തിരയുക

യേശുവും സമ്പന്ന യുവാവും: നിക്കുള്ളതെല്ലാം വിറ്റ് നീ ദരിദ്രർക്കു കൊടുക്കുക, അപ്പോൾ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. യേശുവും സമ്പന്ന യുവാവും: നിക്കുള്ളതെല്ലാം വിറ്റ് നീ ദരിദ്രർക്കു കൊടുക്കുക, അപ്പോൾ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. 

ജീവിതത്തിലെ അടിഭാരങ്ങളകറ്റി ഹൃദയത്തെ സ്വതന്ത്രമാക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പാ ഏപ്രിൽ ഒമ്പതാം തീയതി നല്കിയ പൊതുദർശന ലിഖിത സന്ദേശം: നാം ഹൃദയത്തിൽ പേറുന്നവയായണ് നമുക്കാനന്ദം പ്രദാനം ചെയ്യുക. യേശുവും ധനികനായ മനുഷ്യനും തമ്മിലുള്ള കൂടിക്കാഴ്ചയെ അവലംബമാക്കിയുള്ള വിചിന്തനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇരുശ്വാസകോശങ്ങളിലും ന്യുമോണിയബാധിച്ച് റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽകോളേജ് ആശുപത്രിയിൽ ഒരു മാസത്തിലേറെ ചികിത്സയിലായിരുന്ന ഫ്രാൻസീസ് പാപ്പാ ആശുപത്രി വിട്ടെങ്കിലും ഇപ്പോഴും ചികത്സയിലും വിശ്രമത്തിലുമാണ്. ആശുപത്രിയിൽ നിന്ന് മുപ്പത്തിയെട്ടാമത്തെ ദിവസം, അതായത് മാർച്ച് 23-ന് വത്തിക്കാനിൽ, തൻറെ വാസയിടമായ, “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ തിരിച്ചെത്തിയ പാപ്പായുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ട്. ശ്വസന-ചലന-സ്വനസംബന്ധിയ അവസ്ഥകൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ആവശ്യമായിവരുന്ന പക്ഷം മാത്രമാണ് രാത്രിയിൽ ഉയർപ്രവാഹത്തോതിൽ ഓക്സിജൻ നല്കുന്നത്. ആരോഗ്യം വീണ്ടെടുക്കുന്നതിന്, വൈദ്യസംഘത്തിൻറെ നിർദ്ദേശാനുസരണം, ചികിത്സയോടൊപ്പം വിശ്രമവും തുടരുന്ന പാപ്പാ അതുകൊണ്ടുതന്നെ, ബുധനാഴ്ചത്തെ പ്രതിവാര പൊതുദർശനം അനുവദിക്കുകയോ, ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുകയോ ചെയ്യുന്നില്ല. അതുപോലെതന്നെ പാപ്പാ മറ്റു പൊതുപരിപാടികളിൽ നിന്നെല്ലാം തല്ക്കാലം വിട്ടുനില്ക്കുകയാണ്. എന്നിരുന്നാലും പാപ്പായുടെ ലിഖിത ത്രികാലജപസന്ദേശവും പ്രതിവാരപൊതുകൂടിക്കാഴ്ച പ്രഭാഷണവും പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്താറുണ്ട്.

ജൂബിലി വത്സരാചരണത്തോടനുബന്ധിച്ച്, പൊതുകൂടിക്കാഴ്ചാവേളയിൽ, പാപ്പാ, നമ്മുടെ പ്രത്യാശയായ യേശുവിനെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പരയിൽ, യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള പരിചിന്തനം സമാപിച്ചതിനെ തുടർന്ന് ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിലേക്ക് കടന്നിരിക്കയാണ്.. “യേശുവിൻറെ ജീവിതം. കൂടിക്കാഴ്ചകൾ”  എന്ന ശീർഷകത്തിലുള്ള പരിചിന്തന പരമ്പരയിൽ ആദ്യത്തേതായി, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനമായ മാർച്ച് 19-ാം തീയതി ബുധനാഴ്ച, പാപ്പാ,  യേശുവും നിക്കോദേമോസുമായുള്ള കൂടിക്കാഴ്ചയും ഇരുപത്തിയാറാം തീയതി യേശുവും സമറിയക്കാരിയും തമ്മിൽ കിണറിനരികിൽ വച്ച് കണ്ടുമുട്ടുന്ന സുവിശേഷ സംഭവവും  ഏപ്രിൽ 2-ന് യേശുവും സക്കേവൂസുമായുള്ള കൂടുക്കാഴ്ചയും പരിചിന്തനവിഷയമാക്കിയിരുന്നു. ഈ ബുധനാഴ്ച (09/04/25) പാപ്പായുടെ  വിചിന്തനത്തിന് ആധാരം, നിത്യജീവൻ  അവകാശമാക്കാൻ താൻ എന്തുചെയ്യണമെന്ന് യേശുവിനോടു ചോദിക്കുന്ന ധനികൻ, ഉള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുകയെന്ന അവിടത്തെ ഉത്തരം കേട്ടപ്പോൾ വിഷാദിച്ച് തിരികെപ്പോകുന്ന സുവിശേഷ സംഭവം, മർക്കോസിൻറെ സുവിശേഷം പത്താം അദ്ധ്യായം 17-22 വരെയുള്ള വാക്യങ്ങൾ ആയിരുന്നു. ഈ കൂടിക്കാഴ്ച പാപ്പാ വിശകലനം ചെയ്തത് ഇപ്രകാരമായിരുന്നു:

പേരില്ലാത്ത മനുഷ്യൻ, അടിഭാരത്താൽ അനങ്ങനാകാതെ

പ്രിയ സഹോദരീ സഹോദരന്മാരേ,

സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന യേശുവിൻറെ മറ്റൊരു കൂടിക്കാഴ്ചയിലാണ് ഇന്ന് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാൽ ഇത്തവണ കണ്ടുമുട്ടിയ ആൾ നാമരഹിതനാണ്. സുവിശേഷകനായ മർക്കോസ് കേവലം "ഒരുവൻ" എന്ന നിലയിലാണ് ആ വ്യക്തിയെ അവതരിപ്പിക്കുന്നത്. (10:17). ചെറുപ്പം മുതൽ കൽപ്പനകൾ പാലിച്ച് ജീവിച്ച ഒരു മനുഷ്യനാണിത്, എന്നിരുന്നാലും, സ്വന്തം ജീവിതത്തിൻറെ പൊരുൾ കണ്ടെത്താൻ ഇതുവരെ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അവൻ അത് അന്വേഷിക്കുകയാണ്. അതിനായി പരിശ്രമിക്കുന്ന ഒരാളാണെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, ഒരുപക്ഷേ ഇതുവരെ ഉള്ളിൻറെ ഉള്ളിൽ ഒരു തീരുമാനമെടുത്തിട്ടില്ലാത്ത ആളായിരിക്കാം. വാസ്തവത്തിൽ, നമ്മൾ ചെയ്യുന്ന കാര്യങ്ങൾ, ത്യാഗങ്ങൾ അല്ലെങ്കിൽ വിജയങ്ങൾ എന്നിവയ്ക്കെല്ലാം ഉപരിയായി, യഥാർത്ഥത്തിൽ, നമുക്കു സന്തോഷം പകരുന്നത് പ്രധാനമായും നമ്മുടെ ഹൃദയത്തിൽ നാം സംവഹിക്കുന്നതെന്താണോ അതാണ്. ഒരു കപ്പൽ തുറമുഖം വിട്ട് തുറന്ന കടലിലേക്ക് പോകണമെങ്കിൽ, അത് അതിസമർത്ഥരായ ജീവനക്കാരുള്ള അത്ഭുതകരമായ നൗകയാണെങ്കിൽപ്പോലും, അതിനെ ഉറപ്പിച്ചുനിർത്തുന്ന അടിഭാരവും നങ്കൂരങ്ങളും ഉയർത്തിയില്ലെങ്കിൽ, അതിന് ഒരിക്കലും പുറപ്പെടാൻ സാധിക്കില്ല. തുറമുഖത്ത് തന്നെ കിടക്കുന്ന ആഡംബര നൗകയായി സ്വയം മാറിയിരിക്കയാണ് ഈ മനുഷ്യൻ.

സൗജന്യത അജ്ഞാതമായവൻ

യേശു വഴിയിലൂടെ നടന്നുപോകുമ്പോൾ, ആ മനുഷ്യൻ അവനെ കാണുന്നതിനായി  ഓടിവന്ന്, അവൻറെ മുമ്പിൽ മുട്ടുകുത്തി, “നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” (മർക്കോസ് 10,17) എന്നു ചോദിക്കുന്നു. "നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം" എന്നീ ക്രിയാപദങ്ങൾ നാം ശ്രദ്ധിക്കുക. ന്യായപ്രമാണത്തിൻറെ ആചരണം അവന് സന്തോഷവും രക്ഷപ്പെടുമെന്ന ഉറപ്പും നൽകാത്തതിനാൽ, അവൻ ഗുരുവായ യേശുവിങ്കലേക്ക് തിരിയുന്നു. ഈ മനുഷ്യന് സൗജന്യതയുടെ സങ്കേതം അറിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം! എല്ലാം കിട്ടാനുള്ളതാണെന്ന് തോന്നുന്നു. എല്ലാം ഒരു കടമയാണ്. അദ്ദേഹത്തിന് നിത്യജീവൻ ഒരു അവകാശമാണ്, കടമകൾ സൂക്ഷ്മമായി പാലിക്കുന്നതിലൂടെ നേടിയെടുക്കുന്ന അവകാശം. പക്ഷേ, തീർച്ചയായും നന്മോന്മുഖമായിട്ടാണെങ്കിലും, ഇപ്രകാരം ജീവിച്ച ഒരു ജീവിതത്തിൽ, സ്നേഹത്തിന് എന്ത് ഇടമാണ് ഉണ്ടാകുക?

ബാഹ്യമായതിനപ്പുറം ഉള്ളം കാണുന്ന യേശു

എല്ലായ്‌പ്പോഴും എന്നപോലെ, യേശു കാഴ്ചയ്ക്കപ്പുറം പോകുന്നു. ഒരു വശത്ത് ഈ മനുഷ്യൻ തൻറെ മികച്ച ജീവിതരേഖ യേശുവിൻറെ മുമ്പാകെ വയ്ക്കുമ്പോൾ, അവിടന്ന് ഒരു പടി കൂടി കടന്ന് ഉള്ളം നോക്കുന്നു. മർക്കോസ് ഉപയോഗിക്കുന്ന ക്രിയ സുപ്രധാനമാണ്: "ഉള്ളിലേക്ക് നോക്കി" (മർക്കോസ് 17,21). യേശു നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലേക്ക് നോക്കുന്നതുകൊണ്ടുതന്നെ അവിടന്ന് നാം യഥാർത്ഥത്തിൽ ആയിരിക്കുന്നതുപോലെ നമ്മെ സ്നേഹിക്കുന്നു. യേശു ഈ ആളുടെ ഉള്ളിൽ യഥാർത്ഥത്തിൽ കണ്ടത് എന്താണ്? നമ്മുടെ അശ്രദ്ധകളും പാപങ്ങളും വകവയ്ക്കാതെ, നമ്മുടെ ഉള്ളിലേക്ക് നോക്കുകയും നമ്മെ സ്നേഹിക്കുകയും ചെയ്യുമ്പോൾ യേശു എന്താണ് കാണുന്നത്? അവൻ നമ്മുടെ ദുർബ്ബലത കാണുന്നു, എന്നാൽ നാം എന്തായിരിക്കുന്നുവോ അപ്രകാരം തന്നെ സ്നേഹിക്കപ്പെടാനുള്ള നമ്മുടെ അഭിവാഞ്ഛയും അവൻ കാണുന്നു.

യോഗ്യതയുടെ യുക്തിക്ക്  വിപരീതമായ സ്നേഹം

അവൻറെ ഉള്ളിലേക്ക് നോക്കിക്കൊണ്ട്, സുവിശേഷം പറയുന്നു, - "അവൻ അവനെ സ്നേഹിച്ചു" (വാക്യം 21). തന്നെ അനുഗമിക്കാൻ ക്ഷണിക്കുന്നതിനു മുമ്പുതന്നെ യേശു ഈ മനുഷ്യനെ സ്നേഹിക്കുന്നു. അവനെ അവൻ ആയിരിക്കുന്നതുപോലെ തന്നെ അവിടന്ന് സ്നേഹിക്കുന്നു. യേശുവിൻറെ സ്നേഹം സൗജന്യമാണ്: ഈ വ്യക്തിയെ ബാധിച്ച യോഗ്യതയുടെ യുക്തിക്ക് നേരെ വിപരീതമാണിത്. ഇങ്ങനെ, സൗജന്യമായി, കൃപയാൽ നമ്മൾ സ്നേഹിക്കപ്പെടുന്നുവെന്ന് തിരിച്ചറിയുമ്പോൾ നാം യഥാർത്ഥത്തിൽ ആനന്ദഭരിതരാകുന്നു. നമ്മുടെ പരസ്പര ബന്ധങ്ങളിലും ഇത് സത്യമാണ്: നമ്മൾ സ്നേഹം വാങ്ങാനോ വാത്സല്യം യാചിക്കാനോ ശ്രമിക്കുകയാണെങ്കിൽ, ആ ബന്ധങ്ങൾ ഒരിക്കലും നമ്മെ സന്തോഷിപ്പിക്കില്ല.

നമ്മുടെ കുറവ് തിരിച്ചറിയുന്ന യേശു

ഈ മനുഷ്യനോട് യേശു നിർദ്ദേശിക്കുന്നത് അവൻറെ ജീവിതരീതിയും ദൈവവുമായി ബന്ധംപുലർത്തുന്ന ശൈലിയും മാറ്റാനാണ്. വാസ്തവത്തിൽ, നമ്മിലെല്ലാവരിലും എന്ന  പോലെ അവനിലും ഒരു കുറവുണ്ടെന്ന് യേശു തിരിച്ചറിയുന്നു. നാം ഹൃദയത്തിൽ പേറുന്ന സ്നേഹിക്കപ്പെടാനുള്ള നമ്മുടെ ആഗ്രഹമാണത്. മനുഷ്യരായ നമുക്ക് ഒരു മുറിവുണ്ട്, സ്നേഹത്തിന് കടന്നുപോകാൻ കഴിയുന്ന മുറിവ്.

നമ്മുടെ ഹൃദയത്തെ ഭാരപ്പെടുത്തുന്നവ വില്ക്കുക

ഈ വിടവ് നികത്താൻ, അംഗീകാരം, വാത്സല്യം, പരിഗണന എന്നിവ "വാങ്ങേണ്ടതില്ല"; പകരം, നമ്മുടെ ഹൃദയത്തെ കൂടുതൽ സ്വതന്ത്രമാക്കുന്നതിന്, നമ്മെ ഭാരപ്പെടുത്തുന്നതെല്ലാം "വിൽക്കേണ്ടതുണ്ട്". എല്ലാം സ്വന്തമാക്കുന്നത് തുടരുന്നതിൽ അർത്ഥമില്ല, പകരം ദരിദ്രർക്ക് കൊടുക്കുക, അവർക്ക് ലഭ്യമാക്കുക, പങ്കുവയ്ക്കുക.

ഒറ്റപ്പെടാതെ യേശുവുമായി ബന്ധം സ്ഥാപിക്കുക

ഒടുവിൽ, യേശു ആ മനുഷ്യനെ തനിച്ചാകാതിരിക്കാൻ ക്ഷണിക്കുന്നു. തന്നെ അനുഗമിക്കാനും, ഒരു ബന്ധത്തിലായിരിക്കാനും, ഒരു ബന്ധം ജീവിക്കാനും അവിടന്ന് അവനെ ക്ഷണിക്കുന്നു. ഈ രീതിയിൽ മാത്രമേ, വാസ്തവത്തിൽ, അജ്ഞാതത്വത്തിൽ നിന്ന് പുറത്തുവരാൻ കഴിയൂ. ഒരു ബന്ധത്തിനുള്ളിൽ, ആരെങ്കിലും നമ്മളെ വിളിക്കുമ്പോൾ മാത്രമേ നമുക്ക് നമ്മുടെ പേര് കേൾക്കാൻ കഴിയൂ. നമ്മൾ ഒറ്റയ്ക്കാണെങ്കിൽ, നമ്മുടെ പേര് പറയുന്നത് ഒരിക്കലും കേൾക്കില്ല, നമ്മൾ "അത്തരം" അജ്ഞാതരായി തുടരും. ഒരുപക്ഷേ ഇന്ന്, സ്വയംപര്യാപ്തതയുടെയും വ്യക്തിവാദത്തിൻറെയും ഒരു സംസ്കാരത്തിൽ ജീവിക്കുന്നതുകൊണ്ടായിരിക്കാം, നമ്മൾ കൂടുതൽ അസന്തുഷ്ടരായി കാണപ്പെടുന്നത്, കാരണം നമ്മെ സൗജന്യമായി സ്നേഹിക്കുന്ന ഒരാൾ നമ്മുടെ പേര് ഉച്ചരിക്കുന്നത് ഒരിക്കലും നമ്മൾ കേൾക്കില്ല.

അടിഭാരങ്ങൾ പ്രതിബന്ധമാകുമ്പോൾ

ഈ മനുഷ്യൻ യേശുവിൻറെ ക്ഷണം സ്വീകരിക്കാതെ ഒറ്റയ്ക്ക് കഴിയുന്നു, കാരണം അവൻറെ ജീവിതഅടിഭാരങ്ങൾ അവനെ തുറമുഖത്ത് തളച്ചിടുന്നു. അയാൾക്ക് പുറപ്പെടാനായില്ല എന്നതിൻറെ സൂചനയാണ് ദുഃഖം. ചിലപ്പോൾ നമ്മൾ അവയെ സമ്പത്താണെന്ന് കരുതുന്നു, എന്നാൽ അവ നമ്മെ തടസ്സപ്പെടുത്തുന്ന വെറും ഭാരങ്ങൾ മാത്രമാണ്. നമ്മളോരോരുത്തരെയും പോലെ ഈ വ്യക്തിയും എത്രയും വേഗം അല്ലെങ്കിൽ പിന്നീട് പരിവർത്തനം ചെയ്ത് യാത്ര ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.

തിരുഹൃദയത്തിന് ഭരമേൽപ്പിക്കുക

സഹോദരീ സഹോദരന്മാരേ, ദുഃഖിതരും അനിശ്ചിതത്വത്തിൽകഴിയുന്നവരുമായ എല്ലാവരെയും നമുക്ക് യേശുവിൻറെ ഹൃദയത്തിന് ഭരമേൽപ്പിക്കാം, അങ്ങനെ നമ്മുടെ ഉള്ളിലേക്ക് ആർദ്രമായി നോക്കുന്ന കർത്താവിൻറെ സ്നേഹനിർഭരമായ നോട്ടം അവർക്ക് അനുഭവപ്പെടട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഏപ്രിൽ 2025, 12:45

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >