ്പെടുന്ന ഏപ്രിൽ 22-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. മതിയായ ഭക്ഷണമോ, ശുദ്ധജലമോ, ആരോഗ്യപരിപാലനസൗകര്യമോ വിദ്യാഭ്യാസസൗകര്യമോ ഇവർക്ക് ലഭിക്കുന്നില്ലെന്ന് സംഘടന വിശദീകരിച്ചു.

2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ മാത്രം 76.6 കോടി കുട്ടികൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഫലമായി, കടുത്ത ഉഷ്ണക്കാറ്റ് മൂലം ബുദ്ധിമുട്ടനുഭവിച്ചുവെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ നൂറു വർഷങ്ങളായി കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ ലോകഭൗമദിനത്തിൽ ഓർമ്മിപ്പിച്ചു. കഴിഞ്ഞ 175 വർഷങ്ങളിൽ ഏറ്റവും ഉയർന്ന താപനിലയാണ് 2024-ൽ രേഖപ്പെടുത്തപ്പെട്ടതെന്ന് എഴുതിയ സേവ് ദി ചിൽഡ്രൻ, ചൂടുനിരക്കിൽ ആഗോളതലത്തിൽ ഒന്നര ഡിഗ്രി സെന്റിഗ്രേഡ് വർദ്ധനവാണുണ്ടായിരിക്കുന്നതെന്നും, എന്നാൽ യൂറോപ്പിൽ ഇത് 2,4 ഡിഗ്രി വരെയായി കൂടിയിട്ടുണ്ടെന്നും വിശദീകരിച്ചു.

കാലാവസ്ഥാപ്രതിസന്ധിയുടെ ദൂഷ്യഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് കുട്ടികളാണെന്ന് ഓർമ്മിപ്പിച്ച സേവ് ദി ചിൽഡ്രൻ, ശ്വാസസംബന്ധിയായ ആസ്മ, മാനസികമായ ബുധിമുട്ടുകൾ തുടങ്ങി വിവിധ പ്രശ്‌നങ്ങൾ ഇവർ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ടെന്ന് വിശദീകരിച്ചു.

കഴിഞ്ഞവർഷം ഏപ്രിൽ മെയ് മാസങ്ങളിൽ മാത്രം ഇരുപത്തിയൊന്ന് കോടിയിലധികം കുട്ടികൾക്ക് സ്‌കൂളുകളിലേക്കെത്താനായിട്ടില്ലെന്ന് എഴുതിയ സേവ് ദി ചിൽഡ്രൻ, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മാത്രം കഴിഞ്ഞ മെയ് മാസത്തിൽ കടുത്ത ചൂട് മൂലം രണ്ടരക്കോടി കുട്ടികൾക്കാണ് സ്കൂളിലെത്താൻ സാധിക്കാതെപോയതെന്ന് വിശദീകരിച്ചു.

കൂടുതൽ സുസ്ഥിരമായ ഒരു ഭാവി ഉറപ്പാക്കാനായി വേണ്ട തീരുമാനങ്ങളിലേക്കും പ്രയത്നങ്ങളിലേക്കുമെത്താൻ വേണ്ട സാമ്പത്തികസഹായത്തിന്റെ ആവശ്യകതയെയും, കുട്ടികളുടെ അവകാശങ്ങൾ മാനിക്കുന്ന വിധത്തിലുള്ള രാഷ്ട്രീയതീരുമാനങ്ങൾ എടുക്കുന്നതിന്റെ പ്രാധാന്യത്തെയും തങ്ങളുടെ പത്രക്കുറിപ്പിൽ പ്രത്യേകം പരാമർശിച്ച, സേവ് ദി ചിൽഡ്രൻ ഡയറക്ടർ ജനറൽ ഡാനിയേല ഫാത്താറെല്ല, കഴിഞ്ഞ നവംബറിൽ ബ്രസീലിൽ നടന്ന കോപ്30 (COP30) സമ്മേളനത്തിലെ തീരുമാനങ്ങൾ പോലെ, അന്താരാഷ്ട്രത്തലത്തിലുള്ള സഹകരണത്തിന്റെയും, ഉഭയകക്ഷി ചർച്ചകളുടെയും പ്രാധാന്യവും എടുത്തുകാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഏപ്രിൽ 2025, 14:42