പാപ്പാ:“ദൈവത്തിൻറെ കരസ്പർശം ഞാൻ അനുഭവിക്കുന്നു”!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
“പ്രത്യാശയുടെ തീർത്ഥാടകർ” എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ആഗോളസഭ 2025 ജൂബിലിവത്സരമായി ആചരിക്കയാണല്ലോ. ഈ ആചരണത്തിൻറെ ഭാഗമായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് റോമിൽ എത്തിയ രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ദ്വിദിന ജൂബിലിയാചരണത്തിൻറെ സമാപന ദിവ്യബലി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ അർപ്പിക്കപ്പെട്ട ഏപ്രിൽ 6-ന് ഞായറാഴ്ച ഫ്രാൻസീസ് പാപ്പാ എല്ലാവരുടെയും മനസ്സുകളിൽ ആനന്ദമാരിചൊരിഞ്ഞു. സങ്കീർണ്ണമായ രോഗാനുഭവത്തിലൂടെ കടന്നുപോകുകയും ആരോഗ്യം വീണ്ടെടുക്കുന്നതിനായി ചികിത്സയും വിശ്രമവും തുടരുകയും ചെയ്യുന്ന പാപ്പാ രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലിയാചരണത്തിൽ അപ്രതീക്ഷിതമായി ശാരീരിക സാന്നിധ്യത്താൽ പങ്കുചേർന്നുകൊണ്ട് ആ വേളയെ അനുഗ്രഹീതമാക്കി. വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സുവിശേഷവത്ക്കരണത്തിനായുള്ള വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല മുഖ്യകാർമ്മികനായി അർപ്പിച്ച സാഘോഷമായ സമൂഹ ദിവ്യബലിയുടെ സമാപനാശീർവ്വാദത്തിനു മുമ്പ് പാപ്പാ ബലിവേദിയിലേക്ക് ചക്രക്കസേരയിൽ ആനീതനായി. ശ്വാസകോശ രോഗത്തെത്തുടർന്ന് ഫെബ്രുവരി 14-ന് റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിക്കപ്പെടുകയും പിന്നീട് മുപ്പത്തിയെട്ടാം ദിവസം, അതായത്, മാർച്ച് 23-ന് ഞായറാഴ്ച ആശുപത്രി വിടുകയും വത്തിക്കാനിൽ തൻറെ വാസയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ തിരിച്ചെത്തുകയും ചെയ്ത പാപ്പാ ഇത്രയും നാളുകൾക്കു ശേഷം ആദ്യമായിട്ടാണ് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അങ്ങനെ പലർക്കും പാപ്പായെ അടുത്തുകാണാനുള്ള അവസരം യാദൃശ്ചികമായി ലഭിച്ചു. ദിവ്യബലിയുടെ അവസാന ആശീർവ്വാദം ആർച്ചുബിഷപ്പ് ഫിസിക്കേല്ലയോടൊപ്പം പാപ്പായും നൽകി. രോഗത്തിൻറെ അനന്തരഫലമായി സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിലും പാപ്പാ, പതിഞ്ഞ സ്വരത്തിൽ, എല്ലാവർക്കും നന്ദിയർപ്പിക്കുകയും ശുഭഞായർ ആശംസിക്കുകയും ചെയ്തു. പാപ്പാ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കുമ്പസാരിക്കുകയും പ്രാർത്ഥിക്കുകയും പ്രസ്തുത ബസിലിക്കയുടെ വിശുദ്ധവാതിൽ കടക്കുകയും ചെയ്തു.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതു മുതലിങ്ങോട്ടുള്ള ആഴ്ചകളിലെന്നപോലെ തന്നെ പാപ്പാ ഈ ഞായാറാഴ്ചയും മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചില്ല. എന്നാൽ പാപ്പാ തയ്യാറാക്കിയിരുന്ന ത്രികാലജപ സന്ദേശം പരിശുദ്ധസിംഹാസനം, മുന്നാഴ്ചകളിൽ ചെയ്തതു പോലെ, പരസ്യപ്പെടുത്തി. ഈ വരമൊഴി സന്ദേശത്തിൽ പാപ്പായുടെ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (06/04/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, യോഹന്നാൻറെ സുവിശേഷം 8:1-11 വരെയുള്ള വാക്യങ്ങൾ, അതായത്, ചിലർ ഒരു വ്യഭിചാരിണിയെ യേശുവിൻറെ മുന്നിൽ കൊണ്ടുവന്നു നിറുത്തിക്കൊണ്ട്, ശിക്ഷയായി, മോശയുടെ നിയമമനുസരിച്ച് അവളെ കല്ലെറിയുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിക്കുന്ന രംഗം ആയിരുന്നു. ഈ സുവിശേഷ സംഭവത്തെ ആധാരമാക്കിയുള്ള തൻറെ ഹ്രസ്വ വിചിന്തനത്തിൽ പാപ്പാ ഇപ്രകാരം പറയുന്നു:
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ
പ്രിയ സഹോദരീ സഹോദരന്മാരേ,
നോമ്പുകാലത്തിലെ അഞ്ചാമത്തെതായ ഈ ഞായറാഴ്ചത്തെ സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് ഒരു സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട (യോഹന്നാൻ 8:1-11) സംഭവമാണ്. നിയമജ്ഞരും ഫരിസേയരും അവളെ കല്ലെറിയാൻ ആഗ്രഹിക്കുമ്പോൾ, യേശു ആ സ്ത്രീയുടെ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുത്തുനല്കുന്നു: അവൾ പൂഴിയിൽ നിപതിച്ചു; യേശു ആ പൂഴിയിന്മേൽ വിരലോടിക്കുകയും അവൾക്കായി പുതിയൊരു കഥ രചിക്കുകയും ചെയ്യുന്നു: അത് സ്വന്തം മക്കളെ രക്ഷിക്കുകയും (പുറപ്പാട് 8:15 കാണുക) തിന്മയിൽ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുന്ന "ദൈവത്തിൻറെ വിരൽ" ആണ് (ലൂക്കാ 11:20 കാണുക).
ദൈവത്തിൻറെ കരലാളന അനുഭവിച്ചറിയുന്നു
പ്രിയമുള്ളവരേ, ആശുപത്രിയിലായിരുന്നപ്പോഴെന്നപോലെ, ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന വേളയിലും ഞാൻ "ദൈവത്തിൻറെ കരസ്പർശം" അനുഭവിക്കുന്നു, അവൻറെ കരുതലാർന്ന ലാളന ഞാൻ അനുഭവിക്കുന്നു. അവൻറെ ഈ സ്നേഹസ്പർശം യാതനകളനുഭവിക്കുന്നവരിൽ എത്തിച്ചേരുകയും അവരെ പരിപാലിക്കുന്നവർക്ക് പ്രചോദനം പകരുകയും ചെയ്യട്ടെയെന്ന് രോഗികളുടെയും ആരോഗ്യസേവന ലോകത്തിൻറെയും ജൂബിലി ദിനത്തിൽ, കർത്താവിനോട് ഞാൻ പ്രാർത്ഥിക്കുന്നു. ജോലി ചെയ്യാൻ എല്ലായ്പ്പോഴും അനുകൂല സാഹചര്യങ്ങൾ ലഭിക്കാത്തവരും, ചിലപ്പോൾ അക്രമങ്ങൾക്ക് ഇരകളാകേണ്ടിവരുന്നവരുമായ ഭിഷഗ്വരന്മാർക്കും രോഗീപരിചാരകർക്കും (നഴ്‌സുമാർ) ആരോഗ്യ പ്രവർത്തകർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അവരുടെ ദൗത്യം എളുപ്പമുള്ളതല്ല, അവരെ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും വേണം. ഏറ്റവും ദുർബ്ബലരും ദരിദ്രരുമായവരെ ഉൾക്കൊള്ളുന്നതും അവരെ ശ്രദ്ധിക്കുന്നതുമായ ആരോഗ്യ സംവിധാനങ്ങൾ ഉറപ്പുവരുത്തുതിന് ആവശ്യമായ വിഭവങ്ങൾ പരിചരണത്തിനും ഗവേഷണത്തിനും വേണ്ടി നിക്ഷേപിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
റെബീബിയയിലെ വനിതാ ജയിലിലെ തടവുകാർ എനിക്ക് അയച്ച കുറിപ്പിന് ഞാൻ നന്ദി പറയുന്നു. അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
ലോക കായികവിനോദ ദിനം - കായികവിനോദം പ്രതീക്ഷയുടെ അടയാളം
സമാധാനവും സാമൂഹികാശ്ലേഷവും ആവശ്യമുള്ള നിരവധി ആളുകൾക്ക് കായികവിനോദം പ്രതീക്ഷയുടെ അടയാളമായി ഭവിക്കട്ടെയെന്ന് ഞാൻ സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ലോക കായികവിനോദ ദിനത്തിൽ, ആശംസിക്കുകയും സാഹോദര്യത്തെക്കുറിച്ച് സമൂർത്ത ബോധവൽക്കരണം നടത്തുന്ന കായികവിനോദ സംഘടനകൾക്ക് നന്ദി പറയുകയും ചെയ്യുന്നു.
സമാധാനത്തിനായുള്ള പ്രാർത്ഥന നമുക്ക് തുടരാം
കുട്ടികൾ ഉൾപ്പെടെ നിരവധി പൗരന്മാരുടെ മരണത്തിന് കാരണമാകുന്ന ആക്രമണങ്ങളുടെ ആഘാതമേറ്റ പീഡിത ഉക്രൈയിനിൽ സമാധാനം ഉണ്ടാകുന്നതിനായുള്ള പ്രാർത്ഥന നമുക്കു തുടരാം. ഗാസയിലും ഇതുതന്നെ സംഭവിക്കുന്നു, അവിടെ ആളുകൾ പാർപ്പിടമില്ലാതെ, ഭക്ഷണമില്ലാതെ, ശുദ്ധജലമില്ലാതെ, അചിന്തനീയമായ സാഹചര്യങ്ങളിൽ, ജീവിക്കാൻ നിർബന്ധിതരായിരിക്കുന്നു. ആയുധങ്ങൾ നിശബ്ദമാകട്ടെ, സംഭാഷണം പുനരാരംഭിക്കപ്പടട്ടെ; എല്ലാ ബന്ദികളും വിട്ടയക്കപ്പെടണം, ജനങ്ങൾക്ക് സഹായം ലഭിക്കണം. മദ്ധ്യപൂർവ്വദേശത്താകമാനം സമാധാനം പുലരുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം; സുഡാനിലും ദക്ഷിണ സുഡാനിലും കോംഗോ പ്രജാധിപത്യ റിപ്പബ്ലിക്കിലും ഭൂകമ്പത്താലും കഠിനമായി പരീക്ഷിക്കപ്പെട്ടിരിക്കുന്ന മ്യന്മാറിലും എതാനും ദിവസങ്ങൾക്ക് മുമ്പ് രണ്ട് കന്യാസ്ത്രീകൾ വധിക്കപ്പെട്ട, അക്രമം കൊടുമ്പിരികൊണ്ടിരിക്കുന്ന ഹെയ്റ്റിയിലും സമാധാനം ഉണ്ടാകട്ടെ. കന്യകാമറിയം നമ്മെ സംരക്ഷിക്കുകയും നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യട്ടെ.
ഈ പ്രാർത്ഥനയോടെയാണ് പാപ്പാ തൻറെ ത്രികാലജപ സന്ദേശം ഉപസംഹരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: