പാപ്പാ:ദൈവകരങ്ങളിൽ വിശ്വാസത്തോടെ സ്വയം സമർപ്പിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജൂബിലിവത്സരത്തിൽ നാം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചിരിക്കയാണ്. യേശുനാഥൻറെ ജറുസേലേം പ്രവേശത്തിൻറെ ഓർമ്മയാചരിച്ച ഓശാനത്തിരുന്നാളോടെയാണ് നാം വിശുദ്ധവാരത്തിലേക്കു കടന്നിരിക്കുന്നത്. ഓശാനത്തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് വത്തിക്കാനിൽ മുഖ്യകാർമ്മികത്വം വഹിച്ചത് ഫ്രാൻസീസ് പാപ്പായ്ക്കു പകരം കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രിയായിരുന്നു. ന്യുമോണിയ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാപ്പാ ആശുപത്രിവിട്ടതിനു ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിനായി ചികിത്സയും വിശ്രമവും തുടരുകയാണ്. എന്നിരുന്നാലും പാപ്പാ ഓശാനഞായർ ദിവ്യബലിയുടെ അവസാനം വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ അപ്രതീക്ഷിതമായി എത്തി. ചക്രക്കസരയിൽ ബലിവേദിയിലേക്ക് ആനീതനായ പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന പതിനായിരക്കണക്കിന് വിശ്വാസികളെ അഭിവാദ്യം ചെയ്തു. എല്ലാവർക്കും നല്ല ഓശാനത്തിരുന്നാളും വിശുദ്ധവാരവും ആശംസിച്ചു.
തദ്ദനന്തരം പാപ്പാ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിലിലൂടെ ബസിലിക്കയിൽ പ്രവേശിക്കുകയും അൾത്താരയ്ക്കു മുന്നിലെത്തി അല്പസമയം മൗനപ്രാപ്തനയിൽ ആമഗ്നനാകുകയും ചെയ്തു. തദനന്തരം പാപ്പാ ബസിലിക്കയിൽ ഉണ്ടായിരുന്ന ഏതാനും പേരെ അഭിവാദ്യം ചെയ്തു.
ശ്വാസകോശ രോഗത്തെത്തുടർന്ന് ഫെബ്രുവരി 14-ന് റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിക്കപ്പെടുകയും പിന്നീട് മുപ്പത്തിയെട്ടാം ദിവസം, അതായത്, മാർച്ച് 23-ന് ഞായറാഴ്ച ആശുപത്രി വിടുകയും വത്തിക്കാനിൽ തൻറെ വാസയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ തിരിച്ചെത്തുകയും ചെയ്ത പാപ്പാ ഏപ്രിൽ ആറാം തീയയതി ഞായാറാഴ്ചയും മദ്ധ്യാഹ്നത്തിൽ ചത്വരത്തിൽ എത്തിയിരുന്നു.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതു മുതലിങ്ങോട്ടുള്ള ആഴ്ചകളിലെന്നപോലെ തന്നെ ഈ ഞായാറാഴ്ചയും, അതായത് തുടർച്ചയായി ഒമ്പതാമത്തെ ഞായറാഴ്ചയും പാപ്പാ സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഇപ്പോഴും ഉള്ളതിനാൽ, മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചില്ല. എന്നാൽ പാപ്പാ തയ്യാറാക്കിയിരുന്ന ത്രികാലജപ സന്ദേശം പരിശുദ്ധസിംഹാസനം, മുന്നാഴ്ചകളിൽ ചെയ്തതു പോലെ, പരസ്യപ്പെടുത്തി. ഈ വരമൊഴി സന്ദേശത്തിൽ പാപ്പായുടെ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഓശാന ഞായറാഴ്ച (13/04/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, ലൂക്കായുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന യേശുവിൻറെ പെസഹാ ആചരണം മുതലുള്ള പീഢാനുഭവ വിവരണം ആയിരുന്നു. യേശുവിൻറെ പീഢാനുഭവവുമായി ബന്ധപ്പെട്ട സുവിശേഷവാക്യങ്ങളെ ആധാരമാക്കിയുള്ള തൻറെ ഹ്രസ്വ വിചിന്തനത്തിൽ പാപ്പാ ഇപ്രകാരം പറയുന്നു:
ശാരീരികമായി ബലഹീനൻ, പിതാവിളുള്ള വിശ്വാസത്തിൽ ശക്തൻ
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ഇന്ന്, കുരുത്തോല ഞായറാഴ്ച, നാം ശ്രവിച്ചത് ലൂക്കായുടെ സുവിശേഷമനുസരിച്ചുള്ള കർത്താവിൻറെ പീഡാനുഭവ വിവരണമാണ് (ലൂക്കാ 22:14-23:56 കാണുക). യേശു പിതാവിനോട് ഇങ്ങനെ പ്രാർത്ഥിക്കുന്നത് നാം പലതവണ കേട്ടിട്ടുണ്ട്: "പിതാവേ, അങ്ങേയ്ക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകറ്റേണമേ; എങ്കിലും എൻറെ ഹിതമല്ല, അവിടത്തെ ഹിതം നിറവേറട്ടെ" (ലൂക്കാ 22:42); "പിതാവേ, ഇവരോട് ക്ഷമിക്കണമേ, കാരണം ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല" (ലൂക്കാ 23:34); "പിതാവേ, അങ്ങയുടെ കരങ്ങളിൽ എൻറെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" (23:46). നിസ്സഹായനും അപമാനിതനുമായി, പിതാവിൻറെ കഴുത്തിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന ഒരു കുഞ്ഞിൻറെ വികാരങ്ങളും ഹൃദയവുമായി അവൻ കുരിശിലേക്ക് നടക്കുന്നത് നമ്മൾ കണ്ടു, ദുർബ്ബല ഗാത്രം, എന്നാൽ, പിതാവിൻറെ കരങ്ങൾക്കിടയിൽ, മരണത്തിൽ നിദ്രപ്രാപിക്കുംവരെയുള്ള വിശ്വസപൂർവ്വമായ സമർപ്പണത്തിൽ ശക്തൻ.
നമ്മുടെ വേദനകൾ
ധ്യാനിക്കാനും സ്വന്തമാക്കിത്തീർക്കാനും ആരാധനക്രമം നമ്മെ ക്ഷണിക്കുന്ന വികാരങ്ങളാണിവ. നമുക്കെല്ലാവർക്കും ശാരീരികമോ ധാർമ്മികമോ ആയ വേദനകളുണ്ട്, നിരാശയിൽ നിപതിക്കാതിരിക്കാനും തിക്തതയിൽ സ്വയം ഒതുങ്ങാതിരിക്കാനും, യേശുവിനെപ്പോലെ, പിതാവിൻറെ പരിപാലനാപരവും കരുണാമയവുമായ ആലിംഗനത്താൽ അവയെ നേരിടാനും വിശ്വാസം നമ്മെ സഹായിക്കുന്നു.
പ്രാർത്ഥനകൾക്ക് നന്ദി
സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ പ്രാർത്ഥനകൾക്ക് വളരെ നന്ദി. അവ, ശാരീരിക ബലഹീനതയുടെ ഈ ഘട്ടത്തിൽ, ദൈവത്തിൻറെ സാമീപ്യം, കാരുണ്യം, ആർദ്രത എന്നിവ കൂടുതലായി അനുഭവിച്ചറിയാൻ എന്നെ സഹായിക്കുന്നു. ഞാൻ നിങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു, യാതനകളനുഭവിക്കുന്ന എല്ലാവരെയും, പ്രത്യേകിച്ച് യുദ്ധം, ദാരിദ്ര്യം, പ്രകൃതി ദുരന്തങ്ങൾ എന്നിവയുടെ ആഘാതമേറ്റവരെ കർത്താവിന് ഭരമേൽപ്പിക്കുന്നതിൽ എന്നോടൊന്നു ചേരാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. വിശിഷ്യ, സാന്തൊ ദൊമീംഗൊയിലെ ഒരു ശാല തകർന്നുവീണ ദുരന്തത്തിന് ഇരകളായവരെ ദൈവം അവിടത്തെ സമാധാനത്തിലേക്ക് സ്വാഗതം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങൾക്ക് സാന്ത്വനമേകുകയും ചെയ്യട്ടെ.
സുഡാനുവേണ്ടി അഭ്യർത്ഥന
സുഡാനിൽ ആയിരക്കണക്കിനാളുകൾ മരിക്കുകയും ദശലക്ഷക്കണക്കിന് കുടുംബങ്ങൾ വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയും ചെയ്ത സംഘർഷം ആരംഭിച്ചതിൻറെ ദുഃഖകരമായ രണ്ടാം വാർഷികമാണ് ഏപ്രിൽ 15-ന്. കുട്ടികളുടെയും സ്ത്രീകളുടെയും ദുർബ്ബലരായ ആളുകളുടെയും സഹനങ്ങൾ സ്വർഗ്ഗത്തിലേക്ക് നോക്കി നിലവിളിക്കുകയും പ്രവർത്തനനിരതരാകാൻ നമ്മോട് അപേക്ഷിക്കുകയും ചെയ്യുന്നു. അക്രമം അവസാനിപ്പിക്കാനും സംഭാഷണത്തിൻറെ പാത സ്വീകരിക്കാനും സംഘർഷത്തിലേർപ്പെട്ടിരിക്കുന്നവരോടും ജനങ്ങൾക്ക് അവശ്യ സഹായങ്ങൾ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും ഞാൻ എൻറെ അഭ്യർത്ഥന നവീകരിക്കുന്നു.
യുദ്ധവേദികളായ നാടുകൾക്കു വേണ്ടി പ്രാർത്ഥിക്കുക
അമ്പത് വർഷങ്ങൾക്ക് മുമ്പ് ദാരുണമായ ആഭ്യന്തരയുദ്ധം ആരംഭിച്ച ലെബനനെയും നമുക്ക് ഓർക്കാം: സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കാൻ ദൈവസഹായത്താൽ അന്നാടിന് സാധിക്കട്ടെ. പീഢിത ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ ഒടുവിൽ സമാധാനം സംജാതമാകട്ടെ. വ്യാകുലാംബയായ മറിയം ഈ കൃപ നമുക്ക് നേടിത്തരുകയും, വിശുദ്ധവാരം വിശ്വാസത്തോടെ ജീവിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യട്ടെ. ഈ പ്രാർത്ഥനയോടെയാണ് പാപ്പാ തൻറെ ത്രികാലജപ സന്ദേശം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: